ന്യൂദല്‍ഹി: ജയിലിലായിട്ടും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാത്ത അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. ദേശീയ താല്പ്പര്യത്തിനെക്കാള് വ്യക്തിതാല്‍പ്പര്യത്തിന് മുന്‍തൂക്കം നല്കുന്നതുകൊണ്ടാണ് കേജ്രിവാള് രാജിവെക്കാത്തത്. എഎപിയുടെ നേതൃത്വത്തിലുള്ള ദല്‍ഹി സര്‍ക്കാരിന് അധികാരത്തില്‍ മാത്രമാണ് താല്പര്യമെന്നും കോടതി തുറന്നടിച്ചു. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ സര്‍ക്കാര്‍ സ്കൂളുകളിലെ രണ്ടു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കാത്തതുമായ ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് മന്മീത് പ്രീതം സിങ് അറോറ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിമര്‍ശനം. സോഷ്യല്‍ ജൂറിസ്റ്റ് എന്ന സംഘടനയാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം ലഭിക്കാത്തതില്‍ ദല്‍ഹി സര്‍ക്കാരിന് വിഷമമില്ലെന്ന് കോടതി പറഞ്ഞു. കോടതി എന്ന നിലയില്‍, പുസ്തകങ്ങള്‍, യൂണിഫോം മുതലായവ വിതരണം ചെയ്യുക എന്നത് തങ്ങളുടെ ജോലിയല്ല. ആരെങ്കിലും അവരുടെ ജോലിയില്‍ വീഴ്ച വരുത്തുന്നതിനാലാണ് തങ്ങള്‍ ഇത് ചെയ്യേണ്ടിവരുന്നത്. നിങ്ങളുടെ കക്ഷിക്ക് അധികാരത്തില്‍ മാത്രമാണ് താല്‍പ്പര്യം. നിങ്ങള്‍ക്ക് എത്ര അധികാരം വേണമെന്ന് അറിയില്ലെന്നും കോടതി പറഞ്ഞു.
നോട്ട്ബുക്കുകള്‍, സ്റ്റേഷനറി സാധനങ്ങള്‍, യൂണിഫോം, സ്കൂള്‍ ബാഗുകള്‍ എന്നിവ വിതരണം ചെയ്യാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കാത്തതാണെന്ന് എംസിഡി കമ്മീഷണര്‍ കോടതിയില്‍ അറിയിച്ചിരുന്നു. അഞ്ച് കോടിയിലധികം മൂല്യമുള്ള കരാറുകള്‍ നല്കാന് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മാത്രമേ അധികാരം ഉള്ളൂ. സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിച്ചിട്ടില്ലെങ്കില്‍, ദല്‍ഹി സര്‍ക്കാര്‍ ഉചിതമായ അതോറിറ്റിക്ക് ഉടന്‍ കൈമാറണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാന ത്തിന് മുഖ്യമന്ത്രിയുടെ സമ്മതം ആവശ്യമാണെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജില്‍ നിന്ന് തനിക്ക് നിര്‍ദ്ദേശം ലഭിച്ചതായി ദല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന് ഇന്നലെ കോടതിയെ അറിയിച്ചു. നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജ് വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് നേരെ കണ്ണടച്ച് മുതലക്കണ്ണീര് ഒഴുക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി കസ്റ്റഡിയിലായിട്ടും സര്‍ക്കാര്‍ തുടരുമെന്ന് പറയുന്നത് നിങ്ങളുടെ ഇഷ്ടമാണെന്ന് കോടതി പറഞ്ഞു. പോകാന്‍ ആഗ്രഹിക്കാത്ത വഴിയിലൂടെ പോകാന്‍ നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ ശക്തിയെ കുറച്ചുകാണുന്നു. ദല്‍ഹിയില്‍ കാര്യങ്ങള്‍ വളരെ മോശമാണെന്നും എംസിഡിക്ക് കീഴിലുള്ള മിക്കവാറും എല്ലാ പ്രധാനപ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്നും സമ്മതിക്കുന്നതാണ് കേസിലെ ദല്‍ഹി സര്‍ക്കാരിന്റെ നിലപാടെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹന് കൂട്ടിച്ചേര്‍ത്തു. ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ നേരത്തെ വാദം കേള്‍ക്കുന്നതിനിടെ എംസിഡി കമ്മീഷണര്‍ രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടോ യൂണിഫോമോ ഇല്ലെന്നും അതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേഷനറി റീഇംബേഴ്സ്മെന്റ് നല്‍കിയിട്ടില്ലെന്നും ബെഞ്ചിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: