ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്. മധ്യപ്രദേശിലെ ബേതുല്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലാണ് അന്ന് വോട്ടെടുപ്പ്. ബേതുല്‍ രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെട്ടിരുന്നതെങ്കിലും ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു. 1351 സ്ഥാനാര്‍ത്ഥികള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും.
ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ച, ഗുജറാത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും മൂന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൂറത്ത് ഒഴികെയുള്ള 25 മണ്ഡലങ്ങളിലാണ് ഇവിടെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുക. കര്‍ണാടകയിലെ 14, മഹാരാഷ്ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10, മധ്യപ്രദേശിലെ ഒന്‍പത്, ഛത്തീസ്ഗഡിലെ ഏഴ്, ബിഹാറിലെ അഞ്ച്, അസമിലെയും പശ്ചിമ ബംഗാളിലെ യും നാലുവീതം മണ്ഡലങ്ങളിലും അന്ന് ജനം വിധിയെഴുതും. കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ദിയുവിലെയും ഗോവയിലെയും രണ്ട് വീതം മണ്ഡലങ്ങളിലും ജമ്മുകശ്മീരിലെ ഒരു മണ്ഡലത്തിലും അന്നു തന്നെയാണ് വോട്ടെട്ടുപ്പ്. കര്‍ണാടക, ഛത്തീസ്ഗഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഈ ഘട്ടത്തോടെ പൂര്‍ണമാകും.
മെയ് 13നാണ് നാലാംഘട്ട വോട്ടെടുപ്പ്. 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് അന്ന് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. നാലുഘട്ടമായി നടക്കുന്ന മധ്യപ്രദേശിലെ വോട്ടെടുപ്പും ഈ ഘട്ടത്തോടെ പൂര്‍ണമാകും. ഒഡീഷ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിനും അന്ന് തുടക്കം കുറിക്കും. മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും അന്ന് വോട്ടെടുപ്പ് നടക്കും.
മെയ് 20ന് അഞ്ചാംഘട്ടത്തില്‍ ലഡാക്ക്, ഒഡീഷ, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളില്‍ ജനവിധി രേഖപ്പെടുത്തും. അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെയും ജമ്മുകാശ്മീരിലെയും വോട്ടെടുപ്പ് ഈ ഘട്ടത്തോടെ പൂര്‍ണമാകും.
മെയ് 25ന് ആറാംഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ദല്‍ഹിയിലെയും ഹരിയാനയിലെയും മുഴുവന്‍ മണ്ഡലങ്ങളിലും അന്ന് വോട്ടെടുപ്പ് നടക്കും. ഒഡീഷ, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും അന്ന് വോട്ടെടുപ്പ് നടക്കും.
ജൂണ്‍ ഒന്നിന് ഏഴാംഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളില്‍ ജനം വിധിയെഴുതും. മുഴുവന്‍ ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവയ്ക്കു പുറമെ നാലു ഘട്ടമായി വോട്ടെടുപ്പ് നടന്ന ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ചണ്ഡീഗഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും അന്ന് ജനംവിധിയെഴുതും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: