ലിവര്‍പൂള്‍: താരതമ്യേന ദുര്‍ബലരായ എവര്ട്ടന് കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയമാണ് എവര്ട്ടണ് സ്വന്തമാക്കിയത്. തോല്‍വിയോടെ ഇഞ്ചോടിഞ്ച് പോരാട്ടം നിലനില്‍ക്കുന്ന പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ ലിവറിന് കനത്ത തിരിച്ചടിയായി.
ഇന്നലത്തെ മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ലിവറിന് ആഴ്സണലുമായുള്ള പോയിന്റ് അന്തരം ഒന്നാക്കി കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. 34 വീതം കളികള്‍ കഴിയുമ്പോള്‍ ലിവര്‍പൂളിന് 74 പോയിന്റാണുള്ളത്. മുന്നിലുള്ള ആഴ്സണലിന് 77 പോയിന്റുണ്ട്. 32 കളികള്‍ പിന്നിട്ട മാഞ്ചസ്റ്റര്‍ സിറ്റി 73 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
ഇന്നലെ കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ലിവറിന് സാധിച്ചു. കളിക്കണക്കുകളിലെല്ലാം ഏറെ മുന്നിട്ടു നില്ക്കുന്നു. പക്ഷെ സ്കോര്‍ ചെയ്ത ഗോളുകളുടെ കണക്ക് ശൂന്യമായി കിടന്നു. 27-ാം മിനിറ്റില്‍ ജറാഡ് ബ്രാന്ത്വെയ്റ്റിലൂടെ എവര്ട്ടണ് മുന്നിലെത്തി. ആദ്യ പകുതിയില്‍ ഈ ഒരു ഗോളിന് ടീം ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ കളിക്ക് 58 മിനിറ്റെത്തിയപ്പോള്‍ ഡോമിനിക് കല്‍വേര്‍ട്ട്-ലെവിനിലൂടെ എവര്ട്ടന് ലീഡ് ഉയര്‍ത്തി. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് എവര്ട്ടന് ഇടയ്ക്കിടെ മുന്നേറ്റം നടത്തിയതും ഗോളുകള്‍ കണ്ടെത്തിയതും.
കളിയുടെ 77 ശതമാനം സമയവും ലിവര്‍ താരങ്ങളുടെ കാല്‍ക്കലായിരുന്നു പന്ത് 23 തവണ എതിര് ഗോള്‍ മുഖത്തേക്ക് മുന്നേറി. ഏഴ് ഓണ്‍ടാര്‍ജറ്റ് ഷോട്ടുകള്‍ ഉതിര്‍ത്തതല്ലാതെ ഒരു ഗോള്‍ പോലും ടീം നേടിയില്ല.
നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് എവര്ട്ടണ് ലിവര്‍പൂളിനെ തോല്‍പ്പിക്കുന്നത്. പോയിന്റ് പട്ടികയില്‍ 16-ാം സ്ഥാനത്താണ് എവര്‍ട്ടണിന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: