ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേസില്‍ മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ദല്‍ഹി ഐഎഫ്എസ്ഒ യൂണിറ്റ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്. ദ്വാരകയിലെ ഐഎഫ്എസ്ഒ യൂണിറ്റിലെത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് രേവന്ത് അറിയിക്കുകയായിരുന്നു. ദല്‍ഹി പോലീസ് ഇതിന് മറുപടി നല്കിയിട്ടില്ല.
രേവന്ത് റെഡ്ഡിയെ കൂടാതെ എട്ട് സംസ്ഥാനങ്ങളിലായി 15 പേര്‍ക്കെതിരെയും ഐഎഫ്എസ്ഒ നോട്ടീസ് നല്കിയിട്ടുണ്ട്. ഇതില്‍ ആറ് പേര്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളാണ്. ദല്‍ഹി പോലീസ് ഹൈദരാബാദിലെ ഗാന്ധി ഭവനിലെത്തിയാണ് നോട്ടീസ് കൈമാറിയത്. പോലീസിന്റെ നോട്ടീസ് ലഭിച്ചു, സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അമിത് ഷായുടെ വീഡിയോ വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ടി. ജയപ്രകാശ് റെഡ്ഡി പറഞ്ഞു.
സംഭവത്തില്‍ രണ്ട് പേര്‍ ഇന്നലെ അറസ്റ്റിലായി. ആംആദ്മി പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും ബന്ധപ്പെട്ടവരാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിന്റെ പിടിയിലായത്. കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനിയുടെ അടുത്ത അനുയായി സതീഷ് വന്‍സോലയും ആപ്പ് നേതാവ് ആര്‍ വി വാരിയയുമാണ് പിടിയിലായത്.
ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ സിആര്‍പിസി സെക്ഷന്‍ 91, 160 എന്നിവ പ്രകാരം ബിജെപിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മതാടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കണം എന്നതായിരുന്നു അമിത് ഷായുടെ യഥാര്‍ത്ഥ പ്രസംഗം. അത് പട്ടിക ജാതി- പട്ടിക വര്‍ഗത്തിന് നല്കുന്ന സംവരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പറയുന്നതായി വരുത്തി തീര്‍ത്ത് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കേസില്‍ ആസാം പോലീസ് ഗുവാഹത്തിയില്‍ നിന്ന് രണ്ട് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ദല്‍ഹി പോലീസ് രേവന്ത് റെഡ്ഡിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തത്. ആസാം പന്‍ബസാര്‍ പോലീസ് അറസ്റ്റ് ചെയ്തതില്‍ ഒരാള്‍ ഗുവാഹത്തി ഹൈക്കോടതിയിലെ അഭിഭാഷകനായ റീതം സിങ്ങാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഗുവഹാത്തിയിലെ കോണ്‍ഗ്രസ് വാര്‍ റൂമിന്റെ ചുമതല ഇയാള്‍ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: