ഉരുക്ക് പാളങ്ങളെപ്പോലെ, തൂല്യഅകലത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന തീര്‍ത്തും ദൃഢവും വ്യത്യസ്ഥവുമായ വ്യക്തിത്വങ്ങളാണ് ഞങ്ങളെന്നാണ് കരുതുന്നതെങ്കില്‍, നിങ്ങളുടെ ആ സങ്കല്പവും സത്യമായി തന്നെ വരും. അതാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യം. നിങ്ങള്‍ ഇച്ഛിക്കുന്നത് പോലെ ഈ ജീവിതത്തെ എങ്ങനെയും മാറ്റിമറിക്കാം. അതിന് പ്രകൃതി അനുകൂലമായി തന്നെ നിന്ന് തരും. അവസാനം നാം പോരാടി നേടുന്ന ജയപരാജയങ്ങളില്‍, കൂടെ നിന്ന് കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രകൃതിക്ക് വേണ്ടതും അതാണ്. പാകമാകുന്നത് വരെ എങ്ങനേയും സത്തയോട് നിന്നെ അടുപ്പിക്കാതെ, സൃഷ്ടിയെ നീട്ടികൊണ്ടുപോകുക.
കാലവുമായി നേരിട്ട് സംവദിച്ച്, പൂര്‍വ്വികര്‍ കണ്ടെടുത്ത കുറേ സത്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുവാന്‍ ശ്രമിച്ചത്. അതൊക്കെ സ്വീകരിച്ചോ അല്ലാതെയോ ജീവിക്കാം. എന്നാല്‍ വിജയിച്ച്, ഒറ്റപ്പെട്ട, സംഭവങ്ങളെ നിങ്ങളുടെ ജീവിതത്തിനോട് ചേര്‍ത്ത് കാണിച്ച്, നിങ്ങളിലെ ശ്രദ്ധയെ ഭ്രമിപ്പിക്കുന്ന രീതിയിലാണ് ഈ പ്രകൃതിയിലെ മായ പ്രവര്‍ത്തിക്കുന്നത്. അത് അറിയാതെ ജീവിക്കുന്ന നിങ്ങളാകുന്ന ഉരുക്ക് പാളങ്ങളില്‍ കൂടി, ഒരു പാട് തവണ ചൂളം വിളിച്ചുകൊണ്ട് മരണമാകുന്ന തീവണ്ടിയെ അവള് ഓടിക്കും, അന്ന് പാളങ്ങളുടെ പുറത്ത് കിടന്നും, ജന്മങ്ങളാകുന്ന കമ്പാര്‍ട്ടുമെന്റ്കളില്‍ ഇരുന്നും, കഥയറിയാതെ കരയുന്ന സ്ത്രീപുരുഷന്മാരായ നിങ്ങളുടെ, പുതുക്കിപ്പണിത രൂപങ്ങളുടെ (അത് മനുഷ്യരൂപമായിരിക്കണമെന്നില്ല) ചിത്രവും ചേര്‍ത്ത് വയ്ക്കുക. എങ്കിലേ ആ ദര്‍ശനം പൂര്‍ണമാകൂ.
ഇനി, എങ്ങനെയെങ്കിലും ജീവിച്ച് ലോകാവസാനം നേടിയാലും നിങ്ങളുടെ കഥ അവസാനിക്കുന്നില്ല. കാരണം ഭാരതീയമായ ചിന്ത അനുസരിച്ച് സൃഷ്ടി, ഒരു ആവര്‍ത്തനപ്രക്രിയയാണ്. ഒരിടവേളയ്ക്ക് ശേഷം കാലം വീണ്ടും കളി തുടങ്ങുമ്പോള്‍, അത് നിങ്ങളെ തൊട്ട് തന്നെയാകും. ദ്രവ്യങ്ങളില്‍ സ്വന്തം അസ്ഥിത്വത്തെ ചേര്‍ത്ത് ജീവിച്ച സ്ത്രീപുരുഷന്മാരുടെ തലയോടുകള്‍ മാലയായും, ചെയ്തു തീരാത്ത കര്‍മ്മങ്ങള്‍ അറ്റുപോയ കൈകളായും ധരിക്കുന്ന കാളി, സൃഷ്ടി തുടങ്ങുന്നതിന് മുമ്പേ കാലത്തിനോട് നിങ്ങള്‍ കടം പറഞ്ഞതിന്റെ കണക്കുകള്‍ അവളില്‍ ഉണ്ടെന്നുള്ളതിന് തെളിവാണ്.
അതറിഞ്ഞ്, പരമഭാവമായ മാതൃഭാവത്തെ ലക്ഷ്യമായി കണ്ട് സ്ത്രീകളും, തന്നിലുള്ള ഈശ്വരഭാവത്തെ തിരിച്ചറിഞ്ഞ് പുരുഷന്മാരും, സ്വയം രൂപപ്പെടുത്തുക. നിങ്ങള്‍, നിങ്ങളില്‍ നിന്ന് അകന്നപ്പോള്‍, സ്വയം അറിയുവാന്‍ ശക്തിയുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയാതെയായി. പുരുഷന് അറിയുക, ശക്തിരൂപമായ ഈ പ്രകൃതി തന്നെയാണ് സ്ത്രീ. അവളൂടെ സത്ത നിന്റെ നാള്‍വഴികളില്‍, ത്രികാലങ്ങളിലായി വ്യാപിച്ചിരിക്കുന്നതാണ്. നാളത്തെ നിന്റെ അസ്ഥിവാരത്തില്‍ നിന്ന് ഇപ്പോള്‍ കൂടെനില്‍ക്കുവാനായി കൊണ്ടുവരപ്പെട്ട കാലത്തിന്റെ ഒരു തുണ്ടാണ് സ്ത്രീ. (അതായത് നിന്റെ അസ്ഥിയുടെ ഭാഗം). അത് അറിഞ്ഞ് അവളോട് ഉത്തരവാദിത്വത്തോടെ പെരുമാറുവാനാണ്, പൂര്‍വികര്‍ നിന്നോട് കടമകളായി ചിലത് പറഞ്ഞത്. നീ മകനായിരിക്കുമ്പോള്‍ അമ്മയേയും ഭര്‍ത്താവായിരിക്കുമ്പോള്‍ ഭാര്യയേയും അച്ഛനായിരിക്കുമ്പോള്‍ മകളേയും കാത്ത് രക്ഷിച്ചുകൊള്ളണം. സ്വന്തം യാഥാര്‍ത്ഥ്യത്തെ അറിയാത്ത, സ്വാതന്ത്ര്യമെന്ന അരക്ഷിതത്ത്വത്തില്‍ പ്രകൃതിയായ സ്ത്രീയെ എത്തിക്കരുത്. അത് നിനക്കും അവള്‍ക്കുമുള്ള മൂന്നറിയിപ്പായിരുന്നു. എന്നാല്‍ അവളെ ചൂഷണം ചെയ്തപ്പോള്‍ നീ അറിഞ്ഞില്ല. ഇവിടത്തെ ജീവിതങ്ങളെ കാണാതെ, പ്രകൃതിയായ അവള് സ്വാതന്ത്രയാകുമെന്ന്. അങ്ങനെ ഈ പ്രകൃതി എടുക്കുന്ന സ്വാതന്ത്ര്യങ്ങളാണ് മഹാദുരന്തങ്ങളായി നിങ്ങളില്‍ എത്തുന്നത്. അവിടെ ആണെന്നോ പെണ്ണെന്നോ ഉള്ള പരിഗണന പ്രകൃതി രണ്ടുപേര്‍ക്കും തരില്ല. അത് അറിഞ്ഞ് സ്വന്തം സ്വാതന്ത്ര്യങ്ങളെ നിര്‍വചിക്കുക.
അതുപോലെ സ്ത്രീയും അറിയുക. സ്വാതന്ത്ര്യമെന്നത് ശരീരത്തിന്റെ തലത്തില്‍ ഒതുങ്ങുന്നതല്ല. അത് ആത്മാവിന്റെ തലത്തിലുള്ളതാണ്. ആത്മവിലൂടെയേ അത് നേടുവാനും കഴിയൂ. അതിനാല്‍ കൂടെ നില്ക്കുന്ന പുരുഷനിലെ ദിവ്യത്വം കാണാതെ ജീവിക്കരുത്. നിങ്ങളുടെ വിശ്വാസത്തിന്റെ തലത്തിലുള്ള മഹേശ്വരന് തന്നെയാണ് ഇവന്. (അവന് അത് അറിയുന്നില്ലെങ്കിലും). അവനാകുന്ന ആത്മാവില്ലാതെ നിങ്ങള്‍ക്ക് ഒരു ലോകവും പൂര്ണമാക്കുവാന് കഴിയില്ല. ആ സൃഷ്ടി രഹസ്യത്തെ ഉള്‍ക്കൊള്ളുക. മാത്രവുമല്ല, ഓരോ സ്ത്രീയും അമ്മയായ പ്രകൃതി ഏല്‍പ്പിക്കുന്ന വലിയ ഉത്തരവാദിത്വവുമായാണ് ഈ ലോകത്ത് ജനിക്കുന്നത്. സൃഷ്ടിയെ എല്ലാ അര്‍ത്ഥത്തിലും കാക്കുന്ന ആ ഉത്തരവാദിത്വങ്ങള്‍, പ്രകൃതി നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസങ്ങളാണ്. അതിനെ തിരിച്ചറിഞ്ഞ്, സംശുദ്ധിയോടെ ജീവിക്കുവാന്‍ ശീലിക്കുക.
സത്യത്തില്‍ ഈ കാലത്തിന് വേണ്ടത് അതാണ്. വ്യക്തിശുദ്ധിയേയും യോഗശക്തിയേയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷന്, താന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു ബോധവുമില്ല. ആ ഭ്രാന്താവസ്ഥയോട് ചേര്‍ന്ന്, നിങ്ങളിലെ ‘അമ്മ’ എന്ന ത്രികാല സത്തയുടെ ഉത്തരവാദിത്വത്തെ മറക്കാതിരിക്കുക. ശരീരതലത്തില്‍ നിന്നും ഉയര്‍ന്ന്, ഉറങ്ങുന്ന അവനെ ഉണര്‍ത്തി ഈ ലോകത്തെ നില നിര്‍ത്തുക. മഹത്തായ നമ്മുടെ സംസ്കൃതി നിങ്ങളില്‍ കൊളുത്തിവച്ചിരിക്കുന്ന പ്രകാശത്തെ കാണാതെ, ഇരുളില്‍ ജീവിച്ച് മരിക്കരുത്.
നിങ്ങളിലെ ദിവ്യത്വങ്ങളെ ഹൃദയം കൊണ്ട് പരസ്പരം ആചരിച്ച്, ഗാര്‍ഹസ്ഥ്യത്തെ തപസ്സാക്കി, പരമമായ സത്യത്തില്‍ ലയിക്കുവാ നായി ജീവിക്കുക. സന്താനോത്പാദനത്തിനും ശരീരങ്ങള്‍ കൊണ്ട് രമിക്കാനും വേണ്ടി മാത്രമാണ് സ്ത്രീപുരുഷബന്ധങ്ങളെന്ന് ചിന്തിക്കരുത്. അതില്‍ നിങ്ങളുടെ മുക്തിയേയും പ്രകൃതി അടക്കം ചെയ്തിട്ടുണ്ട്. ഓരോ പെണ്‍കുഞ്ഞ് ജനിക്കുമ്പോഴും അവളെ കാ ലരൂപമായ പ്രകൃതിയെന്ന് അറിഞ്ഞും അറിയിച്ചും വളര്‍ത്തുക. അതുപോലെ ആണ്‍കുഞ്ഞുങ്ങളെ ഈശ്വരനായി അറിഞ്ഞും അറിയിച്ചും വളര്‍ത്തുക. അവര്‍ അനിവാര്യമായ ആധുനിക വിദ്യാഭ്യാസം (ആയുധവിദ്യ) നേടുമ്പോള്‍, അതിനോടൊപ്പം അവനവനെ കുറിച്ചുള്ള ആത്മവിദ്യയും ഹൃദയത്തിലൂടെ പകര്‍ന്ന് കൊടുക്കുക. ലക്ഷ്യബോധവും ഉത്തരവാദിത്വവും യോഗശക്തിയും ആര്‍ജ്ജിച്ച് വേണം കുഞ്ഞുങ്ങള്‍ വളരുവാന്‍. അങ്ങനെയുള്ളവര്‍, ഈശ്വരനായ സ്ത്രീയെയോ പുരുഷനെയോ വേദനിപ്പിക്കാതെ, സ്വയം അറിഞ്ഞും ലോകത്തെ അറിയിച്ചും, നിങ്ങളുടെ ജീവിതങ്ങളെ അര്‍ത്ഥമുള്ളതാക്കിയും ഇവിടം കടന്ന് പോകും.
ഈ ലോകത്തിലെ എത്ര ഉന്നതമായ സ്ഥാനവും നിങ്ങള്‍ക്ക് പരിശ്രമവും ബാഹ്യജ്ഞാനവും കൊണ്ട് സ്ത്രീപുരുഷ ഭേദമന്യേനേടുവാന്‍ കഴിയും, അല്ലെങ്കില്‍ കഴിയണം. പക്ഷെ അവരവരെ കുറിച്ചുള്ള ജ്ഞാനം കൂടെയില്ലെങ്കില്‍ എല്ലാം വെറുതെയാണ്. ശരിക്കും പാരമാര്‍ത്ഥികസത്തയുടെ വിദ്യയും, വ്യാവഹാരികസത്തയുടെ അവിദ്യയും ഒന്നിച്ച് അറിഞ്ഞ് ആചരിച്ച് തുടങ്ങുന്നതും, പൂര്‍ണതയിലെത്തുന്നതും ഈ പാഠത്തെ നിങ്ങള്‍ ശരിയായി ഉള്കൊള്ളുമ്പോള് മാത്രമാണ്. ലൗകികവും ആദ്ധ്യാത്മികവുമായ ജീവിതവഴികളെ ഒന്നിപ്പിക്കുന്ന ഈശാവാസ്യോപനിഷത്തിലെ മറഞ്ഞുകിടക്കുന്ന ഈ കണ്ണികളെ കിട്ടാതെ, ഇത് നല്കുന്ന ജീവിത വിദ്യയേയും നമുക്ക് കിട്ടില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: