2024 ഏപ്രിൽ 26, നാളെയാണ് കേരളം പൊതു തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത്. നാളത്തെ കേരളത്തിനും കേരളം ഉൾപ്പെടുന്ന ഭാരതത്തിനും വേണ്ടിയുള്ള വോട്ടുകുത്തൽ. രാഷ്‌ട്രത്തിലെ ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും നാടിന്റേയും ജനതയുടേയും സുരക്ഷയ്‌ക്കും ആകണം ചെയ്യുന്ന ഓരോ വോട്ടുമെന്നതാണ് ഓർമ്മിക്കേണ്ടതും ഓർമ്മപ്പെടുത്തേണ്ടതുമായ കാര്യം. ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ തലേന്നാൾ, കേരളം എന്നും ഓർമ്മിക്കേണ്ട ഒരു പൊതു പ്രവർത്തകന്റെ വിയോഗ ദിനമാണ് എന്നത് യാദൃച്ഛികം മാത്രമല്ല.
ഗോവിന്ദമാരാർ കെ.ജി.മാരാർ ആയി കേരളത്തിന്റെയും ഭാരതത്തിന്റെയും ‘മാരാർജി’യായി മാറിയ സാമൂഹ്യ- രാഷ്‌ട്രീയ പ്രക്രിയയ്‌ക്കിടെ കേരളത്തിൽ പ്രസരിപ്പിച്ച ചിന്തയുടേയും പ്രസംഗത്തിന്റേയും പ്രവർത്തനത്തിന്റേയും രത്‌നച്ചുരുക്കമായി, തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് തലേന്ന് ഓർമ്മിപ്പിക്കാവുന്ന ഏതാനും വരികൾ അദ്ദേഹത്തിന്റെ എഴുത്തുശേഖരത്തിൽനിന്ന് ഇവിടെ ചേർക്കട്ടെ: ”കോൺഗ്രസിനും കമ്യൂണിസ്റ്റുകൾക്കും അനുകൂലമാണെങ്കിൽ രാഷ്‌ട്രീയവും മതവും കൂട്ടിക്കലർത്താം. പ്രതികൂലമാണെങ്കിൽ വേണ്ട എന്ന അവസരവാദമാണ് ഇവർ പിന്തുടരുന്നത്. മതത്തെയും രാഷ്‌ട്രീയത്തെയും മലീമസമാക്കാനേ ഈ സമീപനം സഹായിച്ചിട്ടുള്ളു. ഈ കപടമതേതരവാദികളുടെ പിടിയിൽ നിന്നും മതങ്ങളേയും രാഷ്‌ട്രീയത്തേയും രക്ഷിക്കാനും ശുദ്ധീകരിക്കാനും നാം തയാറാകണം. ഇന്ത്യയിൽ സാംസ്‌ക്കാരിക ദേശീയതയും ഏകതയുമാണ് രാജ്യത്തെ ഒന്നായി നിലനിർത്തിയത്. ദേശീയ ഉയിർത്തെഴുന്നേൽപിനു മാത്രമേ കേരളത്തേയും കേരള രാഷ്‌ട്രീയത്തേയും സംരക്ഷിക്കാൻ സാധിക്കു. ആത്മീയതയിൽ വിശ്വാസമില്ലാത്ത കമ്യൂണിസവും അധികാരത്തിൽ മാത്രം വിശ്വാസമുള്ള കോൺഗ്രസും ഒരുപോലെ ധാർമിക മൂല്യങ്ങൾ തകർത്തു. അധികാരത്തിനു വേണ്ടി ആദർശം ബലികഴിച്ചു. അഴിമതിയിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ഭഗീരഥപ്രയത്‌നം ആവശ്യമാണ്.”
കണ്ണൂർ ജില്ലയിൽ നാറാത്ത് 1937 ലാണ് കുറുമണ്ണിൽ ഗോവിന്ദമാരാർ ജനിച്ചത്. കുട്ടിക്കാലത്തേ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകനായി. നാറാത്ത് ഓണപ്പറമ്പു ശാഖയായിരുന്നു മാതൃശാഖ. ഹൈസ്‌കൂൾ വിദ്യാഭ്യാസശേഷം കുറച്ചു കാലം സംഘത്തിന്റെ ‘വിസ്താരക ‘നായി പ്രവർത്തിച്ചു. മലയാളം വിദ്വാൻപരീക്ഷ പാസായി ആറുകൊല്ലം പറശ്ശിനിക്കടവ് ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായി. എന്നാൽ ഗൃഹസ്ഥജീവിതത്തിനായി അധ്യാപകജോലി ഉപേക്ഷിച്ചു. പൊതു പ്രവർത്തന രംഗത്തെത്തിയ അദ്ദേഹം കേരളത്തിൽ ഭാരതീയ ജനസംഘത്തിൻ രംഗത്തേയ്‌ക്ക് നിയോഗിക്കപ്പെട്ടു. പിന്നെ ബിജപിയിൽ.
1995 ഏപ്രിൽ 25 ന് പുലർച്ചെയാണ് മാരാർജി അന്തരിച്ചത്. 1993 ആഗസ്ത് മാസമാണ് ഉദ്ധരിച്ച ഭാഗമുള്ള ലേഖനം എഴുതിയത്. നേതാവിന്റെ ദിശാബോധം ഏന്നൊക്കെ പറയുന്നത് ആലങ്കാരികമായ പ്രയോഗങ്ങളല്ലാതെ ആദർശാധിഷ്ഠിത നിലപാടുകളുടെ അടയാളമായിമാറുന്നത് ഇങ്ങനെയാണ്.
കേന്ദ്രസർക്കാരിന്റെയുൾപ്പെടെ അന്യരുടെ കാരുണ്യത്തിൽ എന്നും കഴിയുന്നതിനു പകരം സ്വാശ്രയത്വമുള്ള അഭിമാന ഭരിതമായ കേരളം എന്നുണ്ടാകും എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ച് അത് പ്രചരിപ്പിച്ച കെ.ജി. മാരാർക്ക് ഭാരതീയ ജനതാ പാർട്ടിക്ക് പുറത്തും കിട്ടിയ പിന്തുണയും അനുഭാവവും അസാധാരണമായിരുന്നു. ബിജെപിയുടെ രാഷ്‌ട്രീയത്തിന് ആ തരത്തിലുള്ള പിന്തുണ സകല മേഖലകളിലും വർദ്ധിക്കുന്ന കാലത്ത് നമുക്ക് മാരാർജിയെ ഓർമ്മിക്കാം, ആ മഹാ മനുഷ്യന്റെ ലക്ഷ്യത്തിലേക്കു നടക്കാനായി വോട്ടവകാശം വിനിയോഗിക്കാം. അതാവും മികച്ച ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: