കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ സിദ്ധാന്തപ്രകാരമാണെങ്കില് സിപിഎമ്മില്‍ എല്ലാവരും തന്നെ പാപികളായി! പാപിയ്ക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകും എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ സിദ്ധാന്തം. പാര്‍ട്ടി വിട്ടുപോകാന്‍ ആലോചന നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്, ദല്ലാള്‍ നന്ദകുമാര്‍ എന്ന പാപിയോടു കൂട്ടുകൂടിയതോടെ പാപിയായി തീര്‍ന്നുവെന്നാണ് പിണറായി കണ്ടെത്തിയത്. അതോടെ ‘ഇപി’ പാപിയുമായുള്ള സര്‍വ്വ കൂട്ടുകെട്ടുകളും പാര്‍ട്ടി അവസാനിപ്പിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നുവരെ നീക്കുമെന്നും കുറേ നിഷ്കളങ്കര്‍ ചിന്തിച്ചു.
ജയരാജന്റെ പാപമോചനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റ് യോഗം പക്ഷേ ഈ പാപിയോട് ക്ഷമിക്കാനാണ് തീരുമാനിച്ചത്. അതായത് ദല്ലാള്‍ നന്ദകുമാര്‍ എന്ന പാപിയുമായി കൂട്ടുകൂടിയതു വഴി പാപിയായിത്തീര്‍ന്ന ഇ.പി ജയരാജനുമായുള്ള കൂട്ടുകെട്ട് തുടരാന്‍ തന്നെ സിപിഎം തീരുമാനിച്ചു. പുലയുള്ളവരെ തൊട്ട് പുലയേല്ക്കുക എന്നു പറയുന്നതുപോലെ ജയരാജന് എന്ന പാപിയെ തൊട്ട് സിപിഎമ്മിലെ എല്ലാവരും അങ്ങിനെ പാപികളായിട്ടുണ്ടാകണം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം മാത്രമല്ല ജയരാജന്. സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കണ്‍വീനര്‍ കൂടിയാണ്. ഈ പാപിയോട് കൂട്ടുകൂടിയാല്‍ തങ്ങളും പാപികളായി പോകുമോ എന്നാണ് ഇപ്പോള്‍ ഘടകകക്ഷികളുടെ പേടി. സിപിഐ ഏതായാലും ഈ പാപിയോട് അത്രയ്ക്കങ്ങ് ക്ഷമിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: