ഊട്ടി: കനത്ത ചൂടില്‍നിന്നു രക്ഷതേടി ജനങ്ങള്‍ ഊട്ടിയിലേക്ക് ഒഴുകുന്നു. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി. ജില്ലാ ഭരണകൂടവും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പും വിനോദസഞ്ചാരവകുപ്പും എല്ലാ സംവിധാനങ്ങളും സജ്ജമാക്കി.
മെയ് 17ന് ലോകപ്രശസ്ത പുഷ്പമേള തുടങ്ങുകയാണ്. 35,000 ചട്ടികളില്‍ വളര്‍ത്തിയ ചെടികള്‍ പൂവണിയാന്‍ തുടങ്ങി. വെയിലില്‍ ഇവ വാടാതിരിക്കാന്‍ ഗ്ലാസ് ഷീറ്റ് പതിച്ച ഗ്യാലറിയിലേക്ക് മാറ്റി. സഞ്ചാരികള്‍ കൂടുതലായി എത്തിയതോടെ പോലീസ് ഊട്ടി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
ഗൂഡല്ലൂര്‍ ഭാഗങ്ങളില്‍നിന്നു വരുന്ന വാനുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഫിംഗര്‍ പോസ്റ്റില്‍ ഗോള്‍ഫ് ക്ലബ്ബ് റോഡില്‍ പാര്‍ക്കുചെയ്യണം. കൂനൂര്‍ ഭാഗത്തുനിന്നു വരുന്നവ ആവിന് മൈതാനത്ത് പാര്‍ക്കുചെയ്യണം. ഈ നിയന്ത്രണം മെയ് 31 വരെ ഉണ്ടായിരിക്കും. ഇവിടെനിന്നു സഞ്ചാരികള്‍ക്ക് പ്രത്യേകമായി ഒരുക്കിയ സര്‍ക്യുട്ട് ബസില്‍ കയറി വിവിധ ഉല്ലാസകേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ചാര്‍ജ്.
ടിക്കറ്റിനുപകരം പാസാണ് നല്‍കുക. ഇതുപയോഗിച്ച് സസ്യോദ്യാനം, ദോഡാബെട്ട, ബോട്ട് ഹൗസ്, റോസ് ഗാര്ഡന്, ടീ ഫാക്ടറി, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ യാത്രചെയ്യാം. ഓരോ അരമണിക്കൂറിലും ഓരോ പോയന്റിലും ഒരു ബസ് എത്തും. ഒരു ദിവസം എപ്പോള്‍ വേണമെങ്കിലും മാറിമാറി യാത്രചെയ്യാം. ശനിയാഴ്ച മുതല്‍ 20 സ്പെഷല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: