വാഷിങ്ടണ്‍: അമേരിക്കന്‍ പോലീസിന്റെ ക്രൂരതയില്‍ 2020ല്‍ ജോര്‍ജ് ഫേ്ളായിഡിന്റെ ദാരുണ മരണത്തിന് ഇടയാക്കിയതിന് സമാനമായ മറ്റൊരു സംഭവം കൂടി. പോലീസ് പിടികൂടിയ ഫ്രാങ്ക് ടൈസണ്‍ എന്ന 53കാരനാണ് മരിച്ചത്. മിനസോട്ട സംസ്ഥാനത്ത് 2020ല്‍ ജോര്‍ജ് ഫേ്ളായിഡ് എന്ന കറുത്തവര്ഗക്കാരന് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായി ശ്വാസം മുട്ടി കൊല്ലപ്പെട്ടിരുന്നു.
പോലീസ് കീഴടക്കിയ ശേഷം ഫ്രാങ്ക് ടൈസണ്‍, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പലതവണ പറയുന്നതിന്റെ ദൃശ്യം പുറത്തുവന്നു. പോലീസിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരണത്തിന് മുമ്പ് ജോര്‍ജ് ഫേ്ളായിഡും ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞിരുന്നു. ഈ മാസം പതിനെട്ടിനുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട് ഒഹായോയിലെ കാന്റോണ്‍ പോലീസാണ് ഫ്രാങ്ക് ടൈസണെ അറസ്റ്റ് ചെയ്തത്. ഒരു ബാറില്‍ വെച്ചായിരുന്നു അറസ്റ്റ്. ബലം പ്രയോഗിച്ച് നിലത്തുവീഴ്ത്തിയ ശേഷം ടൈസനെ വിലങ്ങുവെയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു.
ഇതെല്ലാം ഇപ്പോള്‍ പുറത്തുവന്ന 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമായി കാണാം. പോലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ടൈസണ്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. ജോര്‍ജ് ഫേ്ളായിഡിന് സംഭവിച്ചതിന് സമാനമായി ഒരു പോലീസുകാരന് ടൈസന്റെ കഴുത്തില്‍ മുട്ടുകാല് കൊണ്ട് അമര്‍ത്തിയിരുന്നു. മുപ്പതു സെക്കന്‍ഡോളം പോലീസുകാരന് ഇത്തരത്തില്‍ മുട്ടുകാല് അമര്‍ത്തി. ഈ സമയത്താണ് ശ്വാസം കിട്ടുന്നില്ലെന്നും കഴുത്തില്‍ നിന്ന് കാലെടുത്ത് മാറ്റണമെന്നും ടൈസണ്‍ പറയുന്നത്.
ഇതിന് ശേഷം ടൈസണ്‍ ബോധരഹിതനായി. ആറുമിനിറ്റോളം ടൈസണ്‍ നിലത്തുകിടന്നു. ഇതിനിടെ ടൈസണ്‍ ശ്വാസമുണ്ടോ, പള്‍സ് ഉണ്ടോ എന്നെല്ലാം പോലീസുകാര്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എട്ട് മിനിറ്റ് കഴിഞ്ഞാണ് പോലീസ് വിലങ്ങ് അഴിച്ചതും പ്രാഥമികശുശ്രൂഷകള്‍ നല്കിയതും. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ടൈസണ്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ഒഹായോ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: