മുംബൈ: മോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരതത്തിന് 2047 ആകുമ്പോഴേക്കും 30 ലക്ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ആവശ്യമുണ്ടെന്ന് പഠനം. ഇന്ത്യയ്ക്ക് 30ലക്ഷത്തോളം പുതിയ സിഎക്കാരെ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് രഞ്ജീത് കുമാര്‍ അഗര്‍വാളും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും ചുമതലയുള്ള സംവിധാനമാണ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ).
ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഐസിഎഐ. ഓരോ ഒരു ലക്ഷം കോടി ഡോളര്‍ വളര്‍ച്ചയ്ക്കും ഒരു ലക്ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ വേണ്ടിവരുമെന്നാണ് കണക്ക്. മോദിയുടെ വികസിത് ഭാരതം 2047 ആകുമ്പോഴേക്കും 30 ലക്ഷം കോടിയുടെ സമ്പദ്ഘടനയായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. അങ്ങിനെയെങ്കില്‍ 30 ലക്ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളെ 2047 ആകുമ്പോഴേക്കും വേണ്ടിവരുമെന്നതാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ ഇന്ത്യയില്‍ നാല് ലക്ഷം സിഎക്കാര്‍ മാത്രമേ ഉള്ളൂ. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് പുതിയ 30 ലക്ഷത്തോളം പുതിയ സിഎക്കാരെക്കൂടി വാര്‍ത്തെടുക്കുക എന്നത് ഭഗീരഥയത്നം തന്നെയാണ്.
ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനും പുതിയ സാങ്കേതികവിദ്യ അവരിലേക്ക് എത്തിക്കാനും ഉള്ള ശ്രമങ്ങള്‍ ഐസിഎഐ നടത്തിവരികയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ എട്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ സിഎ പഠനം നടത്തിവരുന്നുണ്ട്. രണ്ടു വര്‍ഷത്തില്‍ ഒരിയ്ക്കലാണ് സിഎ പരീക്ഷ നടത്തുന്നത്. മെയ്-ജൂണ്‍ മാസങ്ങളിലും നവമ്പര്‍-ഡിസംബര്‍ മാസങ്ങളിലും.
കഴിഞ്ഞ വര്‍ഷം പുതിയ സിലബസാണ്. 1.29 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്റര്മീഡിയേറ്റിനും ഫൈനല്‍ പരീക്ഷയ്ക്കും പങ്കെടുക്കുന്നുണ്ട്.
എങ്ങിനെ സൃഷ്ടിക്കും 30 ലക്ഷം സിഎക്കാരെ?
വിദ്യാര്‍ത്ഥികളെ ചാര്‍ട്ടേഡ് അക്കൗണ്ടന്സിയിലേക്ക് ആകര്‍ഷിക്കാന്‍ ഐസിഎഐ ശ്രമിക്കുന്നുണ്ട്. ഇതിനായി രാജ്യത്തെ 500 കോളെജുകളുമായി ഐസിഎഐ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
പ്രാദേശികമായി കോളെജുകളിലും മറ്റും ലഭ്യമായ അധ്യാപകരെ സിഎ കോഴ്സുകള്‍ പഠിപ്പിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ഉണ്ട്. മാത്രമല്ല, അവര്‍ക്ക് അതിനായി പരിശീലനം നല്‍കും. സിഎ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വിദഗ്ധരായ സിഎ അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: