ചിലര്‍ അങ്ങനെയാണ്. ജീവിതനിയോഗം പേറിയാവും ഈ ഭൂമിയില്‍ വന്നുപിറക്കുക. അല്ലാതെ ഉപജീവനത്തിനുവേണ്ടി ഒരു നിയോഗത്തില്‍ കുടുങ്ങിപ്പോവുകയല്ല. പൂര്‍വ്വജന്മപുണ്യസഞ്ചയത്താല്‍ ജീവിതനിയോഗവുമായി വന്നുപിറക്കുന്നവര്‍ മടങ്ങിപ്പോകുംവരെ ആ ദൗത്യം തുടരുക തന്നെ ചെയ്യും.
ഡോ.എ.എം.ഉണ്ണിക്കൃഷ്ണന് സാര്‍ ഈ ഭൂമിമലയാളത്തില് വന്നുപിറന്നത് മലയാളഭാഷ അദ്ധ്യാപകനാകുവാനായിരുന്നു എന്നത് ഒരിക്കലെങ്കിലും അദ്ദേഹത്തെ പരിചയപ്പെട്ടവര്‍ക്ക് ഉറപ്പിച്ചു പറയാനാവും. തമിഴ്ഭാഷയുടെ പാരമ്പര്യവും സംസ്കൃത ഭാഷയുടെ മഹത്വവും ചേര്‍ന്ന മലയാളഭാഷയുടെ കുലീനത മുഴുവന്‍ ഉണ്ണിക്കൃഷ്ണന് സാറിന്റെ അദ്ധ്യാപകജീവിതത്തില്‍ കാണാം. അദ്ധ്യാപനമല്ലാതെ മറ്റെന്തെങ്കിലും തൊഴില്‍ അദ്ദേഹം ജീവിതത്തില്‍ കാംക്ഷിച്ചിരുന്നോ എന്ന് എനിക്കറിയില്ല. അദ്ദേഹം മറ്റെന്തെങ്കിലും തൊഴില്‍ സ്വീകരിച്ചിരുന്നെങ്കില്‍ അത് മലയാളഭാഷ അദ്ധ്യാപന ചരിത്രത്തിലെ ഒരു മഹത്തായ അധ്യായത്തെ റദ്ദുചെയ്തുകളയുമായിരുന്നു.
പലപ്പോഴും ഭാഷാ അദ്ധ്യാപകരായി വരുന്ന പലരും മറ്റു പല മേഖലകളിലും എത്തിപ്പെടാന്‍ കഴിയാതെ ഒടുക്കം ഒത്തുതീര്‍പ്പെന്ന നിലയില്‍ സ്വീകരിക്കുന്ന തൊഴിലാവും അദ്ധ്യാപനം. ഇക്കാലത്ത് അത്തരക്കാരുടെ എണ്ണം വളരെ ഏറെയാണ്. അവരുടെ ക്ലാസ്സുകളില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്തായാലും മരണാനന്തരം നരകത്തില്‍ പോകേണ്ടിവരില്ല. ആ യാതന അവര്‍ ഈ ജീവിതത്തില്‍ത്തന്നെ അനുഭവിച്ചു തീര്‍ത്തിട്ടുണ്ടാവും. ഉണ്ണിക്കൃഷ്ണന് സാര്‍ മലയാളം അദ്ധ്യാപകനാകാന്‍വേണ്ടി ജനിച്ച ആളാണെന്ന് അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ ഏകകണ്ഠമായി പറയാറുണ്ട്.
ഒരു ഭാഷാ അദ്ധ്യാപകന് സാഹിത്യചരിത്രവും വ്യാകരണ സിദ്ധാന്തങ്ങളും സാഹിത്യനിരൂപണശൈലികളും മാത്രം പകര്‍ന്നു കൊടുക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ ഒരു നല്ല അദ്ധ്യാപകനാണ് എന്നു പറയാന്‍ കഴിയില്ല. ഭാഷയുടെ ആത്മാവും ജീവനും സംസ്കാരവും വിദ്യാര്‍ത്ഥിക്ക് പകര്‍ന്നുകൊടുക്കുമ്പോഴേ അയാള്‍ യഥാര്‍ത്ഥഭാഷാദ്ധ്യാപകനാകുന്നുള്ളു. ഡോ.എ.എം. ഉണ്ണിക്കൃഷ്ണന് സാര്‍ ഇവിടെയാണ് അദ്ധ്യാപകനെന്ന വിളിപ്പേരിന് അര്‍ഹനാകുന്നത്.
കേരളസര്‍വ്വകലാശാലയില്‍ വിദൂരവിദ്യാഭ്യാസത്തില്‍ മലയാളവിഭാഗത്തിന്റെ തലവനായി ഉണ്ണിക്കൃഷ്ണന് സാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എനിക്ക് അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിരുന്നെങ്കിലും ഞാന്‍ ആഗ്രഹിച്ച ശതമാനത്തില്‍ എനിക്ക് മാര്‍ക്കുണ്ടായിരുന്നില്ല. ഞാന്‍ ഇതിനോടകം ഗവേഷണ ബിരുദം സമ്പാദിച്ചിരുന്നെങ്കിലും ഒരിക്കല്‍ക്കൂടി എംഎ എഴുതണമെന്ന കലശലായ മോഹം എന്നെ പിടികൂടിയിരുന്നു. അക്കാലത്ത് സംഘടനാപ്രവര്‍ത്തനത്തില്‍ സംസ്ഥാനചുമതലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തിരക്കുകള്‍ക്കിടയില്‍ പഠിച്ചു പരീക്ഷ എഴുതി ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ കഴിയുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സര്‍വ്വോപരി എഴുത്തില്‍ എന്റെ വേഗക്കുറവും പരീക്ഷയില്‍ നന്നായി ശോഭിക്കുവാനാകുമോ എന്നൊരു സംശയം ജനിപ്പിച്ചു.
എന്നാല്‍ ഉണ്ണിക്കൃഷ്ണന് സാറിന്റെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രം വീണ്ടും പഠിക്കുവാനും സാമാന്യം തൃപ്തികരമായി പരീക്ഷ എഴുതി ഫസ്റ്റ് ക്ലാസ്സില്‍ വിജയിക്കുവാനും കഴിഞ്ഞു. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളില്‍ നില്ക്കുന്ന നിരവധിവിദ്യാര്‍ത്ഥികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുവാനും നേര്‍വഴികാട്ടുവാനും ഉണ്ണിക്കൃഷ്ണന് സാറിന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഞാന്‍ മലയാളം ഡിഗ്രി ക്ലാസ്സില്‍ പാലാ സെന്റ്തോമസ്സില്‍ പഠിക്കുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന ആര്.എസ്.വര്‍മ്മജി സാറിന്റെ ക്ലാസ്സുകള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭൂതിദായകമായിരുന്നു. നേര്‍ത്ത ശബ്ദത്തില്‍ നര്‍മ്മം ചാലിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ആഴമുള്ള അറിവുകള്‍ പകരുന്നവയായിരുന്നു. പിന്നീട് സമാനമായ ശബ്ദവിന്യാസത്തില്‍ ഗഹനമായ വിഷയങ്ങള്‍ പോലും ലളിതമായവതരിപ്പിക്കുന്ന ഉണ്ണിക്കൃഷ്ണന് സാറിന്റെ ബോധന ശൈലിയാണ് എന്നെ വളരെ ആകര്‍ഷിച്ചത്.
ആര്‍ഷമായ ഒരു ജ്ഞാനസാഗരം അദ്ദേഹത്തിന്റെ ഉള്ളില്‍ തിരയടിക്കുമ്പോഴും ബോധിസത്വന്റെ ധ്യാനഗംഭീരത പേറി നടക്കുന്ന ഒരദ്ധ്യാപകശ്രേഷ്ഠന്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഈവര്‍ഷം വിരമിക്കുന്നു എന്നത് കേവലം സാങ്കേതികത മാത്രമാണ്. തന്റെ അക്കാദമികജീവിതത്തില്‍ മുപ്പതോളം വൈജ്ഞാനികഗ്രന്ഥങ്ങള്‍ കൈരളിക്കു സംഭാവന ചെയ്ത ഒരദ്ധ്യാപകനെന്ന നിലയില്‍ ഉണ്ണിക്കൃഷ്ണന് സാറിന് വിശ്രമജീവിതം എന്നൊന്നുണ്ടാകുവാന്‍ വയ്യാ.
കേരളം ഇനിയും വേണ്ടത്ര മനസ്സിലാക്കാന്‍ ശ്രമിക്കാത്ത പരമഭട്ടാരക ചട്ടമ്പിസ്വാമികളെക്കുറിച്ച് ഏറ്റവും ആധികാരികമായ ഒരു ഗ്രന്ഥം മലയാളഭാഷയ്ക്ക് സംഭാവന ചെയ്യാന്‍ ധൈഷണികനേതൃത്വം വഹിച്ച അദ്ദേഹത്തെക്കാത്ത് എത്രയോ വലിയ ദൗത്യങ്ങള്‍ ബാക്കി നില്ക്കുന്നു. ഗവേഷണരീതിശാസ്ത്രത്തില്‍ തന്റേതായ പന്ഥാവ് വെട്ടിത്തുറക്കുവാനും നിരവധിവിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണമാര്‍ഗ്ഗദര്‍ശിയാകുവാനും കഴിഞ്ഞ അദ്ദേഹത്തിന്റെ ആ രംഗത്തെ സംഭാവനകള്‍ അദ്വിതീയമാണ്. കേവലമൊരു ഗവേഷണപ്രബന്ധം പടച്ചിറക്കുവാനല്ല, മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഈടുവയ്പുകളാകുന്ന മൗലിക കണ്ടെത്തലുകളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കാനാണ് ഉണ്ണിക്കൃഷ്ണന് സാര്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
കേരളത്തിലെ അക്കാദമികമേഖലകളില്‍ നിലനില്‍ക്കുന്ന അനാശാസ്യ രാഷ്ട്രീയസാഹചര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കറകളഞ്ഞ ദേശീയവാദിയായ ഉണ്ണിക്കൃഷ്ണന് സാറിന് ഇതിലുമെത്രയോ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുമായിരുന്നു. ചരിത്രം അദ്ദേഹത്തിന്റെ സാഹിത്യസംഭാ വനകളെ അടയാളപ്പെടുത്തുന്ന കാലം വരുക തന്നെ ചെയ്യും. ജ്ഞാനയോഗി യായ അദ്ദേഹത്തിന്റെ സുവര്‍ണ്ണസംഭാവനകള്‍ വരാനിരിക്കുന്നതേയുള്ളു എന്നതാണു സത്യം. ധൈഷണികയൗവനത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നതേയുള്ളു എന്നു കരുതുന്ന ഒരു വിനീതശിഷ്യനാണ് ഈയുള്ളവന്. ജ്ഞാനാദ്ഭുതങ്ങളുടെ തിരുപ്പിറവികള്‍ അദ്ദേഹത്തില്‍നിന്ന് ഇനിയുമുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: