ഇസ്ലാമബാദ്: ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ ഹിംഗ്ലാജ് തീര്‍ത്ഥാടനത്തിന് ഇക്കുറി മുന്‍പെങ്ങുമില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച സമാപിച്ച ഹിംഗ്ലാജ് തീര്‍ത്ഥാടനം മാറുന്ന പാകിസ്ഥാന് ജനമനസിന്റെ പ്രതിഫലനമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ലാസ്ബെല ജില്ലയിലാണ് പുരാതന ഹിംഗ്ലാജ് ഗുഹാക്ഷേത്രം. ആയിരക്കണക്കിന് പടികളാണ് ഇവിടേക്ക് ഉള്ളത്. ചെങ്കുത്തായ പാറക്കെട്ടുകള്‍ താണ്ടിയും ഭക്തര്‍ ഇവിടേക്ക് എത്തും. ഹിംഗ്ലാജ് മാതാവിന്റെ പ്രീതിക്കായി നാളീകേരമുടച്ചും പനിനീര്പൂക്കള് അര്‍പ്പിച്ചും അവര്‍ പ്രാര്‍ത്ഥിക്കും.
നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ, സിന്ധ് മേഖലയില്‍ നിന്നുമാണ് കൂടുതല്‍ ഭക്തരെത്തുന്നത്. ഹൈദരാബാദ്, കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നൂറുകണക്കിന് ബസുകള്‍ തീര്‍ത്ഥാടനത്തിനായി സര്‍വീസ് നടത്തിയിരുന്നു. ജയ് മാതാ ദി, ജയ് ശിവശങ്കര്‍ എന്നിങ്ങനെ ശരണമന്ത്രങ്ങളുമായാണ് തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് പാക് മാധ്യമങ്ങള്‍ വിവരിക്കുന്നു.
ഹിങ്കോള്‍ നദി തീര്‍ത്ഥാടകര്‍ക്ക് ഭാരതത്തിലെ ഗംഗയെപ്പോലെ പവിത്രമാണ്. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയൂ എന്ന് ക്ഷേത്ര ജനറല്‍ സെക്രട്ടറി വെര്സിമല് ദിവാനി പറഞ്ഞു. ഈ സ്ഥിതി മാറണം. എല്ലാ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് തീര്‍ത്ഥാടകരെത്തുന്ന സാഹചര്യം ഒരുങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: