ഡോര്‍ട്ട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്ന് ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്നും(പിഎസ്ജി) ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മില്‍ ഏറ്റുമുട്ടും. ആദ്യപാദസെമിയില്‍ ഡോര്‍ട്ട്മുണ്ടിന്റെ തട്ടകമായ വെസ്റ്റ്ഫാലെന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഫ്രഞ്ച് ലിഗ് വണ്‍ ജേതാക്കളായതിന്റെ ആവേശത്തിലാണ് പിഎസ്ജി. സീസണ് അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാനിരിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്ക് ഇത്തവണ അവസാന അവസരമാണ്. അടുത്ത സീസണില്‍ താരം മിക്കവാറും മറ്റൊരു ക്ലബ്ബിലായിരിക്കും കളിക്കുകയെന്ന് ഉറപ്പായികഴിഞ്ഞു. ക്വാര്‍ട്ടറില്‍ സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സിലോണയെ തകര്‍ത്താണ് പിഎസ്ജിയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ബാഴ്സയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ കിലിയന്‍ എംബപ്പെ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ അവര്‍ പകരം വീട്ടി. 4-1ന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. മൊത്തം ഗോള്‍ നേട്ടം 6-4ന് മുന്നിലെത്തി പിഎസ്ജി സെമി ബെര്‍ത്ത് ഉറപ്പാക്കുകയായിരുന്നു. രണ്ടാംപാദ സെമിയില്‍ എംബപ്പെയ്ക്ക് പുറമെ ഉസ്മാന് ഡെംബേലയും വിതീഞ്ഞയും പിഎസ്ജിക്കായി സ്കോര്‍ ചെയ്തു.
സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ ക്വാര്‍ട്ടറില്‍ തകര്‍ത്താണ് ഡോര്‍ട്ട്മുണ്ടിന്റെ സെമി പ്രവേശം. അത്ലറ്റിക്കോയുടെ മൈതാനത്ത് ആദ്യ പാദ സെമിയില്‍ ഡോര്‍ട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ത്ത് തോറ്റിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ പോരാട്ടത്തില്‍ അത്ലറ്റിക്കോയെ രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ട് ഡോര്‍ട്ട്മുണ്ട് മുന്നിലെത്തി. മൊത്തം ഗോള്‍ നേട്ടം 5-4ന് ജയിച്ചാണ് ഡോര്‍ട്ട്മുണ്ട് മുന്നേറിയത്. അടുത്ത ചൊവ്വാഴ്ച പിഎസ്ജിയുടെ മൈതാനത്താണ് ഇരുടീമുകളും തമ്മിലുള്ള രണ്ടാംപാദ സെമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: