ധാരാശിവ്(മഹാരാഷ്ട്ര): തെരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായ കോണ്‍ഗ്രസും കൂട്ടാളികളും നുണവീഡിയോകള് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അവരുടെ ‘സ്നേഹത്തിന്റെ കട’യില്‍ വില്ക്കാന് എഐ ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്, മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ധാരാശിവില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
അവര്‍ മോദിയെ അസഭ്യം പറയുന്ന തിരക്കിലാണ്. എല്ലാ ദിവസവും ഇതുതന്നെയാണ് അവരുടെ പണി. അതിന് പച്ചക്കള്ളങ്ങള്‍ നിറഞ്ഞ ആരോപണം തട്ടിവിടുന്നു. മോദി സംവരണം എടുത്തുകളയും, ഭരണഘടന തകര്‍ത്തുകളയും എന്നൊക്കെയാണ് പറയുന്നത്. എന്തിനാണ് ഇവരിങ്ങനെ കള്ളം മാത്രം പറയുന്നത്? പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക ജനവിഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ എംഎല്‍സിമാരും എംഎല്‍എമാരും എംപിമാരുമുള്ള പാര്‍ട്ടി ബിജെപിയാണ്. കള്ളം പറഞ്ഞിട്ട് ജനങ്ങള്‍ വിശ്വസിക്കാതായപ്പോള്‍ കള്ള വീഡിയോ ഇറക്കുകയാണ്. മോദിയുടെ പ്രസംഗങ്ങളും ശബ്ദവും ഉപയോഗിച്ചാണ് ഈ എഐ വീഡിയോകള്‍ ഇറക്കുന്നത്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മാറ്റുകയാണ് പത്ത് വര്‍ഷത്തെ മോദിസര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മോദി രാപകല്‍ ജോലി ചെയ്യുന്നത് ജനങ്ങളുടെ ജീവിതത്തെ മാറ്റിയെടുക്കാനാണ്. ഇന്‍ഡി മുന്നണിക്കാര്‍ പണിയെടുക്കുന്നത് മോദിയെ മാറ്റാനും. കോണ്‍ഗ്രസിന് എന്നും ഒരു മുഖമേയുള്ളൂ. അത് ചതിയുടേതാണ്. മറാത്ത്വാദയുടെ മണ്ണിനെ അവര്‍ വഞ്ചിച്ചത് പല തവണയാണ്. അറുപത് വര്‍ഷം അവര്‍ രാജ്യം ഭരിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അവര്‍ ദുര്‍ബലരാണ്. ഒരു ദുര്‍ബല സര്‍ക്കാരിന് രാജ്യത്തെ നയിക്കാനാകുമോ, ഉയര്‍ത്താനാകുമോ. മോദി ചോദിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യയായിരുന്നു കര്‍ഷകന്റെ വേതനമെന്ന് സോലാപൂരിലെ മാധയില്‍ പതിനായിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ അണിനിരന്ന മെഗാറാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന് ആറ് പതിറ്റാണ്ട് ജനങ്ങള്‍ അവസരം നല്കി. ഇത്രയും കാലം കൊണ്ട് മറ്റ് രാജ്യങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ പുതിയ ഉയരങ്ങള്‍ താണ്ടി. എന്നാല്‍ ഇവിടെ നമ്മുടെ കര്‍ഷകര്‍ക്ക് വെള്ളം പോലും നല്കാന് കോണ്‍ഗ്രസിനായില്ല. 2014ല്‍ ഞാന്‍ അധികാരത്തില്‍ വരുമ്പോള്‍ നൂറോളം ജലസേചനപദ്ധതികള്‍ ചുവപ്പുനാടയില്‍ പതിറ്റാണ്ടുകളായി കുരുങ്ങിക്കിടക്കുകയാണ്. അതില്‍ ഇരുപത്താറും മഹാരാഷ്ട്രയിലാണ്. എന്തൊരു കൊടിയ വഞ്ചനയാണ് ഇക്കൂട്ടര്‍ കര്‍ഷകരോട് കാട്ടിയതെന്ന് ആലോചിച്ചുനോക്കൂ, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: