തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പല തരത്തിലുള്ള നുണ പ്രചരണങ്ങൾ പൊളിഞ്ഞിട്ടും വീണ്ടും നുണകൾ ആവർത്തിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ. വികസനത്തിന്റെയും പുരോഗതിയുടെയും വിഷയങ്ങൾ ചർച്ച ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസ് വർഗീയതയും മണിപ്പൂരും പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. തീരദേശത്തെ ജനങ്ങളുടെ പട്ടിണിമാറ്റാനോ അവരുടെ ദുരിതം ഇല്ലായ്മ ചെയ്യാനോ ഒന്നും ചെയ്യാത്ത ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. വർഗീയത കുത്തിനിറച്ച ഒരു ലക്ഷം ലീഫ് ലറ്റുകളാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറേ കാലങ്ങളായി തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാതെ അവസാന നിമിഷം ഇങ്ങനെ നുണ പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണോ വിചാരിക്കുന്നത്. വീടില്ല , കുടിവെള്ളമില്ല തീരങ്ങൾ കടലെടുക്കുന്നു. ഇതിനെ പറ്റിയൊന്നും ചർച്ചയില്ല. മറിച്ച് മണിപ്പൂരും, ബീഫും, ഭരണഘടന മാറ്റുമെന്നും നുണ പ്രചരിപ്പിക്കുന്നു. ഇത് എങ്ങനത്തെ രാഷ്‌ട്രീയമാണ്. താൻ വിശ്വപൗരനാണ്, അറിവിന്റെ വിസ്മയമാണ്, 25 ബുക്ക് എഴുതിയിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. അത് പറഞ്ഞിട്ട് ഇങ്ങനെ ജനങ്ങളെ ഭയപ്പെടുത്തുന്നതാണോ രാഷ്‌ട്രീയ പ്രവർത്തനം. വോട്ട് ബാങ്ക് വേണമെങ്കിൽ അവരുടെ ജീവിതത്തിൽ കഴിഞ്ഞ 15 വർഷം എന്ത് മാറ്റം വരുത്തി, അടുത്ത 5 വർഷം എന്ത് ചെയ്യും എന്നാണ് പറയേണ്ടത്. തീരദേശത്തെ പട്ടിണിമാറ്റാതെ ഇത്തരം നുണപ്രചാരണം നടത്തുന്നത് തരംതാണ രാഷ്‌ട്രീയമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.
പരാതിനൽകുന്നതോ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കുന്നതോ അല്ല പ്രശ്നം. നുണ പ്രചാരണം പലവട്ടം തുറന്നു കാണിക്കപ്പെട്ടിട്ടും അതവസാനിപ്പിക്കാർ ഇവർ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. ഇത്രയുംകാലം ഈ പാർട്ടിക്ക് അവസരം നൽകിയിട്ടും ഒന്നും ചെയ്യാതെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വികസനം വരണമെന്ന് ജനം ആഗ്രഹിക്കുന്നു. അവർ ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്യും. അത് എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എനിക്ക് ഒരവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: