തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ഉപഭോഗം പുതിയ സര്‍വകാല റെക്കോര്‍ഡായി. വെള്ളിയാഴ്ച പീക്ക് സമയത്തെ ഉപഭോഗം 5608 മെഗാവാട്ടായി.
104.86 ദശലക്ഷം യൂണിറ്റാണ് ഇന്നലെ കേരളത്തിലെ ആകെ വൈദ്യുതി ഉപഭോഗം. ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിച്ചാല്‍ അധികലോഡ് കാരണം ഇടയ്ക്കിടെ ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ സാധിക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു. പീക്ക് സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാം. പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നതു മൂലം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹന ബാറ്ററിയുടെ ആയുസിനെ ബാധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: