തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിനെക്കുറിച്ച് ബിഎല്‍ഒയോട് സംസാരിച്ചുനിന്ന വഞ്ചിയൂര്‍ സ്വദേശി സുനിലിനെ മുന്‍കൗണ്‍സിലറും സിപിഎം നേതാവുമായ വഞ്ചിയൂര്‍ പി.ബാബു ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി വഞ്ചിയൂര്‍ വാര്‍ഡില്‍ താമസിക്കുന്ന സുനിലിനെയാണ് ബാബു ക്രൂരമായി മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്.
സുനിലിന്റെ മക്കളായ വിഷ്ണു, വിശാഖ് എന്നിവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. കരട് ലിസ്റ്റില്‍ പേരുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നതാണ്. എന്നാല്‍ വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് അന്തിമ ലിസ്റ്റില്‍ പേര് ഇല്ലെന്നറിയുന്നത്. ഇക്കാര്യം ബിഎല്‍ഒയോട് സംസാരിച്ചുകൊണ്ട് നില്‍ക്കെവേയാണ് ബാബുവും കൂട്ടരുമെത്തി സുനിലിനെ മര്‍ദ്ദിച്ചത്. ബാബുവിനെതിരെ വഞ്ചിയൂര്‍ പോലീസില്‍ സുനില്‍ പരാതി നല്‍കി.
സുനിലിനും ഭാര്യ ശോഭലതയ്‌ക്കും മകന്‍ വിഷ്ണുവിന്റെ ഭാര്യ രാജലക്ഷ്മിക്കും വഞ്ചിയൂര്‍ വാര്‍ഡിലെ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയിലെ 53-ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. മക്കളായ വിഷ്ണുവും വിശാഖും സെന്റ് ജോസഫ് സ്‌കൂളിലെ 57-ാം നമ്പര്‍ ബൂത്തിലാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തത്. ഇത്തവണ ബിഎല്‍ഒ മനപ്പൂര്‍വ്വം തന്റെ മക്കളുടെ പേര് ഒഴിവാക്കിയെന്നാണ് സുനില്‍ പറയുന്നത്. ഇതിനു പിന്നില്‍ സിപിഎം നേതാവായ ബാബുവിന്റെ കൈകള്‍ ഉണ്ടെന്നും സുനില്‍ പറയുന്നു.
മുമ്പും സമാന രീതിയീല്‍ ബാബു സുനിലിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. സുനിലിന്റെ ഭാര്യ ശോഭലത സിപിഎം പ്രവര്‍ത്തകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അവര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സുനിലും ശോഭലതയും മക്കളും സജീവ ബിജെപി പ്രവര്‍ത്തകരായതിലുള്ള വിരോധം മൂലമാണ് ബാബു നിരന്തരമായി തന്നെയേയും കുടുംബത്തേയും ദ്രോഹിക്കുന്നതെന്നാണ് സുനില്‍ പറയുന്നത്.
ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തന്റെ മക്കളുടെ വോട്ടവകാശം ഇല്ലാതാക്കിയ ബിഎല്‍ഒയ്‌ക്കെതിരെ ശിക്ഷണ നടപടുകള്‍ സ്വീകരിക്കണമെന്നുമാണ് സുനിലിന്റെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: