ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്ന് ജെപി മോര്ഗന് ചേസിന്റെ ചെയര്‍മാനും സിഇഒയുമായ ജാമി ഡിമോണ്‍. മോദിയുടെ ഭരണത്തില്‍ ഭാരതത്തിലുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമാണെന്ന് ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ ജാമി ഡിമോണ്‍ ചൂണ്ടിക്കാട്ടി.
ആഗോളരംഗത്തെ ധനകാര്യമേഖലയിലെ നിലവിലെ ട്രെന്‍ഡുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഡിമോണ്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്. ഭാരതത്തെക്കുറിച്ചും മോദിയെക്കുറിച്ചുമുള്ള ഡിമോണിന്റെ അഭിപ്രായങ്ങള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, അടിസ്ഥാന സൗകര്യ വികസനം, ഉദ്യോഗസ്ഥതല പരിഷ്കാരങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി മോദി എടുത്ത നടപടികള്‍ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ നാനൂറ് ദശലക്ഷം ആളുകളെ പട്ടിണിയില്‍ നിന്ന് കരകയറ്റി. എല്ലാ വീടുകളിലും ശുചിത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്വച്ഛ് ഭാരത് അഭിയാന് ലോകത്തിന് തന്നെ മാതൃകയാണ്.
ഓരോ എല്ലാ പൗരനെയും കൈകൊണ്ടോ കണ്ണുകൊണ്ടോ വിരല്‍കൊണ്ടോ തിരിച്ചറിയുന്ന അത്ഭുതകരമായ പ്രവണത അവര്‍ വിജയിപ്പിച്ചു. 700 ദശലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു, പേമെന്റുകള്‍ സുഗമമാക്കി. മോദി അവതരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും അടിസ്ഥാന സൗകര്യങ്ങളും ശ്രദ്ധേയമാണ്.
അദ്ദേഹം നീതിമാനാണ്, കഠിനാധ്വാനിയാണ്. അതിലൂടെ അദ്ദേഹം രാജ്യത്തിന്റെ വ്യവസ്ഥിതിയെ പുതുക്കിപ്പണിതു. വ്യത്യസ്തമായ നികുതി സമ്പ്രദായങ്ങളുള്ള 29 സംസ്ഥാനങ്ങള്‍ ഭാരതത്തിലുണ്ട്. അഴിമതിയിലേക്ക് കൂപ്പുകുത്തിയിരുന്ന ആ വ്യവസ്ഥിതികളെ മോദി തകര്‍ത്തു. ലോക സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഭാരതമെന്ന് ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. മോദിയെ പോലെയുള്ളവരാണ് ലോകത്തിന് മാതൃക, ഡിമോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: