ബാങ്കുകളുടെ നാലാം ത്രൈമാസ ഫലങ്ങളുടെ തിളക്കത്തില്‍ ഓഹരിവിപണിയില്‍ ബാങ്ക് ഓഹരികള്‍ക്ക് വന്‍ മുന്നേറ്റം. റിസര്‍വ്വ് ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വില്‍ക്കരുതെന്ന് വരെ വിലക്കിയിരുന്ന കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വരെ രണ്ട് ശതമാനം കയറി. എസ് ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ഉയര്‍ന്നു. ഐസിഐസിഐ, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യെസ് ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക് എന്നിങ്ങനെ ഏതാണ്ടെല്ലാം ബാങ്കുകളുടെയും ഓഹരി വില ഉയര്‍ന്ന ദിവസമാിരുന്നു തിങ്കളാഴ്ച.
യുഎസ് ബോണ്ടുകളുടെ പത്ത് വര്‍ഷ യീല്‍ഡില്‍ അല്‍പം കുറവു വന്നതും മധ്യേഷ്യയിലെ യുദ്ധകാര്‍മേഘം ഒഴിഞ്ഞതും യുഎസ് ടെക് കമ്പനികളുടെ സാമ്പത്തിക പാദ ഫലം മികച്ചതായതും ഇന്ത്യന്‍ വിപണിയെ ഉണര്‍ത്തിയ മറ്റുഘടകങ്ങളാണ്.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്കില്‍ 13 പൈസയുടെ നഷ്ടം നേരിട്ടു. ഒരു ഡോളറിന് 83.34 രൂപ എന്നതായിരുന്നു വെള്ളിയാഴ്ചത്തെ കണക്ക്. തിങ്കളാഴ്ച അത് 83.47 എന്നായി. പക്ഷെ മറ്റ് ഘടകങ്ങള്‍ ശക്തമായതിനാല്‍ (കമ്പനികളുടെ മികച്ച സാമ്പത്തിക പാദ ഫലങ്ങള്‍) ഇത് വിപണിയെ ബാധിച്ചില്ല.
നിഫ്റ്റി 941 പോയിന്‍റ് കയറി 74,671ല്‍ എത്തി. സെന്‍സെക്സ് 223 പോയിന്‍റ് കയറി 22,643 പോയിന്‍റില്‍ എത്തി. ടെക്നിക്കല്‍ വിശകലനവിദഗ്ധര്‍ പറയുന്നത് അടുത്ത ദിവസങ്ങളില്‍ വിപണി പുതിയ ഉയരങ്ങളില്‍ എത്തുമെന്നാണ്. 22800 വരെ കയറാമെന്നും ഇനി ഇറങ്ങുകയാണെങ്കില്‍ തന്നെ 22500 പോയിന്‍റ് വരെയേ ഇറങ്ങുവെന്നും പറയുന്നു.
മികച്ച നാലാം പാദ (ക്യു4) സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ച അള്‍ട്രാ ടെക് സിമന്‍റ്സ്, പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, കെപിഐടി ടെക്നോളജീസ് എന്നീ ഓഹരികള്‍ ഉയര്‍ന്നു. എച്ച് സിഎല്‍ ടെക്, അപ്പോളോ ഹോസ് പിറ്റല്‍സ്, ബജാജ് ഓട്ടോ, എച്ച് ഡിഎഫ് സി ലൈഫ്, എല്‍ടിഐ മൈന്‍ഡ് ട്രീ എന്നിവ വലിയ നഷ്ടം നേരിട്ട ഓഹരികളായിരുന്നു. ഹെല്‍ത് കെയര്‍, മെറ്റല്‍, പവര്‍, ബാങ്ക് , ഓയില്‍ ആന്‍റ് ഗ്യാസ് ഓഹരികള്‍ ഉയര്‍ന്നു.
അള്‍ട്രാടെക് സിമന്‍റ്സ് ഓഹരി 269 രൂപ ഉയര്‍ന്നു
മികച്ച നാലാംപാദ റിസള്‍ട്ടിന്റെ മികവില്‍ അള്‍ട്രാടെക് സിമന്‍റ്സ് ഓഹരി വില 269 രൂപ വരെ ഉയര്‍ന്നു. 9700 രൂപ വിലയുണ്ടായിരുന്ന ഓഹരി 9970 രൂപ വരെ ഉയര്‍ന്നിരുന്നു. നാലാം സാമ്പത്തിക പാദത്തില്‍ (2024 ജനവരി 1 മുതല്‍ മാര്‍ച്ച് 31 വരെ) അള്‍ട്രാടെക് സിമന്‍റ്സിന് 36 ശതമാനം വളര്‍ച്ചയുണ്ടായി. 2258 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 1666 കോടിയായിരുന്നു. മാത്രമല്ല, അള്‍ട്രാടെക് സിമന്‍റിന്റെ ഭാഗമായിരുന്ന കെസോറാം സിമന്‍റ് കമ്പനിയെ ഇതില്‍ നിന്നും വേര്‍പെടുത്തി മറ്റൊരു ബിസിനസ് യൂണിറ്റാക്കി മാറ്റാനും പദ്ധതിയുണ്ട്. ഇത് അള്‍ട്രാടെക് സിമന്‍റ്സിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും കരുതുന്നു.
കെപിഐടി ടെക്നോളജീസിന് 93 രൂപയുടെ നേട്ടം
മികച്ച നാലാം പാദ റിസള്‍ട്ട് പ്രഖ്യാപിച്ച സോഫ് റ്റ് വെയര്‍ കമ്പനിയായ കെപിഐടി ടെക്നോളജീസ് ഓഹരി വില 93 രൂപ ഉയര്‍ന്നു. 1416 രൂപ വിലയുള്ള ഓഹരി 1509 രൂപയില്‍ എത്തി.
ടാറ്റ ട്രെന്‍റ് കുതിക്കുന്നു
ടാറ്റയുടെ ഫാഷന്‍ റീട്ടെയ്ല്‍ ബ്രാന്‍റായി ടാറ്റാ ട്രെന്‍റ് കുതിക്കുകയാണ്. ഫാഷന്‍ വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ടോയ്സ്, ഗെയിംസ് ,ഫുഡ്, ഗ്രോസറീസ് എന്നിവ ട്രെന്‍റിന് കീഴില്‍ വില്‍ക്കുന്നു. വെസ്റ്റ് സൈഡ്, സൂഡിയോ, 34 എന്നിവ ട്രെന്‍റിന് കീഴിലുള്ള ലാഭം കൊയ്യുന്ന ബ്രാന്‍റുകളാണ്. നാലാം സാമ്പത്തിക പാദത്തില്‍ (2024 ജനവരി 1 മുതല്‍ മാര്‍ച്ച് 31 വരെ) മാത്രം 712 കോടിയാണ് ലാഭം. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ ലാഭത്തിന്റെ പതിന്മടങ്ങാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെറും 45 കോടി മാത്രമായിരുന്നു ലാഭം. ഇതോടെ ഓഹരി വില ഉയര്‍ന്നു. 4304 രൂപയായിരുന്ന ഓഹരി വില 4345 രൂപ വരെ ഉയര്‍ന്നു. 40 രൂപയുടെ നേട്ടം.
അപ്പോളോ ഹോസ്പിറ്റല്‍സിന് എട്ട് ശതമാനം നഷ്ടം
അപ്പോളോ ഹോസ്പിറ്റല്‍സ് ഓഹരി വില എട്ട് ശതമാനം താഴ്ന്നു. ഇതിന് കാരണം കമ്പനിയുടെ 16.8 ശതമാനം ഓഹരികള്‍ അഡ് വെന്‍റ് ഇന്‍റര്‍നാഷണലിന് 2475 കോടിക്ക് വില്‍ക്കാനുള്ള തീരുമാനമായിരുന്നു. കെയ് മെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അപ്പോളോയുടെ പ്രൊമോട്ടര്‍മാരുടെ മറ്റൊരു കമ്പനിയെ അപ്പോളോ ഹോസ്പിറ്റലില്‍ ലയിപ്പിക്കാനും തീരുമാനിച്ചു. ഈ രണ്ട് തീരുമാനങ്ങളോടും അപ്പോളോ ഹോസ്പിറ്റലിന്റെ ഓഹരി നിക്ഷേപകര്‍ പ്രതികൂലമായി പ്രതികരിച്ചു. 6258 രൂപയുണ്ടായിരുന്ന അപ്പോളോ ഓഹരി 291 രൂപ കുറഞ്ഞ് 5966 രൂപയില്‍ അവസാനിച്ചു. വിലയില്‍ എട്ട് ശതമാനത്തിന്റെ നഷ്ടം.
ലാഭപ്രതീക്ഷ വെട്ടിച്ചുരുക്കിയത് എച്ച് സിഎല്‍ ടെകിന് തിരിച്ചടിയായി
1473 രൂപ വിലയുണ്ടായിരുന്ന എച്ച് സിഎല്‍ ടെക് ഓഹരിയുടെ വിലയില്‍ ഏകദേശം 5.8 ശതമാനത്തിന്റെ നഷ്ടമുണ്ടായി. അത് 1388 രൂപയില്‍ അവസാനിച്ചു. കമ്പനിയുടെ മോശപ്പെട്ട നാലാം സാമ്പത്തിക പാദ (2024 ജനവരി 1 മുതല്‍ മാര്‍ച്ച് 31 വരെ)ഫലമായിരുന്നു കാരണം. നേരിയ ലാഭം ഉണ്ടായെങ്കിലും അത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞു. എന്ന് മാത്രമല്ല, 2024-25 സാമ്പത്തിക വര്‍ഷത്തെക്കുറിച്ചുള്ള ലാഭ പ്രതീക്ഷകള്‍ 3-5ശതമാനം വരെ എന്ന് സിഇഒ പ്രഖ്യാപിച്ചത് ജെഫ്രീസ് ഉള്‍പ്പെടെയുള്ള ഇന്‍വെസ്റ്റഅ മെന്‍റ് ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നു. 2024-25 കാലഘട്ടത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ തുടര്‍ച്ചയായി നേരിടേണ്ടിവരുമെന്നതിനാലാണ് ലാഭപ്രതീക്ഷകള്‍ വെട്ടിച്ചുരുക്കുന്നതെന്ന് സിഇഒ വിജയകുമാര്‍ പറഞ്ഞത് ആര്‍ക്കും ദഹിച്ചിട്ടില്ല. കമ്പനിയുടെ നാല് സാമ്പത്തിക പാദ ഫലത്തെ ‘മോശപ്പെട്ട ആശ്ചര്യം’ എന്നാണ് ജെഫ്രീസ് ഇതിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: