തൃശൂര്‍ : പോളിംഗ് കഴിഞ്ഞ ശേഷം ക്ഷേത്രദര്‍ശനം നടത്തിയിറങ്ങുന്ന സുരേഷ് ഗോപിക്ക് പ്രതീക്ഷകള്‍ വാനോളം. . വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ താരം ജൂണ്‍ നാലിന് ശേഷം പ്രവര്‍ത്തനം ഗംഭീരമാക്കുമെന്ന് വിജയപ്രതീക്ഷ നിറഞ്ഞ ചിരിയോടെ പറയുന്നു.
“വിജയിക്കും എന്നുറപ്പുണ്ടോ?” എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ ഉത്തരം ഇതായിരുന്നു:”ജൂണ്‍ നാലിന് ശേഷം ശക്തമായ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഒരു താലം, തട്ട് തൃശൂര്‍ ജനത കേരളത്തിന്റെ ഇംഗിതപ്രകാരം തയ്യാറാക്കി ഇന്ന് പെട്ടിക്കുള്ളിലാക്കിവെച്ചിട്ടുണ്ടെന്നാണ് ആത്മവിശ്വാസം. ”
“അപ്പോള്‍ തൃശൂരിന് ഒരു കേന്ദ്രമന്ത്രി ഉറപ്പാണോ?”- മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി അപ്രതീക്ഷിതമായിരുന്നു: “അതിനൊക്കെ ഒരു പാട് ആളുകളുണ്ട്. അവര്‍ക്കെല്ലാം അവസരം കിട്ടട്ടെ. നമുക്കിനിയും സമയമുണ്ട്. അതുപോലെ പ്രവര്‍ത്തിച്ചാ പോരേ. അഞ്ചുവകുപ്പുകള്‍ നോട്ടമിട്ടുവെച്ചിട്ടുണ്ടെന്നും ആ വകുപ്പുകളുടെ മന്ത്രിമാര്‍ പറയുന്നത് ഒന്ന് സാധിച്ച് തന്നാല്‍ മതിയെന്ന് വിനയാന്വിതനായി സുരേഷ് ഗോപി. മന്ത്രിക്കും മേലെയുള്ള ഒരു അധികാരം എനിക്ക് സാധ്യമാക്കാന്‍ കഴിയും. അതുപോരെ” – ഇത്രയും പറഞ്ഞ് പ്രത്യേക ചിരിയോടെ സുരേഷ് ഗോപി.
രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള വോട്ടര്‍മാരുടെ ആവേശം തന്റെ ആത്മവിശ്വാസം കൂട്ടുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. തൃശൂരില്‍ കുറച്ചുകൂടി സന്ദര്‍ശനങ്ങള്‍ ബാക്കിയുണ്ടെന്നും എല്ലായിടത്തും ഓടിയെത്താന്‍ പറ്റിയില്ലെന്നും അത് കഴിഞ്ഞ് മാത്രമേ തിരുവനന്തപുരത്തേക്ക് പോകൂ എന്നും താരം പറഞ്ഞു. നടുവിനുള്ള ആയുര്‍വേദ ചികിത്സ ബാക്കിയുണ്ടെന്നും അത് കഴിഞ്ഞ് നല്ലരിക്കയും കഴിഞ്ഞ് യുഎസില്‍ പോകുമെന്നും അടുത്ത പടത്തിന്റെ ഷൂട്ടിംഗ് അവിടെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
മറ്റൊരു പടവും ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ ഷൂട്ടിംഗിന് പോയിക്കഴിഞ്ഞാല്‍ പിന്നെ ജൂണ്‍ നാലിന് തിരിച്ചെത്താന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നുവെന്നും അതിനാല്‍ ആ പടം കഴിഞ്ഞുള്ള പടമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്ര, ദല്‍ഹി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: