രണ്ട് അയല്‍സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടിക വര്‍ഗ്ഗമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കുക. ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തുടനീളം പട്ടിക ഗോത്രത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത വ്യാജന്മാര്‍ പട്ടികവര്‍ഗ്ഗ ജാതി സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും കൈവശപ്പെടുത്തുന്നത് തടയുക. അത്തരക്കാരെ കണ്ടെത്തി രേഖകള്‍ റദ്ദ് ചെയ്യുക.
സംസ്ഥാനത്തുടനീളം വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ലംപ്‌സംഗ്രാന്റും പോക്കറ്റ് മണിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ മാസങ്ങളായി മുടങ്ങിക്കിടക്കുന്നതു പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനം നിലക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണം.
സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സൗജന്യമായി നല്‍കിവന്നിരുന്ന ചികിത്സയ്‌ക്ക് ഫണ്ട് ഇല്ലാത്തതു മൂലം ആശുപത്രികളില്‍ നിന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ പുറമേ നിന്ന് വാങ്ങുന്ന മരുന്നുകള്‍ക്കുള്ള ബില്ല് പട്ടികവര്‍ഗ്ഗവകുപ്പിന് നല്‍കി മാസങ്ങള്‍കഴിഞ്ഞിട്ടും പണം ലഭിക്കാത്ത സാഹചര്യം പാവപ്പെട്ട ജനങ്ങളില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സര്‍ക്കാര്‍ ഇതിന്‍മേല്‍ ഇടപെട്ട് സൗജന്യ ചികിത്സ ലഭിക്കുന്നതിനും ബില്ലിന്‍ മേലുള്ള പണം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുക.
സംസ്ഥാനത്തു പട്ടികവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി ലൈഫ് പദ്ധതി വഴി അനുവദിച്ചവീടുകള്‍ക്ക് വിവിധ ഗഡുക്കളായി നല്‍കാനുള്ള പണം അടിയന്തിരമായി ലഭ്യമാക്കുക. നൂറുകണക്കിന് കുടുംബങ്ങള്‍ പദ്ധതിയുടെ പേരില്‍ നിലവിലെ വീടുകള്‍ പൊളിച്ചുമാറ്റി പ്ലാസ്റ്റിക് കുടിലുകളില്‍ പാര്‍ക്കുന്നതു പലവിധത്തിലുള്ള ബുദ്ധിമുട്ടിന് ഇടയാകുന്നു. ഈ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്തു മേല്‍പ്പറഞ്ഞ വീട് നിര്‍മ്മാണത്തിനുള്ള ഗഡുക്കള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക.
വന്യമൃഗ ശല്യം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പട്ടികവര്‍ഗ്ഗ മേഖലയിലെ തൊഴിലുറപ്പ് പദ്ധതി വഴി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഇരുനൂറ് തൊഴില്‍ദിനം പൂര്‍ണ്ണമായും ലഭിക്കുന്നതിനു പട്ടികവര്‍ഗ്ഗ മേഖലയിലെ തൊഴില്‍ അവര്‍ക്കുമാത്രമായി നല്‍കുക.
പട്ടികവര്‍ഗ്ഗമേഖലയിലെ അര്‍ഹരായ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ എസ്റ്റി പ്രൊമോട്ടറുടെ സേവനം ഉറപ്പുവരുത്തി അര്‍ഹരായ പെന്‍ഷന്‍ ലഭിക്കാത്തവരെ കണ്ടെത്തി എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുക.
പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഇന്റര്‍നെറ്റ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദിവാസി മഹാസഭ 31.05.2023 പട്ടികവര്‍ഗ്ഗ മന്ത്രിക്കു നല്‍കിയ നിവേദനപ്രകാരം പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 07.10.23 ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് കണ്ടെത്തിയ 166 കേന്ദ്രങ്ങളിലും അടിയന്തിരമായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നടപ്പിലാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുക.
വനാവകാശനിയമ പ്രകാരം സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കു നല്‍കിയിട്ടുള്ളതും നല്‍കാനുള്ളതും തിരുത്തല്‍ വരുത്തി നല്‍കിയതുമായ വനാവകാശ കൈവശരേഖകളില്‍ പട്ടികവര്‍ഗ്ഗക്കാരല്ലാത്തവര്‍ സ്വാധീനത്തിന്റെ മറവില്‍ ഇടം പിടിക്കുന്ന പ്രവണത കര്‍ശനമായും തടയുകയും അത്തരത്തില്‍ കടന്നു കൂടി വരെ എസ്റ്റി പ്രൊമോര്‍ട്ടര്‍ വഴി രേഖകള്‍ കണ്ടെത്തി പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
വന്യമൃഗ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണവും അംഗവൈകല്യവും കൃഷിനാശവും സംഭവിച്ചു ജീവിതം പൊറുതിമുട്ടികഴിയുന്ന പട്ടികവര്‍ഗ്ഗമേഖലയില്‍ ട്രെഞ്ചു നിര്‍മ്മിച്ചു നല്‍കുന്നതിനു വനം, പട്ടികവര്‍ഗ്ഗം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്തപദ്ധതിക്ക് രൂപം നല്‍കുക. പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നഷ്ടപരിഹാരതുക വര്‍ദ്ധിപ്പിക്കുകയും ഇരകള്‍ക്ക് യഥാസമയം നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കുക.
രൂക്ഷമായ യാത്രാക്ലേശം നേരിടുന്ന പട്ടികവര്‍ഗ്ഗമേഖലയിലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച് നല്‍കി എല്ലാ പട്ടികവര്‍ഗ്ഗ മേഖലയിലും ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുക.
ഗോത്രവും സമുദായവും സംസ്‌കാരവും തകര്‍ക്കുന്നതും ഭൂമിയും മറ്റു ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നതിനും കച്ചവട ലക്ഷ്യത്തോടെയുള്ള മിശ്രവിവാഹങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും ഇത്തരക്കാര്‍ക്ക് ധനസഹായം നല്‍കുന്ന ഉത്തരവ് പിന്‍വലിക്കുകയും പകരം ഗോത്രങ്ങളിലെ ദാരിദ്ര്യ രേഖക്കുതാഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സ്വസമുദായങ്ങളില്‍ നിന്നുള്ള വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നയമാക്കി മാറ്റുക.
പട്ടികവര്‍ഗ്ഗമേഖലകളില്‍ അതിക്രമിച്ചു കടന്നുകയറുന്നതു തടയാന്‍ പട്ടികവര്‍ഗ്ഗ വകുപ്പു ഇറക്കിയ 1/2020/24.03.20 നമ്പര്‍ സര്‍ക്കുലര്‍ ഉത്തരവായി ഇറക്കുക. ആദിവാസി മേഖലയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്ക് ഉത്പ്പന്നങ്ങളുടെ ഉപയോഗവും ആത്മഹത്യകള്‍ക്കും കാരണമാകുന്ന സാഹചര്യം കണക്കിലെടുത്ത് പുറമെ നിന്ന് അനധികൃതമായി കടന്നു കയറുന്നവര്‍ക്കെതിരെ പോലീസ്, വനംവകുപ്പിനെക്കൊണ്ട് കേസ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ നീതി ഉറപ്പാക്കുകയും കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്നതിന് എഫ്‌ഐആറില്‍ തിരുമറി നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അട്രോസിറ്റീസ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുകയും വേണം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക. മാറ്റമില്ലാതെ തുടരുന്ന അദ്ധ്യാപകരെ മാറ്റുക. അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ചു കുട്ടികള്‍ക്കു ട്യൂഷന്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നനിലവിലെ നിയമം നടപ്പിലാക്കുക.
വനമേഖലകളില്‍ പട്ടികവര്‍ഗ്ഗവകുപ്പിന്റെ കീഴിലുള്ള പഠനമുറികളില്‍ പ്രദേശത്തെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാതാ പിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിന് പഞ്ചായത്തു ജില്ലാ അടിസ്ഥാനത്തില്‍ (സര്‍ക്കാര്‍, കോണ്‍ട്രാക്റ്റ്) വിദഗ്ധ സംഘത്തെ നിയമിച്ചു മേഖലകളില്‍ ഇന്നു നിലനില്‍ക്കുന്ന ആരോഗ്യകരമല്ലാത്ത അവസ്ഥയ്‌ക്കുള്ള പരിഹാരം കാണുക.
എസ്റ്റി പ്രൊമോട്ടര്‍മാരുടെ സേവനം പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കു ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ യഥാസമയം അറിയിക്കുന്നതിനും ലഭ്യമാക്കി കൊടുക്കുന്നതിനും പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും എഴുത്തുകുത്തുകള്‍ നടത്തുന്നതിനും എസ്.റ്റി. പ്രൊമോട്ടര്‍മാര്‍ക്കു അവരുടെ മേഖലയില്‍ സ്ഥിരമായി ആഫീസ് സംവിധാനം ഏര്‍പ്പടുത്തുക.
പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും ഇതിനു കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലും പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: