തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പു കേസില്‍ ഇനി ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും കണക്കുകള്‍ ഇനി ഒന്നും കൊടുക്കാനില്ലെന്നും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. ഇന്ന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരുന്നു. ഇന്ന് മേയ് ദിനമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് വര്‍ഗീസ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം മറ്റൊന്നും പറയാനില്ല. ഇനി വേണമെങ്കില്‍ അറസ്റ്റ് ചെയ്തോട്ടെ എന്നാണ് എം.എം. വര്‍ഗീസിന്റെ നിലപാട്.
എന്നാല്‍ അന്വേഷണവുമായി വര്‍ഗീസ് സഹകരിക്കുന്നില്ലെന്ന് ഇ ഡി വ്യക്തമാക്കി. ജില്ലയിലെ സിപിഎമ്മിന്റെ ആസ്തി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും വര്‍ഗീസ് തയാറായിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ സ്വത്ത് വിവരങ്ങള്‍ പോലും പൂര്‍ണമായും നല്‍കിയിട്ടില്ല. രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും നിഷേധ രൂപത്തിലുള്ള മറുപടിയാണ് വര്‍ഗീസ് കഴിഞ്ഞ ദിവസം നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്ന സമീപനമാണ് വര്‍ഗീസ് സ്വീകരിച്ചത്. നിങ്ങള്‍ തുടര്‍ച്ചയായി വിളിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ഇനി വരാനാകില്ലെന്നും വര്‍ഗീസ് പറഞ്ഞു.
ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും കൈമാറാന്‍ കഴിയാത്തതുകൊണ്ടാണ് ഹാജരാകാന്‍ മടിക്കുന്നതെന്നാണ് സൂചന. കണക്കുകള്‍ ഹാജരാക്കേണ്ടി വന്നാല്‍ അത് പുതിയ നിയമക്കുരുക്കുകളിലേക്ക് വഴിതെളിക്കും. ഇത് ഭയന്നാണ് അന്വേഷണവുമായി സഹകരിക്കാത്തത്. സിപിഎം സംസ്ഥാന നേതൃത്വവും അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: