ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷമാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നിശ്ചയിച്ചത്. ഇത്തവണ മത്സരിക്കുന്നില്ല എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇന്‍ഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ജന്മനാ തന്റെ അവകാശമാണെന്ന് കരുതുന്ന രാഹുല്‍ഗാന്ധിയെയാണ് അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം സുരേന്ദ്രന്‍ നടത്തിയ ഒരു പരാമര്‍ശം വിവിധ കേന്ദ്രങ്ങള്‍ വന്‍ കോലാഹലമാക്കി. സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നാണെന്നും, അതിനെ ഔദ്യോഗികമായി അംഗീകരിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതു ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഷ്‌ട്രീയകക്ഷി നേതാക്കളും മതനിരപേക്ഷത വാദികളും രാജ്യത്തെ ഹിന്ദു രാഷ്‌ട്രമാക്കി പ്രഖ്യാപിക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണിതെന്ന് വിളിച്ചു കൂവി. കുറെ ദിവസങ്ങള്‍ പ്രമുഖ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും അതിനായി സ്ഥലവും സമയവും ചെലവഴിച്ചു.
ഗണപതി വട്ടം എന്ന സ്ഥലത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനസംഘത്തിന്റെ ഉത്തരകേരള സംഘടന കാര്യദര്‍ശിയായി 1969 ല്‍ നിയുക്തനായപ്പോഴാണ് എനിക്ക് അവിടെ പോകാന്‍ അവസരം ഉണ്ടായത്. അതിനുമുമ്പും അവിടത്തെ മുതിര്‍ന്ന സംഘ ജനസംഘ പ്രവര്‍ത്തകരെ അറിയാമായിരുന്നു. 1956 ചെന്നൈയില്‍ നടന്ന സംഘശിക്ഷാവര്‍ഗില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എം. ടി. കരുണാകരന്‍ അന്ന് കല്‍പ്പറ്റയില്‍ വിസ്താരകനായിരുന്നു. വയനാട്ടിനെപ്പറ്റിയുള്ള പ്രാഥമിക ജ്ഞാനം അന്നാണ് ലഭിച്ചത്. പനമരത്ത് പ്രചാരകനായി വിജയകുമാര്‍ എന്നയാളും ഉണ്ടായിരുന്നു. മലബാര്‍ പ്രചാരകനായിരുന്നു ശങ്കര്‍ ശാസ്ത്രി. ഇതുപോലെ ധാരാളം സ്വയംസേവകര്‍ക്ക് അവസരം നല്‍കിയിരുന്നു. കളരി വിദ്യ വശമായിരുന്നതിനാല്‍ പരിശീലനത്തിനിടെ ആര്‍ക്കെങ്കിലും ഉളുക്ക്, ചതവ് മുതലായവ ഉണ്ടായാല്‍ വിജയനായിരുന്നു കുരിക്കളായി ഉപചാരങ്ങള്‍ ചെയ്യുക. പിന്നീട് ഗുരുവായൂര്‍കാരനായി വിജയേട്ടന്‍ സംസ്ഥാനമെങ്ങും പ്രശസ്തനായി.
കരുണാകരനാകട്ടെ ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ടെക്‌നിക്കല്‍ പഠനം കഴിഞ്ഞ് തമിഴ്‌നാട് സര്‍വീസില്‍ കയറി. അവിടെനിന്ന് വിരമിച്ച് തിരുവനന്തപുരം പ്രസിദ്ധമായ ഒരാശ്രമത്തില്‍ അവിടുത്തെ മാതാജിയെ സേവിച്ച് കുടുംബസമേതം കഴിയുന്നു. കുറേ വര്‍ഷങ്ങളായി എനിക്ക് ബന്ധമൊന്നുമില്ല. അദ്ദേഹത്തിന്റെ ചേട്ടന്റെ മകന്‍ കുമാര്‍ നാറാത്ത് വാസനാസമ്പന്നനായ യുവ കവി എന്ന നിലയ്‌ക്ക് പ്രശസ്തനായിരുന്നു. എം. ടി. കരുണാകരനില്‍ നിന്നാണ് ഞാന്‍ ‘സുല്‍ത്താന്‍സ് ബാറ്ററി’ എന്ന പേര് ആദ്യമായി കേട്ടത്.
ആദ്യ യാത്രയില്‍ അവിടെ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായ വി. ബാലകൃഷ്ണന്‍ നായരെ പരിചയപ്പെട്ടു. അദ്ദേഹം കോഴിക്കോട് മാങ്കാവിന് അടുത്തുള്ള ആളാണ്. മാധവജിയോടും ഭരതേട്ടനോടുമൊപ്പം സാമൂതിരി വിദ്യാലയത്തിലെ സഹപാഠിയും ആഴ്ചവട്ടം ശാഖ സ്വയംസേവകനും ആയിരുന്നു. ബത്തേരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി. മലബാറിന്റെ ചരിത്രത്തില്‍ അഗാധ പരിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ബത്തേരി എന്ന പേര്‍ അങ്ങേയറ്റം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മലബാറിന്റെ മേല്‍ മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണം ഉണ്ടാകുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മൈസൂര്‍ രാജ്യത്തിന്റെ മലബാറിലേക്കുള്ള വാണിജ്യ മാര്‍ഗത്തിലെ പ്രധാനമായ ഇടത്താവളം ആയിരുന്നു ഗണപതിവട്ടം.
തങ്ങളുടെ ഉത്പന്നങ്ങള്‍ കോഴിക്കോട്ടോ തലശ്ശേരിയിലോ ഉള്ള തുറമുഖങ്ങള്‍ വഴി അയയ്‌ക്കാനുള്ള വാണിജ്യ മാര്‍ഗത്തിലെ പ്രധാന താവളം ആയിരുന്നു അത്. ശൈവരും ജൈനമാരും ആയിരുന്നു വണിക്കുകള്‍. അവര്‍ താന്താങ്ങളുടെ ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു. അതിലൊന്ന് ഗണപതിയമ്പലവും മറ്റൊന്ന് ജൈന ക്ഷേത്രവും ആയിരുന്നു. ജൈന ക്ഷേത്രം ഇന്നും അവിടെയുണ്ട്. ടിപ്പുവിന് ആദ്യം കാണാന്‍ കഴിഞ്ഞത് ഗണപതി കോവിലായിരുന്നു. അതിന്റെ സമീപത്തു പീരങ്കികള്‍ സ്ഥാപിച്ച് വെടിവെച്ചു തകര്‍ക്കാന്‍ സേനാനായകന്‍ കമറുദ്ദീന്‍ ഷായെ സുല്‍ത്താന്‍ ചുമതലപ്പെടുത്തി. ആക്രമണത്തില്‍ ക്ഷേത്രം തകര്‍ന്നു. അവിടുത്തെ വ്യാപാര കേന്ദ്രവും നിലംപരിശായി.
ആദ്യം ക്ഷേത്രത്തെപ്പറ്റിയുള്ള വിവരം ബാലന്‍ മാസ്റ്ററില്‍ നിന്നും മനസ്സിലായ ശേഷമാണ് അതു കാണാന്‍ പോയത്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ പണിയപ്പെട്ട ആ അമ്പലം ചിന്നഭിന്നമായി കിടന്നു. ശ്രീകോവിലിന് മേല്‍ക്കൂരയില്ല. ഏതാണ്ട് 12 അടി പൊക്കമുള്ള ഗണേശ വിഗ്രഹത്തിന് തലയില്ല. ചിന്നിച്ചിതറി കിടക്കുന്ന കല്‍കൂട്ടത്തിനിടയില്‍ അതു കാണാമായിരുന്നു. അമ്പലപ്പറമ്പ് മുഴുവന്‍ ചുറ്റമ്പലത്തിന്റെയും മറ്റു നിര്‍മ്മിതികളുടെയും അവശിഷ്ടങ്ങളാണ്. ടിപ്പുസുല്‍ത്താന്റെ മതസഹിഷ്ണുതയെയും ക്ഷേത്രങ്ങള്‍ക്ക് ഭൂദാനം നല്‍കിയതിനെപ്പറ്റിയും വാഴ്‌ത്തുപാട്ട് ചരിത്രങ്ങള്‍ എഴുതിയ വിദഗ്ധര്‍ ഇത് കണ്ടിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.
നഗരത്തിലും സമീപങ്ങളിലും സംഘ ശാഖകള്‍ നടക്കുന്നുണ്ടായിരുന്നു. അവര്‍ ഈ ക്ഷേത്ര കാര്യങ്ങള്‍ മാധവജിയുമായി സംസാരിച്ചു. അന്ന് അവിടെ പ്രചാരകന്‍ കോഴിക്കോട് ഇന്ന് മുതിര്‍ന്ന പ്രവര്‍ത്തകനായ രത്‌നാകരനായിരുന്നു. കോളനി സ്വയംസേവകരും മുന്‍കൈയെടുത്തു. മലബാര്‍ ക്ഷേത്രസംരക്ഷണ സമിതി രൂപം കൊണ്ടു. ബാലുശ്ശേരിക്ക് അടുത്ത് കുളത്തൂരില്‍ ആധ്യാത്മിക സാമൂഹ്യരംഗങ്ങളില്‍ സ്തുത്യര്‍ഹ സേവനം നടത്തിവന്ന ഗുരുവരാനന്ദ സ്വാമികളെ അവര്‍ പോയി കണ്ട് ഉപദേശം തേടി. അദ്ദേഹം തന്നെ സ്ഥലത്ത് വന്ന് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കി. അന്നാട്ടിലെ ഹിന്ദു ജനതയെയാകെ ഇളക്കിമറിച്ച് അദ്ദേഹം ക്ഷേത്ര പുനരുദ്ധാരണത്തില്‍ പങ്കാളികളാക്കി.
ഇതിനെപ്പറ്റി ജന്മഭൂമിയുടെ മുഖ്യ പത്രാധിപരായിരുന്ന വി. എം. കോറാത്ത് ഓര്‍മ്മയുടെ നിലാവ് എന്ന തന്റെ ആത്മകഥയില്‍ ഇങ്ങനെ എഴുതി: ”ഇത്തരം യാത്രകള്‍ക്കിടയിലാണ് കേളപ്പജി വയനാട്ടില്‍ ബത്തേരിയിലെ ഗണപതിവട്ടം ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം കാണാനിടയായത്. കൊളത്തൂര്‍ ആശ്രമത്തിലെ ഗുരുവരാനന്ദ സ്വാമികളുടെ മേല്‍നോട്ടത്തിലാണ് അത് നടക്കുന്നത് എന്നറിഞ്ഞപ്പോള്‍ സ്വാമിയേ നേരിട്ടു കാണണം എന്നു നിര്‍ബന്ധം. ഒരു ദിവസം കുളത്തൂര്‍ ആശ്രമത്തിലും തൊട്ടടുത്തുതന്നെ പുനര്‍നിര്‍മാണം നടത്തിയ മഹാക്ഷേത്രത്തിലും സ്വാമിജിയെ കണ്ടു. പൂര്‍ണ്ണമായും തകര്‍ന്നുകിടന്നിരുന്ന ഈ ക്ഷേത്രമാണ് സ്വാമിയുടെ പരിശ്രമഫലമായി ആദ്യം നവീകരിക്കപ്പെട്ടത്. പിന്നീട് ഗണപതി വട്ടം ഉള്‍പ്പെടെ പലക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനും സ്വാമി നേതൃത്വം വഹിച്ചു. കൊളത്തൂര്‍ സന്ദര്‍ശനം കേളപ്പജിയെ ആവേശഭരിതനാക്കി. ഒരാള്‍ക്ക് ഇത്രയെല്ലാം ചെയ്യാനാവുമെങ്കില്‍ സമിതിക്ക് നാട്ടിലെ ജീര്‍ണിച്ച ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം നടത്തുക അത്ര ശ്രമകരമാവില്ല എന്ന് ആത്മഗതം മുഖഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലായി.” മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെയും തുടര്‍ന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും പ്രചോദനം ഗണപതിവട്ടം പുനരുദ്ധാരണം ആയിരുന്നുവെന്ന് നിസ്സംശയം പറയാം.
കെ. സുരേന്ദ്രന്റെ ഗണപതിവട്ട പ്രസ്താവന മതേതര ജനാധിപത്യ നാട്യക്കാരുടെ മുറിവിളികള്‍ക്ക് വിഷയമായി. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കാനും ഭാരതത്തെ ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കാന്‍ ഉള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ അരങ്ങേറ്റമായാണ് അവര്‍ ഇതിനെ കണ്ടത്. എന്നാല്‍ ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ടല്ലല്ലോ ഭാരതം ഹിന്ദു രാഷ്‌ട്രം ആയത്. വിഷ്ണുപുരാണത്തിലും ജ്ഞാനപ്പാനയിലുമൊക്കെ സംശയത്തിനിട നല്‍കാത്തവിധത്തില്‍ അത് വ്യക്തമാക്കപ്പെട്ടതാണ്.
ബ്രിട്ടീഷുകാര്‍ക്ക് നാവു വഴങ്ങാത്തതിനാല്‍ ഭാരതത്തിലെ പലസ്ഥലങ്ങള്‍ക്കും പേരു നല്‍കിയത് തോന്നിയ പോലെയാണ്. ടിപ്പുവിനെതിരെ സൈനിക നടപടി ആരംഭിച്ചപ്പോള്‍ അവര്‍ക്ക് വയനാട്ടിലേക്ക് കടക്കാനുള്ള തടസ്സം ഗണപതി വട്ടത്തെ പീരങ്കി നിരയായിരുന്നു. പീരങ്കി നിരയ്‌ക്കുള്ള ആംഗലമാണ് ബാറ്ററി. ആ സ്ഥലത്തെ അവര്‍ സുല്‍ത്താന്‍സ് ബാറ്ററിയാക്കി. അങ്ങനെ മിക്ക സ്ഥലങ്ങളുടെയും ഇംഗ്ലീഷ് പേരുകള്‍ അപഭ്രംശങ്ങള്‍ ആയി. കന്യാകുമാരിയെ കേപ്പ് കോമറിന്‍, തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം,കൊല്ലത്തെ ക്വയിലോണ്‍, ആലപ്പുഴയെ ആലപ്പി, തൃശ്ശിവപേരൂരിനെ ത്രിച്ചൂര്‍, ചെറുവണ്ണൂരിനെ ഷോര്‍ണൂര്‍, ചാവക്കാടിനെ ചൗഘാട്ട്, കോഴിക്കോടിനെ കാലിക്കട്ട്, വടകരയെ ബഡഗര, മയ്യഴിയെ മാഹി, തലശ്ശേരിയെ തെല്ലിച്ചേരി, കണ്ണൂരിനെ കണ്ണന്നൂര്‍, വളര്‍പട്ടണത്തിന് വലിയ പട്ടാം എന്നിങ്ങനെ പോ
യി നാമകരണം.
സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലനാമങ്ങള്‍ ശുദ്ധ തമിഴില്‍ ആക്കിയതായി പ്രഖ്യാപിച്ചു. മദ്രാസ് ചെന്നൈയും ട്രിച്ചി പൊളി തിരുച്ചിറ പള്ളിയും തിന്ന വേലി തിരുനെല്‍വേലിയുമായി. ദേശീയതലത്തിലും അതു നടന്നു. ന്യൂഡല്‍ഹി നായി ദില്ലിയും, ബനാറസ് വാരണാസിയും, അലഹബാദ് പ്രയാഗ്രാജും, ബോംബെ മുംബയും, കല്‍ക്കത്ത കൊല്‍ക്കത്തയും, ബസ്‌വാട വിജയവാഡയും ഗോവ ഗോമന്തകവുമായി.
കേരളത്തില്‍ രാജഭരണ കാലത്തുതന്നെ സ്ഥലപ്പേരുകള്‍ മാറ്റാന്‍ ആലോചന തുടങ്ങിയിരുന്നു. പക്ഷേ പറയാനുള്ള സൗകര്യത്തിന്റെ പേരില്‍ അത് മാറ്റിവയ്‌ക്കപ്പെട്ടു. എന്നാലും തിരുവനന്തപുരവും കൊല്ലവും ഔപചാരികമായി നിലവില്‍ വന്നു. പിന്നീട് പല ജനകീയ സര്‍ക്കാരിലും ഇത് ചര്‍ച്ചയായെങ്കിലും പ്രയോഗത്തില്‍ വന്നില്ല. വാസ്തവത്തില്‍ കപട മതനിരപേക്ഷ ചിന്തയായിരുന്നു അതിനു കാരണം എന്ന് കരുതേണ്ടിയിരിക്കുന്നു. ട്രിവാന്‍ഡ്രത്തെ തിരുവനന്തപുരം ആക്കിയാല്‍ ടൈപ്പ് ചെയ്‌തെടുക്കാനുള്ള പ്രയാസം പല സാങ്കേതികവിദഗ്ധരും ചൂണ്ടിക്കാട്ടി. ഏതായാലും കുറെ കാലം രണ്ടും സാധുവായി കരുതപ്പെട്ടു. ഇ. കെ. നായനാര്‍ മുഖ്യമന്ത്രി യായിരുന്ന കാലത്ത് കുറെ സ്ഥലങ്ങളുടെ പേരുകള്‍ മലയാളത്തില്‍ ആക്കി ഗസറ്റ് വിജ്ഞാപനം ഇറക്കി. കൊല്ലത്തിനും ആലപ്പുഴയ്‌ക്കും കോഴിക്കോടിനും തലശ്ശേരിമൊന്നും മതേതര ഭീഷണി വന്നില്ല.
എന്നാല്‍ ചില സ്ഥലപ്പേരുകള്‍ തനി മതനിരപേക്ഷത വിരുദ്ധമായി അനുഭവപ്പെട്ടു. ട്രിച്ചൂര്‍ ശരിക്കും തൃശ്ശിവപേരൂര്‍ ആകേണ്ടതായിരുന്നു. അതില്‍ ഹിന്ദു രാഷ്‌ട്ര നിര്‍മ്മിതി ശ്രമം ശങ്കിച്ചാകും തൃശൂര്‍ എന്ന് മതിയെന്ന് വച്ചത്. കണ്ണൂരിന് ഇംഗ്ലീഷില്‍ ക്യാനന്നൂര്‍ എന്നാണ് പറഞ്ഞുവന്നത്. അവിടുത്തെ സൈനികത്താവളത്തിന് സമീപമുള്ള കണ്ണന്നൂര്‍ ക്ഷേത്രത്തിന്റെ പേരാണ് ക്യാനന്നൂര്‍ എന്നായത്. അത് കണ്ണന്നൂര്‍ എന്ന ആക്കുകയേ വേണ്ടിയിരുന്നുള്ളൂ. ആ നാടിന്റെ കുത്തകാധികാരമാളാന്‍ കച്ചകെട്ടിയിരിക്കുന്ന മതനിരപേക്ഷകക്ഷികള്‍ക്കു തികച്ചും വര്‍ഗീയത വമിക്കുന്ന കണ്ണന്നൂര്‍ എങ്ങനെ സഹിക്കാനാകും. തൃശ്ശിവപേരൂരും കണ്ണന്നൂരും ഗണപതിവട്ടത്തിനൊപ്പം കണക്കാക്കപ്പെടണം എന്നാണ് നാടിന്റെ തനിമ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഈ ലേഖകന് പറയാനുള്ളത്. അത്രയ്‌ക്കൊക്കെ ഹിന്ദുത്വത്തെ സഹിക്കാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: