മുംബൈ: മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മുന്‍ ഡയറക്ടറായ സ്ത്രീക്ക് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് 25 കോടിയോളം രൂപ. മുംബൈ സ്വദേശിക്കാണ് വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത്.
കള്ളപ്പണക്കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍നിന്നൊഴിവാക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ പലഘട്ടങ്ങളിലായി സ്ത്രീയില്‍നിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കിയത്. മുംബൈ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി ആറിനും ഏപ്രില്‍ മൂന്നിനും ഇടയിലുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് പറയുന്നത്.
ഫെബ്രുവരി ആറിന് ടെലികോം വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞ് പരാതിക്കാരിക്ക് ഒരു വാട്സ്ആപ്പ് കോള്‍വന്നു. നിങ്ങളുടെ പേരിലുള്ള മൂന്ന് മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കാന്‍ പോവുകയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഫോണ്‍ പോലീസുദ്യോഗസ്ഥനു കൈമാറാമെന്നു പറഞ്ഞു. പിന്നീട് സംസാരിച്ചത് പ്രദീപ് സാവന്ത് എന്നു പരിചയപ്പെടുത്തിയ പോലീസുകാരന്‍. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുണ്ടെന്നും ഫോണ്‍ നമ്പറുകളും ആധാര്‍ കാര്‍ഡും കേസുമായി ബന്ധപ്പെട്ട തെളിവുകളാണെന്നുമാണ് ഇയാള്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ സിബിഐയിലെ സ്പെഷല്‍ ഓഫീസര്‍ രാജേഷ് മിശ്ര എന്നു പരിചയപ്പെടുത്തി മറ്റൊരാളും സംസാരിച്ചു.
ഇരുവരുടെയും തിരിച്ചറിയല്‍ കാര്‍ഡുകളും വാട്സ്ആപ്പില്‍ അയച്ചുനല്‍കി. 6.8 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് പരാതിയുള്ളതെന്നാണ് ഇവര്‍ പറഞ്ഞത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പരാതിക്കാരി ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും തട്ടിപ്പുകാര്‍ വിട്ടില്ല. പ്രായമുള്ളതിനാല്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുസംഘം പിന്നീട് പരാതിക്കാരിയോട് പറഞ്ഞു. കേസിലെ മറ്റുപ്രതികളാണെന്ന് പറഞ്ഞ് ചിലരുടെ ഫോട്ടോകള്‍ അയച്ചു. കേസിന്റെ കാര്യം ആരോടും പറയരുതെന്നും അനുമതിയില്ലാതെ മഹാരാഷ്‌ട്ര വിട്ട് പോകരുതെന്നും നിര്‍ദേശവും നല്‍കി.
ഇതിനുശേഷം തട്ടിപ്പുസംഘം പരാതിക്കാരിക്ക് വാട്സ്ആപ്പില്‍ ഒരു കത്ത് അയച്ചുനല്‍കി. ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനുള്ള നിര്‍ദേശമായിരുന്നു കത്തിലുണ്ടായിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ മൂന്നുകൊല്ലം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും കത്തിലുണ്ടായിരുന്നു. പരാതിക്കാരി 15.9 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഫെബ്രുവരി ഒന്‍പതിന് സിബിഐ ഓഫീസറെന്ന് പരിചയപ്പെടുത്തിയ രാജേഷ് മിശ്ര വീണ്ടും വിളിച്ചു. താങ്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇത്തവണ തട്ടിപ്പുകാരന്‍ പറഞ്ഞത്. ഇത് ഒഴിവാക്കാനായി മ്യൂചല്‍ ഫണ്ടുകളിലെ നിക്ഷേപം പിന്‍വലിച്ച് ആ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തട്ടിപ്പുസംഘം നല്‍കിയ അക്കൗണ്ടിലേക്ക് ഇത് ട്രാന്‍സ്ഫര്‍ ചെയ്യാനും ആവശ്യപ്പെട്ടു. അക്കൗണ്ടിലേത് കള്ളപ്പണമല്ലെന്ന് തെളിയിക്കാനായി ആകെ 5.7 കോടി രൂപ അക്കൗണ്ടിലേക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. ഈ പണം റിസര്‍വ് ബാങ്കിനു നല്കുമെന്നും കേസ് അവസാനിക്കുമ്പോള്‍ തിരികെ ലഭിക്കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്.
തന്റെ പേരിലുള്ള ചില ഓഹരികള്‍ വിറ്റഴിച്ചാണ് പരാതിക്കാരി ഈ പണം കൈമാറിയത്. ഇതിനുപിന്നാലെ തട്ടിപ്പുകാരുടെ നിര്‍ദേശമനുസരിച്ച് പലഘട്ടങ്ങളിലായി വീണ്ടും പണം നല്‍കി. ഇതിനായി സ്വര്‍ണം പണയം വെയ്‌ക്കുകയും അമ്മയുടെ പേരിലുള്ള ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു. ഏകദേശം 25 കോടിയോളം രൂപ ഇത്തരത്തില്‍ കൈമാറിയതിന് പിന്നാലെ കേസ് തീര്‍പ്പായെന്നും ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കില്‍നിന്ന് ഒരു രസീത് ലഭിക്കുമെന്നും തട്ടിപ്പുസംഘം പരാതിക്കാരിയെ അറിയിച്ചു. അന്ധേരി പോലീസ് സ്റ്റേഷനില്‍ പോയാല്‍ ഈ രസീത് വാങ്ങാമെന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതാണെന്ന് പരാതിക്കാരിക്ക് ബോധ്യമായത്. തുടര്‍ന്ന് പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: