കൊല്ലം: സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് വരെ ഉച്ചഭക്ഷണം നല്കിയ ശേഷം മിച്ചം വന്ന അരി വേനലവധിക്കാലമായതിനാല്‍ സ്കൂളുകളില്‍ കെട്ടിക്കിടക്കുന്നു. ഓരോ സ്കൂളുകളിലും 50 മുതല്‍ 100 വരെ കിലോ അരിയാണ് മിച്ചമുള്ളത്. സംസ്ഥാനത്ത് അയ്യായിരത്തോളം സ്കൂളുകളിലായി ഏകദേശം മൂന്നുലക്ഷത്തില്പരം കിലോ അരിയാണ് കെട്ടിക്കിടക്കുന്നത്.
ചാക്കുകളില്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന അരി നശിച്ചാല്‍ ഉത്തരവാദിത്വം സ്കൂള്‍ പ്രഥമ അധ്യാപകര്‍ക്കാണ്. ഇതിന്റെ പണം പ്രഥമാധ്യാപകരില്‍ നിന്ന് ഈടാക്കും. കുട്ടികള്‍ക്ക് നല്‍കാനായി പോഷക സമ്പുഷ്ടമാക്കിയിരിക്കുന്നതിനാല് അരി കേടാകാന്‍ സാധ്യത കൂടുതലാണെന്നും സ്കൂള്‍ തുറക്കുമ്പോഴേക്കും ഭൂരിഭാഗം അരിയും ഉപയോഗ ശൂന്യമാകുമെന്നും പ്രഥമാധ്യാപകര്‍ പറയുന്നു.
മിച്ചം വന്ന അരി തിരികെ എടുത്ത് മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യണമെന്നും സ്കൂള്‍ തുറക്കുമ്പോള്‍ അതേ തൂക്കത്തില്‍ പുതിയ അരി എത്തിക്കണമെന്നുമുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല. ഇതോടെ പ്രഥമ അധ്യാപകര്‍ വെട്ടിലായിരിക്കുകയാണ്.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ബാധ്യതയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നത് പ്രഥമാധ്യാപകരുടെ നിരന്തര ആവശ്യമാണ്. ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ഫണ്ടു ലഭിക്കാന്‍ വൈകിയാല്‍ പണം കണ്ടെത്തേണ്ട ചുമതല പ്രഥമ അധ്യാപകര്‍ക്കാണ്. ഇതിനായി സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പല സ്കൂളുകളിലും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ആരെങ്കിലും ക്രമക്കേട് നടത്തിയാലും പ്രഥമാധ്യാപകര്‍ കുടുങ്ങും. സസ്പെന്ഷന്, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തടയല്‍ തുടങ്ങിയ നടപടികള്‍ നേരിടേണ്ടിവരും. ഉച്ചഭക്ഷണം വലിയ സാമ്പത്തിക ബാധ്യതയാണെന്ന് പ്രഥമാധ്യാപകര്‍ പറയുന്നു. കോടതിയുടെ അനുകൂല ഇടപെടലാണ് പലപ്പോഴും ആശ്വസം. വിശ്രമ ജീവിതം നയിക്കേണ്ട സമയത്ത് നിരവധി അധ്യാപകരാണ് ഉച്ചഭക്ഷണത്തിന്റെ പേരിലുണ്ടായ നടപടികളില്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നതെന്നും പ്രഥമ അധ്യാപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: