മുംബൈ: കഴിഞ്ഞ വെള്ളിയാഴ്ച, ഏപ്രില്‍ 26, ഓഹരി വിപണി അതിന് മുന്‍പുള്ള അഞ്ച് ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ച് താഴെ വീണു. ഏകദേശം 600 പോയിന്റുകള്‍ ഇടിഞ്ഞ് സെന്‍സക്സ് 73730 പോയിന്റില്‍ എത്തി. ഈയാഴ്ചയും 201 കമ്പനികളുടെ നാലാംപാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവരാനുണ്ട്. ഇതില്‍ അദാനി കമ്പനികളും ഉള്‍പ്പെടും. ഈ ഫലങ്ങള്‍ വിപണിയെ സ്വാധീനിക്കും. കമ്പനികള്‍ നല്ല ലാഭമാണ് പ്രഖ്യാപിക്കപ്പെടുന്നതെങ്കില് വിപണി ഉയരും.
അതുപോലെ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ സമിതിയുടെ യോഗവും ഈയാഴ്ച വിപണിയെ സ്വാധീനിച്ചേക്കും. അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നത് വിപണിയെയും തളര്‍ത്തുന്ന ഘടകമാണ്. ഏപ്രില്‍ 30 മുതല്‍ മെയ് 1 വരെയാണ് ഫെഡ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ് ഒ എം സി) യുടെ യോഗം. അതില്‍ ഡോളറിന്റെ പലിശ നിരക്ക് കൂട്ടണോ എന്നത് സംബന്ധിച്ചുള്ള തീരുമാനം വിപണിയെ ബാധിക്കും. മിക്കവാറും പണപ്പെരുപ്പം പ്രതീക്ഷിച്ച നിലയില്‍ എത്താതിരിക്കുന്നതിനാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് ഒരു വിഭാഗം വിദഗ്ധര്‍ പ്രവചിക്കുന്നു. മറ്റൊരു വിഭാഗം പറയുന്നത് പിസിഇ ഡേറ്റ പ്രതീക്ഷകള്‍ക്കപ്പുറം ഉയരാത്തതും അമേരിക്കയുടെ ആദ്യപാദ ജിഡിപി വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടാകാത്തതിനാല് ഡോളര്‍ പലിശനിരക്ക് ഫെഡ് റിസര്‍വ്വ് താഴ്ത്താനും സാധ്യതയുള്ളതായി മറ്റൊരു വിഭാഗം സാമ്പത്തികവിദഗ്ധര്‍ വാദിക്കുന്നു. പലിശനിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ വിപണി ഉയരുമെന്നുറപ്പ്.
അതുപോലെ എണ്ണവിലയും ഡോളര്‍-രൂപ വിനിമയ നിരക്കും വിപണിയെ സ്വാധീനിക്കും. യുദ്ധഭീതി ഒഴിവായതിനാല്‍ എണ്ണവില വല്ലാതെ ഉയരില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡോളറിന്റെ കാര്യം ഇപ്പോള്‍ പ്രവചിക്കാനാവില്ല.
കൊടക് മഹീന്ദ്ര ബാങ്കിനെതിരെ റിസര്‍വ്വ് ബാങ്ക് എടുത്തചില ശിക്ഷാനടപടികളും ബജാജ് ഫിനാന്‍സിന്റെ റിസള്‍ട്ട് ലാഭമുണ്ടെങ്കിലും പ്രതീക്ഷയ്ക്കപ്പുറം ഉയരാത്തതിനാലും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിപണിയെ തളര്‍ത്തിയിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ അതിവേഗം വിറ്റഴിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരനിക്ഷേപകര്‍ പണമിറക്കി ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതിനാല്‍ കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് വ്യാപാരദിനങ്ങള്‍ പോസിറ്റീവായി അവസാനിച്ചു.
മെയ് ഒന്നിന് വിപണി അവധിയാണ്. അന്ന് മഹാരാഷ്ട്ര ദിനമായതിനാലാണ് ഇത്. അടുത്ത ആഴ്ചയില്‍ നല്ല ഫലങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അതുപോലെ മെയ് ആദ്യദിനങ്ങളില്‍ പ്രതിമാസ ഓട്ടോ വില്പന ഫലങ്ങളും പുറത്തുവരാനിരിക്കുകയാണ്.
അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, ടാറ്റാ കെമിക്കല്‍സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഒസി, എംആര്‍എഫ്, ടൈറ്റന് എന്നീ കമ്പനികളുടെ ഫലങ്ങളാണ് അടുത്ത ആഴ്ചയിലെ കാത്തിരിക്കുന്ന നാലാം സാമ്പത്തികപാദ (ക്യു4) ഫലങ്ങള്‍. നല്ല ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികളുടെ ഓഹരികള്‍ കേന്ദ്രീകരിച്ച് നല്ല കുതിപ്പുണ്ടാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: