പത്തനംതിട്ട: പത്തനംതിട്ടയിൽ നല്ല ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. പത്തനംതിട്ടയിൽ കോൺഗ്രസ് പരാജയം മനസ്സിലാക്കിക്കഴിഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിനെതിരെ ജനവികാരമുണ്ട്. ആൻ്റോ ആൻ്റണിക്കെതിരെ അതിനേക്കാൾ വലിയ ജനവികാരമാണുള്ളതെന്നും അനിൽ പറഞ്ഞു.
ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചുവെന്നും ഉറപ്പായും താൻ പത്തനംതിട്ടയിൽ വിജയിക്കും. എൻഡിഎ പ്രവർത്തകരിൽ നിന്നും നല്ല സഹകരണം ഉണ്ടായിരുന്നുവെന്നും അനിൽ ആൻ്റണി പറഞ്ഞു. ആൻ്റോ ആൻ്റണി വികസനത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഇവിഎം, കള്ളവോട്ട്, താമര ചിഹ്നം എന്നിവയെ പറ്റി മാത്രമാണ് ആന്റോ ആൻറണി പറഞ്ഞത്. ആന്റോ ആൻറണിയുടേത് ബാലിശമായ ആരോപണങ്ങളാണ്. ആൻ്റോ ആന്റണി പരാജയം സമ്മതിച്ച് കഴിഞ്ഞു. സാധാരണ തെരഞ്ഞെടുപ്പ് തോൽക്കുമ്പോഴാണ് ഇവിഎമ്മിനെപ്പറ്റി കുറ്റം പറയുകയെന്നും അനിൽ പറഞ്ഞു.
ദേശീയതലത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒരു മുന്നണിയുടെ ഭാഗമാണ്. രാജസ്ഥാനിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഒരംഗം പോലും ഉണ്ടോ എന്നറിയില്ല. രാജസ്ഥാനിലും സിപിഎമ്മിന് സീറ്റ് കൊടുത്തിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്ക് ആകെ സ്വാധീനം ഉള്ള സംസ്ഥാനം കേരളം മാത്രമാണ്. കോൺഗ്രസും സിപിഎമ്മും തനിക്കെതിരെ ശക്തമായി മത്സരിക്കാൻ ശ്രമിച്ചു. ഇരു കൂട്ടരും പരാജയപ്പെടും. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് പാർട്ടിയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതം മാത്രമാണ്. പത്തനംതിട്ടയിൽ കോൺഗ്രസ് പരാജയം മനസ്സിലാക്കിക്കഴിഞ്ഞു.
സമയമാകട്ടെ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവരെപ്പറ്റിയെല്ലാം പറയാം. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞതല്ലേയുള്ളൂ. ദേശീയതലത്തിൽ തനിക്ക് ഇനിയും ചുമതലകളുണ്ട്. ഒന്നാം തീയതി മുതൽ മറ്റു ചില സംസ്ഥാനങ്ങളിൽ ചുമതലകളുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പേ കഴിഞ്ഞിട്ടുള്ളൂ. ഇനിയും അഞ്ച് ഘട്ടങ്ങൾ കൂടി ബാക്കിയുണ്ട്. അത് കൂടി കഴിയട്ടെയെന്നും അനിൽ കൂട്ടിച്ചേർത്തു. ആരാണ് ബിജെപിയിലേക്ക് വരുന്നത് എന്നൊന്നും തനിക്കറിയില്ല. ഇ പി ജയരാജൻ വിഷയം ശ്രദ്ധിച്ചിട്ടില്ല. തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഇനി നിയമ നടപടി സ്വീകരിക്കുമെന്നും അനിൽ ആന്റണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: