മാനന്തവാടി: ഒരു വിശ്വാസിയുടെ വഴിപാട് നേർച്ചയാണ് ഭക്ഷ്യക്കിറ്റ് എന്ന പേരിൽ ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതെന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഒരു വിശ്വാസി അവിടെയുള്ള വിശ്വാസികൾക്ക് വിതരണം ചെയ്യാനായി വഴിപാട് നേർന്നതാണ് ഇതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എൽഡിഎഫും യുഡിഎഫ് മാപ്പ് പറയണം. ആദിവാസി സമൂഹത്തെ മുഴുവൻ അപമാനിച്ചിരിക്കുകയാണ്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാനുള്ളതാണ് എന്ന ആരോപണം ഉന്നയിക്കാനുള്ള കാരണം എന്താണ്? ടി സിദ്ദിഖിനും രാഹുൽ ഗാന്ധിക്കും പണ്ടേ ഗോത്ര സമൂഹത്തോട് പകയാണ്. ആദിവാസി ഗോത്ര സമൂഹത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണിത്. വേദനാജനകമായ ആരോപണമാണ് ആദിവാസി സമൂഹത്തിനെതിരെ ഉയർന്നിരിക്കുന്നത്.
ഇന്നലെ രാത്രി കിറ്റ് വിതരണം നടക്കുമ്പോൾ ആ സ്ഥലത്ത് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. അവർ തന്നെയാണ് ഈ വാർത്തയെ ഗതിതിരിച്ച് വിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വകയായി ചാരായം അടക്കം വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. പക്ഷേ അതൊന്നു വാർത്തയാകുന്നില്ല.
ആരോ പപ്പടവും പയറും കൊണ്ടുപോയെന്ന് പറഞ്ഞാണ് ബിജെപിയുടെ മേൽ കുതിര കയറുന്നത്. ബിജെപിയുടെ മേൽ കുതിര കയറിക്കോളൂ, എത്രയോ ആരോപണങ്ങൾ പാർട്ടി കേട്ടിരിക്കുന്നു, എന്തിനാണ് പവിത്രമായ വനവാസി ഗോത്രത്തെ അപമാനിക്കാൻ നോക്കുന്നത്. അത് ഒരിക്കലും ശരിയായ നടപടിയല്ല. കിറ്റ് വിതരണത്തിൽ ബിജെപിക്ക് ഒരു തരത്തിലുള്ള പങ്കുമില്ല, അത് ബിജെപി നേരത്തെ തന്നെ അറിയിച്ചതാണ്.
കോൺഗ്രസ് വെപ്രാളം കാണിക്കുന്നത് രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ജനവികാരം ഉണ്ടെന്ന് മനസ്സിലായിട്ടാണ്. കിറ്റ് വിവാദമല്ല ക്വിറ്റ് രാഹുൽ ആണ് വയനാട്ടിലെ ചർച്ച. അതിനെ 200 രൂപയുടെ കിറ്റിലേക്ക് ആരും കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ ബിജെപിക്ക് പങ്കില്ലെന്നും ശരിയായി അന്വേഷണം നടക്കട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: