നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാട്ടുതീ വ്യാപിച്ച് 50 ഹെക്ടര്‍ വനം കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ നൈനിറ്റാള്‍ വനമേഖലയില്‍ കാട്ടുതീ വ്യാപിക്കാന്‍ തുടങ്ങിയത്. കാട്ടുതീ പൈന്‍ ഏരിയയിലെ ഹൈക്കോര്‍ട്ട് കോളനിയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടി. ഇതോടെ വ്യോമസേനയെത്തി റോഡിന് സമീപത്തേയും ഹൈക്കോര്‍ട്ട് കോളനിക്ക് സമീപത്തെയും തീയണച്ചു.
നൈനിറ്റാളിലെ വ്യോമസേനാ താവളം, ഹൈക്കോടതി കോളനി, ജില്ലാ ആസ്ഥാനത്തിന് സമീപത്തെ റോഡുകള്‍ എന്നിവയ്ക്ക് സമീപത്തേക്കും വ്യാപിച്ചെങ്കിലും ഇതെല്ലാം നിയന്ത്രണ വിധേയമാക്കി. വ്യോമസേനയെ കൂടാതെ കരസേന, എന്‍ഡിആര്‍എഫ്, സംസ്ഥാന ഫയര്‍ഫോഴ്സ് എന്നിവരും തീയണയ്ക്കാനുള്ള പ്രയത്നത്തില്‍ പങ്കാളികളാണ്. സമീപവര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായതില് ഏറ്റവും വലിയ കാട്ടുതീയാണിത്.
എംഐ- 17 വി5 ഹെലിക്കോപ്ടറിന്റെ സഹായത്തോടെ നൈനിറ്റാളിന് സമീപത്തുള്ള ഭീംതാല്‍ തടാകത്തില്‍ നിന്ന് ബാംബി ബക്കറ്റില്‍ വെള്ളം ശേഖരിച്ചാണ് വ്യോമസേന തീയണയ്ക്കുന്നത്. ഒറ്റത്തവണ 5000 ലിറ്റര്‍ വെള്ളം ബാംബി ബക്കറ്റില്‍ നിറയ്ക്കാന്‍ സാധിക്കും. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നൈനി തടാകത്തിലൂടെയുള്ള ബോട്ടിങ് നിര്‍ത്തിവച്ചു. തീ അണയ്ക്കുന്നതിനായി എല്ലാവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു.
തീ വ്യാപിച്ച സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കാട്ടുതീ വ്യാപിച്ച് ജില്ലയില്‍ ഭീതി പടര്‍ന്നിട്ടുള്ള അടിയന്തര സാഹചര്യത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ആരും അവധിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം നൈനിറ്റാളിലും ഡെറാഡൂണിലും കഴിഞ്ഞ ദിവസം മഴ പെയ്തത് ആശ്വാസമായി. ഈ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം രുദ്രപ്രയാഗിലും ജക്കോലിയിലും തീയിട്ടതിന് മുന്ന് പേര് ഉത്തരാഖണ്ഡ് പോലീസിന്റെ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: