ന്യൂദല്‍ഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവന്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും കോടതി തള്ളി.
തെരഞ്ഞെടുപ്പ് കമ്മിഷന് ചില നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ചിഹ്നം ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം എന്നതാണ് ഒരു നിര്‍ദേശം. കുറഞ്ഞത് 45 ദിവസമെങ്കിലും ഇത് സൂക്ഷിക്കണം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രണ്ടാം സ്ഥാനത്തോ മൂന്നാമതോ എത്തിയ സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന പ്രകാരം വോട്ടിങ് മെഷിനിലെ മൈക്രോ കണ്ട്രോളര് ഇവിഎം നിര്‍മാതാക്കളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ സംഘത്തിന് പരിശോധ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനകം ഫീസ് അടച്ച് ഇവിഎമ്മുകളുടെ മൈക്രോ കണ്ട്രോളര് പരിശോധിക്കാനുള്ള അപേക്ഷ നല്‍കാം. ക്രമക്കേട് കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്ക് പണം തിരികെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: