ഇന്ന് ഉച്ചതിരിഞ്ഞ് 3 മണി 40 മിനുട്ടിന് വ്യാഴം ആഗ്നേയരാശിയായ മേടത്തില് നിന്ന് ഭൂമിരാശിയായ ഇടവത്തിലേക്ക് മാറുന്നു. 2025 മേയ് 15 പുലര്‍ച്ചേ 3 മണി 26 മിനുട്ട് വരെ വ്യാഴം ഇടവത്തില്‍ തുടരും. വ്യാഴത്തിന്റെ മാറ്റം മേടം മുതല്‍ മീനം വരെ 12 കൂറുകാരുടെയും ഫലാനുഭവങ്ങളില്‍ മാറ്റം വരുത്തും. വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ഉണ്ടാവുന്ന താല്ക്കാലികാനുഭവങ്ങളെ ചാരഫലം (ഗ്രഹസഞ്ചാരഫലം) എന്നാണ് പറയുക.
ഇടവം ശുക്രക്ഷേത്രമാണ്. ദേവഗുരുവായ വ്യാഴം അസുരഗുരുവായ ശുക്രന്റെ ക്ഷേത്രത്തിലേക്കു മാറുന്നത് ഗുരുവിനെ പൊതുവേ ബലഹീനനാക്കുകയാണ് ചെയ്യുക. അതിനാല്‍ ചാരവശാല്‍ കിട്ടേണ്ടതായ ഗുണഫലങ്ങളില്‍ കുറവും ദോഷഫലങ്ങളില്‍ ആധിക്യവും അനുഭവപ്പെടും. വാഹനങ്ങള്‍, നാല്ക്കാലികള് എന്നിവയാല്‍ ജീവിതച്ചെലവ് കണ്ടെത്തുന്നവര്‍ക്ക് മാറ്റം അനുകൂലമല്ല. അസുഖങ്ങളാലും ആയുധങ്ങളാലുമുള്ള മരണങ്ങള് ഭൂഖണ്ഡാന്തരഭേദമെന്യേ കൂടുന്നതിനും ഈ മാറ്റം ഇടയാക്കും.
മേടക്കൂറുകാര്‍ക്ക്(അശ്വതി, ഭരണി, കാര്‍ത്തിക പ്രഥമപാദം) വ്യാഴം രണ്ടിലേക്കു മാറുകയാല്‍ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാ, വ്യാപാര, തൊഴില്‍ പുരോഗതി, വിദേശയാത്ര, യുവാക്കള്‍ക്കു വിവാഹം, സന്താനലാഭം തുടങ്ങിയ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം.
ഇടവക്കൂറുകാര്‍ക്ക്(കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി) വ്യാഴം ഒന്നിലേക്കു മാറുന്നതിനാല്‍ ധനനഷ്ടം, ഗൃഹമാറ്റം, യാത്രാദുരിതം, മനോവിഷമം ഇങ്ങനെ ദോഷാനുഭവങ്ങള്ക്കാണ് സാധ്യത കൂടുതല്‍. ഈ കൂറുകാര്‍ വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മിഥുനക്കൂറുകാര്‍ക്ക് (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍) വ്യാഴമാറ്റം പന്ത്രണ്ടിലേക്കാണ്. പലപ്രകാരത്തിലും അമിതച്ചെലവുകള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വന്നുപെടും. മനസ്വസ്ഥത കുറയും. ധനനഷ്ടം സൂചിതമാകുന്നുണ്ടെങ്കിലും ഭൂമിയോ കെട്ടിടങ്ങളോ വാങ്ങുന്നതു പോലെ ഭാവിയില്‍ ഗുണപ്രദമാകുന്ന ചില കാര്യങ്ങള്‍ക്കു വേണ്ടിയുമാകാം അത്.
കര്‍ക്കടകക്കൂറുകാര്‍ക്ക് (പുണര്‍തം കാല്, പൂയം, ആയില്യം) വ്യാഴം പതിനൊന്നിലേക്കു മാറുന്നത് അതീവ ഗുണകരമാണ്. വസ്തു, വാഹന, ധന, ലാഭം, വിദ്യാവിജയം, പദവിയില്‍ ഉയര്‍ച്ച, പ്രതിബന്ധങ്ങള്‍ നീങ്ങി ലക്ഷ്യസാക്ഷാത്കാരം, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം.
ചിങ്ങക്കൂറുകാര്‍ക്ക് (മകം, പൂരം, ഉത്രം കാല്) വ്യാഴമാറ്റം പത്തിലേക്ക് ആയതിനാല്‍ പൊതുവേ പ്രതികൂല ഫലങ്ങള്‍ക്കാവും മുന്‍തൂക്കം. ജോലിസ്ഥലത്തു പലവിധ പ്രതിസന്ധികള്‍, പരീക്ഷകളില്‍ പ്രയത്നത്തിനനുസരിച്ചുള്ള ഫലം ലഭിക്കാതെ വരിക, മിത്രങ്ങള്‍ ശത്രുക്കളാവുക, വയോജനങ്ങള്‍ക്ക് രോഗദുരിതം ഇവയൊക്കെ പ്രതീക്ഷിക്കാം. ഈ കൂറുകാരും വാഹനം കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
കന്നിക്കൂറുകാര്‍ക്ക് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി) വ്യാഴം മാറുന്നത് ഭാഗ്യഭാവത്തിലേക്കാണ്. ഭാഗ്യവര്ധനവ്, സന്താനസുഖം, പിതൃപ്രീതി, ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം ഇങ്ങനെ ഗുണാനുഭവങ്ങള്‍ പലതുമുണ്ടാകാം. എങ്കിലും പൊതുവില്‍ എല്ലാ കാര്യങ്ങളേയും തണുപ്പന്മട്ടില് സമീപിക്കാനാവും തോന്നുക.
തുലാക്കൂറുകാര്‍ക്ക് (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം മുക്കാല്‍) വ്യാഴം അനിഷ്ടസ്ഥാനമായ അഷ്ടമത്തിലേക്കാണ് മാറുന്നതെന്നതിനാല് പൊതുവേ കാര്യതടസങ്ങള്‍ കരുതിയിരിക്കണം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ മരുന്നും വ്യായാമവും മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ഏതു രംഗത്തും ശത്രുശല്യം ഉണ്ടാവാം.
വൃശ്ചികക്കൂറുകാര്‍ക്ക് (വിശാഖം കാല്, അനിഴം, തൃക്കേട്ട) വ്യാഴമാറ്റം ഏഴിലേക്കാകയാല് ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ആഗ്രഹിക്കുംവിധം വിജയത്തില്‍ എത്തിക്കാനാ
വും. നിയമ നടപടികളില്‍ അനുകൂല തീരുമാനം, രോഗികള്‍ക്ക് ആശ്വാസം, പലപ്രകാരത്തിലും സുഖാനുഭങ്ങള്‍ ഇവയൊക്കെ പ്രതീക്ഷിക്കാം. എങ്കിലും സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവാതെ ഇരിക്കാന്‍ അതതു സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തുകൊള്ളണം.
ധനുക്കൂറുകാര്‍ക്ക്(മൂലം, പൂരാടം, ഉത്രാടം കാല്) വ്യാഴം ആറിലേക്കു മാറുന്നതിനാല്‍ പലേ രംഗത്തും അപ്രതീക്ഷിത കാര്യങ്ങള്‍ വന്നു പെടാം. നിയമനടപടികള്‍ അനുകൂലമാകാന്‍ സാധ്യത കുറവായിരിക്കും. ബന്ധുക്കള്‍ ശത്രുക്കളാവുക, മിത്രങ്ങള്‍ അകന്നുമാറുക, അമിതച്ചെലവുകള്‍ വന്നുപെടുക, ആരോഗ്യം മോശമാവുക ഇവയൊക്കെ പ്രതീക്ഷിക്കണം. എങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങളില്‍ അറിയാത്ത ചിലരില്‍ നിന്നുപോലും സഹായമുണ്ടായേക്കാം.
മകരക്കൂറുകാര്‍ക്ക് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി) വ്യാഴം അഞ്ചിലേക്കു മാറുന്നതു ഗുണദോഷസമ്മിശ്ര ഫലങ്ങളെ നല്‍കും. വിവാഹ, സന്താനലാഭ വിഷയങ്ങളില്‍ പ്രതിബന്ധം നേരിട്ടിരുന്നവര്‍ക്ക് ആഗ്രഹസാധ്യത്തിന് അവസരമൊരുങ്ങും. സാമ്പത്തികമെച്ചങ്ങള്‍ പ്രതീക്ഷിക്കാം. ഉറച്ചനിലപാടുകള്‍ പ്രവര്‍ത്തന മേഖലയില്‍ വിജയം സമ്മാനിക്കും. എങ്കിലും തെറ്റായ കൂട്ടുകെട്ടുകളില്‍ പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കുംഭക്കൂറുകാര്‍ക്ക് (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍) വ്യാഴം നാലിലേയ്ക്കു മാറുന്നതിനാല്‍ നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കല്‍, കുടുംബത്തില്‍ മെച്ചപ്പെട്ട ചില അനുഭവങ്ങള്‍, എങ്കിലും ശത്രുശല്യവും അതുമൂലം മനോവിഷമതകളും ഉണ്ടാകാം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണം. ആത്മമിത്രങ്ങളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുപോലും ഒട്ടൊരു അകലം പാലിക്കുന്നത് അഭികാമ്യമായിരിക്കും.
മീനക്കൂറുകാര്‍ക്ക് (പൂരുരുട്ടാതി കാല്, ഉത്തൃട്ടാതി, രേവതി) വ്യാഴം മൂന്നിലേക്കാണു മാറുന്നതെന്നതിനാല് ഐശ്വര്യവും അനുഭവഗുണവും പ്രതീക്ഷിക്കാം. ജോലിയില്‍ തടസ്സങ്ങളോ തിരിച്ചടികളോ വരാം. തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ട സമയമാണ്. ഇഷ്ടജന വിയോഗത്തിനും സാധ്യതയുണ്ട്. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമായേക്കും. സഹോദരങ്ങള്‍ തമ്മില്‍ ഭിന്നത വരാതെ നോക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: