മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ കയറ്റം. സെന്‍സെക്സ് 487 പോയിന്റോളം കയറി 74000 പോയിന്റ് വരെ തൊട്ടു. നിഫ്റ്റി 167 പോയിന്റ് കയറി 22570ല്‍ എത്തി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, മെറ്റല്‍ ഓഹരികള്‍ക്ക് വന്‍ഡിമാന്റായിരുന്നു.
എസ് ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്ക് ഓഹരികള്‍ കുതിച്ചു കയറി. ആക്സിസ് ബാങ്ക് നാലാം സാമ്പത്തിക പാദത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ആറ് ശതമാനം ഉയര്‍ന്നു. 1063 രൂപയുണ്ടായിരുന്ന ഓഹരി 64 രൂപയോളം കയറി 1127 രൂപയില്‍ എത്തി. അതേ സമയം കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില 10 ശതമാനത്തില്‍ അധികം ഇടിഞ്ഞു. 1842 രൂപയുണ്ടായിരുന്ന ഓഹരി 197 രൂപ നഷ്ടത്തില്‍ 1645 രൂപയിലേക്ക് വീണു. റിസര്‍വ്വ് ബാങ്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഇത്.
ജെഎസ് ഡബ്ല്യു സ്റ്റീല്‍, എന്‍ടിപിസി, എസ് ബിഐ, സണ്‍ ഫാര്‍മ, നെസ് ലെ, ഐടിസി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച് സിഎല്‍ ടെക് നോളജീസ്, എന്നീ ഓഹരികള്‍ ഉയര്‍ന്നു.
ഇന്ന് മിഡ് കാപ് ഓഹരികള്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാതിരുന്നപ്പോള്‍ സ്മാള്‍ ക്യാപ് ഓഹരികള്‍ വലിയ ഓഹരികളോടൊപ്പം നേട്ടമുണ്ടാക്കി. ഇപ്പോഴും നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ പണം മുടക്കാന്‍ താല്പര്യം കാട്ടുന്നുണ്ടെന്നും വില താഴുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. വരും ദിവസങ്ങളിലും നേട്ടങ്ങള്‍ തുടരുമെന്ന് സാങ്കേതിക വിശകലനം നടത്തുന്നവര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: