തിരുവനന്തപുരം: മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങളെന്ന് ഹൈക്കോടതി അഭിഭാഷകന് എം.ആര്. അഭിലാഷ്.
വളരെ ഉത്തരവാദിത്വമുള്ള ചുമതലകള്‍ ഏറ്റിരിക്കുന്ന മേയറും അതുപോലെ ജനപ്രതിനിധിയായ എംഎല്‍എയും-ഈ രണ്ടുപേരും- അവരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായിട്ടുള്ള ഒരു കാര്യത്തോട് ഇതുപോലെ പൊതുവേദിയില്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിക്കൊണ്ട് പ്രതികരിക്കാമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അഡ്വ. എം.ആര്. അഭിലാഷ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം കെഎസ്ആര്‍ടിസി ട്രിപ്പുമുടക്കിയ മേയറുടെയും അവരുടെ ഭര്‍ത്താവായ എംഎല്‍എയുടെയും പ്രകടനത്തിനെതിരെ പ്രതികരിച്ചത്.
കെഎസ്ആര്‍ടിസിയെക്കൊണ്ട് ട്രിപ്പുമുടക്കിയ വിഷയത്തില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോയാല്‍ മേയറും നഗരസഭയും മറ്റും ഉത്തരം പറയേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ അവര്‍ എത്തിച്ചു. അങ്ങിനെ പ്രതികരിക്കാനുള്ള ഒരു സാഹചര്യം അവിടെ ഉണ്ടായോ എന്നത് മേയറും എംഎല്‍എയും പുനപരിശോധിക്കണം. – അഡ്വ. എം.ആര്. അഭിലാഷ് പറഞ്ഞു.
വാഗണാറിന്റെ പുറകിലെ സീറ്റില്‍ ഇരിക്കുന്ന മേയര്‍ ചില്ലിലൂടെ നോക്കിയപ്പോള്‍ പിന്നിലെ കെഎസ് ആര് ടിസി ബസിനകത്തിരിക്കുന്ന ഡ്രൈവര്‍ മോശം ചേഷ്ട കാണിച്ചു എന്നാണ് പരാതി. ആദ്യം കണ്ണിറുക്കി കാണിച്ചു, പിന്നീട് വിരലും വായും ചേര്‍ത്ത് ഒരു ആംഗ്യം കാണിച്ചു എന്നാണ് മേയറുടെ പരാതി. പക്ഷെ ഇത് ഇരുട്ടില്‍ കണ്ണിറുക്കി കാണിച്ചു എന്ന് പറയുന്നതിന് തുല്യമാണ്. എങ്ങിനെയാണ് ഇതെല്ലാം കാണാന്‍ കഴിയുന്നത് എന്നത് ഒരു ചോദ്യമാണ്. – അഭിലാഷ് പറഞ്ഞു.
വാഗണാറിന്റെ പിന്‍സീറ്റിലിരിക്കുന്ന പാസഞ്ചറോട് (മേയറോട്) കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ദേഷ്യം തോന്നാന്‍ എന്താണ് കാരണം? എന്ന ചോദ്യത്തിന് ഇവിടെ ഉത്തരമില്ല. മേയറും ഭര്‍ത്താവായ എംഎല്‍എയും സീബ്ര ക്രോസില്‍ വാഹനം പാര്‍ക്ക് ചെയ്തു എന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ഫൈന്‍ അടിക്കേണ്ട ഒഫന്‍സാണ്. അതുപോലെ അവര്‍ വഴി മാറി ഓവര്‍ടേക്ക് ചെയ്തു എന്നതും കുറ്റകരമാണ്. കെഎസ്ആര്‍ടിസിയെ ഓവര്‍ടേക് ചെയ്ത് വാഹനം നിര്‍ത്തിയതായും പരാതിയുണ്ട്. ഇതിന്റെ വസ്തുത അറിയില്ല. അങ്ങിനെ ചെയ്തെങ്കില്‍ അതും കുറ്റകരമാണ്. ഇത്തരം വിവിധ കുറ്റകൃത്യങ്ങളാണ് മേയറും എംഎല്‍എയും ചെയ്തത്- അഡ്വ. അഭിലാഷ് പറയുന്നു.
പാര്‍ലമെന്ററിയായി പെരുമാറേണ്ട മേയറും എംഎല്‍എയും എങ്ങിനെയാണ് പ്രതികരിച്ചത് എന്ന് അറിയേണ്ടതുണ്ട്. അവരുടെ പ്രതികരണത്തിന്റെ വീഡിയോ എടുത്തവരോട് അത് ഡിലീറ്റ് ചെയ്യൂ എന്ന് ഇവര്‍ പറഞ്ഞതായി കാണുന്നു. അങ്ങിനെ പറയാന്‍ ആര്‍ക്കും അധികാരമില്ല. മേയര്‍ ആ വീഡിയോ ഡിലിറ്റ് ചെയ്യാന്‍ പറഞ്ഞത് എന്തിനാണ്? എന്തെങ്കിലും അണ് പാര്‍ലമെന്ററിയായി പദപ്രയോഗങ്ങളോ ആക്ഷനോ കാണിച്ചതുകൊണ്ടായിരിക്കില്ലേ അവര്‍ അങ്ങിനെ പറയുന്നത്?- അഡ്വ. അഭിലാഷ് ചോദിക്കുന്നു.
മേയറും ഭര്‍ത്താവായ എംഎല്‍എയും രാത്രി പത്ത് മണിക്ക് ശേഷം സ്വകാര്യവാഹനത്തില്‍ നടത്തിയത്
തികച്ചും വ്യക്തിപരമായ യാത്രയാണ്. എന്നാല്‍ പൊലീസില്‍ നല്കിയ എഫ് ഐആറില്‍ ആര്യ എഴുതിക്കൊടുത്തിരിക്കുന്നത് ‘മേയര്‍ തിരുവനന്തപുരം’ എന്നാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി അല്ലാതെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഇത്തരത്തില്‍ ഒരു നിയമവിരുദ്ധത നേരിടേണ്ടി വരുമ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ മാത്രമാണ് പരാതി നല്കാന് കഴിയുക എന്നിരിക്കേ ‘മേയര്‍, തിരുവനന്തപുരം’ എന്ന് ഔദ്യോഗിക മേല്‍വിലാസം ഉപയോഗിച്ച് പരാതി നല്‍കിയത് കുറ്റകരമാണ്. -അഡ്വ.എം.ആര്. അഭിലാഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: