കെഎസ്ആര്‍ടിസി ബസ് വഴിയില്‍ തടഞ്ഞിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിനുമെതിരെ പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത പോലീസ് നടപടി അങ്ങേയറ്റം നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണ്. അതേസമയം മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും താല്‍ക്കാലിക ജീവനക്കാരനായ ആ യുവാവിനെ ജോലിയില്‍നിന്ന് നീക്കിനിര്‍ത്തുകയും ചെയ്തിരിക്കുന്നു. മേയര്‍ പറയുന്നതു മാത്രം കേട്ട് ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും, അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമേ നടപടി ഉണ്ടാവൂ എന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞതിന് വിരുദ്ധമാണ് ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. സംഭവം വിവാദമായതിനു പിന്നാലെ സിപിഎം നേതൃത്വം പറഞ്ഞത് മേയര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്. ഡ്രൈവറുടെ പരാതിയെക്കാള്‍ മേയറുടെ ധാര്‍ഷ്ട്യത്തെയും സിപിഎമ്മിന്റെ നിലപാടിനെയുമാണ് പോലീസ് മുഖവിലക്കെടുത്തിരിക്കുന്നത്. പരാതി ഉണ്ടായിട്ടും മേയര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോലീസ് മറുപടി പറയുന്നില്ല. മേയര്‍ കുറ്റക്കാരിയല്ലെന്ന മട്ടിലാണ് പോലീസ്. ഇതു പറയേണ്ടത് പോലീസ് അല്ല, കോടതിയാണ്. പരാതി ലഭിച്ച സ്ഥിതിക്ക് മേയര്‍ക്കെതിരെ കേസെടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.
തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ്സിനു പിന്നാലെ അതിവേഗം പാഞ്ഞു വന്ന മേയറുടെ സ്വകാര്യവാഹനം ബസ്സിനെ മറികടക്കുകയായിരുന്നു. മത്സരിച്ചോടിയ മേയറുടെ വാഹനം പാളയം ട്രാഫിക് സിഗ്നലിനു മുന്നില്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞത്. തന്റെ കാര്‍ റോഡിനു കുറുകെയിട്ടിട്ടില്ലെന്ന് മേയര്‍ പറഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നു. കാറില്‍ നിന്നിറങ്ങിയ മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറുമായി വഴക്കുണ്ടാക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭ്യമാണ്. ബസ്സിലെ യാത്രക്കാരുടെ മൊഴിയനുസരിച്ചും ഡ്രൈവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഡ്രൈവര്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ പരിശോധിച്ച പോലീസ് അയാള്‍ ലഹരി വസ്തു ഉപയോഗിച്ചതായി പറയുന്നില്ല. അശ്ലീല ആംഗ്യം കാണിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിയുന്നുമില്ല. തെറ്റ് തന്റെ ഭാഗത്താണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഡ്രൈവറെ കുടുക്കാന്‍ മേയര്‍ മനപൂര്‍വ്വം ഒരു കള്ളക്കഥ മെനഞ്ഞതാണെന്നു വേണം വിശ്വസിക്കാന്‍. ഡ്രൈവര്‍ക്കെതിരെ മേയറും കൂട്ടാളികളും ഉന്നയിച്ച ആരോപണങ്ങള്‍ ബസ്സിലെ യാത്രക്കാരും ശരിവയ്ക്കുന്നില്ല. മാത്രമല്ല ബസ്സില്‍ കയറിച്ചെന്ന് എംഎല്‍എയും ഭര്‍ത്താവുമായ സച്ചിന് ദേവ് യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ഇത് നിയമവിരുദ്ധമാണ്. ഇതിനുള്ള അധികാരം എംഎല്‍എക്കില്ല.
മേയറും ഭര്‍ത്താവും തങ്ങളുടെ അധികാരത്തിന്റെ ബലത്തില്‍ നടുറോഡില്‍ തനി ഗുണ്ടായിസം കാണിക്കുകയാണ് ചെയ്തത്. തങ്ങളുടെ വാഹനത്തെ ആരും മറികടക്കാന്‍ പാടില്ലെന്ന അഹന്തയാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഒരു കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ അധികാരത്തിന്റെ ഹുങ്ക് കാണിക്കുകയാണ് മേയര്‍ ചെയ്തത്. ഇത് ആദ്യമായല്ല ഈ മേയറുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേഷനില്‍ തന്റെ പാര്‍ട്ടിയുടെ ലിസ്റ്റനുസരിച്ച് ജീവനക്കാരെ നിയമിച്ചതിനെതിരെ പ്രതിപക്ഷം നടത്തിയ രാപകല്‍ സമരത്തിനിടെ നിന്ദ്യമായ പെരുമാറ്റമാണ് മേയറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സമരം ചെയ്യുന്നവരെ ചവിട്ടിക്കടന്നു പോവുകയായിരുന്നു അവര്‍. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവവുമുണ്ട്. ഇങ്ങനെയൊക്കെയുള്ള നിയമവിരുദ്ധവും ഏകാധിപത്യപരവുമായ ചെയ്തികളെ മേയറുടെ പാര്‍ട്ടി സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാണ് ചെയ്തിട്ടുള്ളത്. ഇത് മേയറുടെ അഹങ്കാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിന്റെ നഗ്നമായ പ്രകടനമാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ക്കെതിരെ അതിക്രമം കാണിക്കുന്നതില്‍ എത്തിനില്‍ക്കുന്നത്. സിപിഎമ്മുകാര്‍ കാണിക്കുന്ന ഏത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നയം. സിപിഎമ്മുകാര്‍ അല്ലാത്തവര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതുവഴി രണ്ടുതരം പൗരന്മാര് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മേയറുടെ അതിക്രമത്തിനിരയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നീതി ലഭിക്കുകയും, നിയമം അനുശാസിക്കുന്ന നടപടികള്‍ മേയര്‍ക്കെതിരെ ഉണ്ടാവുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: