ന്യൂദല്‍ഹി: കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പ്രവേശനപരീക്ഷ എഴുതാന്‍ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കുകൂടി അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി പ്രതിരോധമന്ത്രാലയത്തോട് വിശദീകരണം തേടി. എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മന്മോഹന് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. അഡ്വ. കുഷ് കല്‍റയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ), ഇന്ത്യന്‍ നേവല്‍ അക്കാദമി (ഐഎന്‍എ.), ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി (എഎഫ്എ) എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിഡിഎസ്. ഇതേആവശ്യം ഉന്നയിച്ച് 2023 ഡിസംബര്‍ 22ന് കുഷ് കല്‍റ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നുവെങ്കിലും പ്രതികരണമുണ്ടാകാഞ്ഞതിനെത്തുടര്ന്നാണ് കോടതിയെ സമീപിച്ചത്.
പന്ത്രണ്ടാംക്ലാസ് പാസായവര്‍ക്കുള്ള നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പരീക്ഷയും ബിരുദധാരികള്‍ക്കുള്ള സിഡിഎസ് പരീക്ഷയുമാണ് സായുധ അക്കാദമികളിലേക്കുള്ള പ്രധാനപ്പെട്ട പ്രവേശന പരീക്ഷകള്‍. 2021 ഡിസംബറിലെ എന്‍ഡിഎ പരീക്ഷയില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി. 19 സീറ്റുകളാണ് അന്ന് വനിതകള്‍ക്കായി അനുവദിച്ചത്. തുടര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയും കൂടുതല്‍ പേര് പ്രവേശനം നേടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: