നാല് സുപ്രധാന വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടേണ്ടത്. ഒന്ന്, കഴിഞ്ഞ പത്തുവര്‍ഷത്തേതുപോലെ സ്ഥിരതയുള്ള ഒരു സര്‍ക്കാരായിരിക്കണം അടുത്ത അഞ്ചു വര്‍ഷം രാജ്യം ഭരിക്കേണ്ടത്. രണ്ട്, കഴിഞ്ഞ പത്തുവര്‍ഷം അധികാരത്തില്‍ തുടരുക മാത്രമല്ല വികസനത്തിലും രാഷ്ട്രസുരക്ഷയിലും മുന്നേറ്റമുണ്ടാക്കിയ നരേന്ദ്ര മോദിയെ പോലുള്ള ഒരു നേതാവാണ് വീണ്ടും അധികാരത്തില്‍ വരേണ്ടത്. മൂന്ന്, നരേന്ദ്ര മോദി ചെയ്തതുപോലെ ലോകത്തിന് നേതൃത്വം നല്‍കാനും ഭാരതത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനും കഴിയുന്ന നേതാവായിരിക്കണം അധികാരത്തില്‍ വരേണ്ടത്. മോദിക്കു പകരമെന്നു പറഞ്ഞ് മുന്നോട്ടു വരുന്ന ഇന്ത്യാ സഖ്യം കുഴപ്പക്കാരുടെ ഒരു കൂട്ടായ്മയാണ്. സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാക്കാന്‍ ഇന്ത്യാ സഖ്യത്തിനു കഴിയില്ല എന്നു പറയാന്‍ ഒരു രാഷ്ട്രീയ തന്ത്രജ്ഞന്റെ ആവശ്യമില്ല. മാത്രമല്ല അതൊരിക്കലും മോദി സര്‍ക്കാരിനു പകരമാവുകയുമില്ല. മോദിയുഗം ആവര്‍ത്തിക്കണോ, അതല്ല 1989-98 കാലത്തിലേക്ക് രാജ്യത്തെ പിന്നാക്കം കൊണ്ടു പോകണോ എന്നതാണ് നാലാമത്തെ വിഷയം. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മോദി അധികാരത്തില്‍ വരുന്നതുവരെ രാജ്യത്ത് സുസ്ഥിരതയുള്ള ഒരു സര്‍ക്കാരോ ശക്തനായ ഒരു ഭരണാധികാരിയോ ഉള്ളതായി അനുഭവപ്പെട്ടിരുന്നില്ല. തന്റെ രണ്ടുതവണത്തെ ഭരണം കൊണ്ട് സ്ഥിരതയുള്ള സര്‍ക്കാരിനെ നയിക്കുന്ന ശക്തനായ നേതാവാകാനും രാജ്യത്തിനും ലോകത്തിനും സുപ്രധാന സംഭാവനകള്‍ നല്‍കാനും മോദിക്കു കഴിഞ്ഞു.
മോദി 1.0
അധികാരത്തില്‍ വന്ന ആദ്യഘട്ടത്തില്‍ നരേന്ദ്ര മോദിക്ക് തൊട്ടുമുമ്പത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ കെടുതികള്‍ ഇല്ലാതാക്കി ദേശീയ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടായിരുന്നു. അഴിമതി പുരണ്ട 2ജിയുടെയും കല്‍ക്കരിയുടെയും ലൈസന്‍സുകളെ ധൈര്യപൂര്‍വ്വം റദ്ദാക്കിയ അദ്ദേഹം അവ വീണ്ടും ലേലം ചെയ്ത് വമ്പിച്ച തുക സര്‍ക്കാര്‍ ഖജനാവിലേക്ക് കൊണ്ടുവന്നു. കുത്തക മുതലാളിത്തത്തിനെതിരെ ശക്തമായ നടപടിയെടുത്തതിന്റെ ഫലമായി രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം വര്‍ദ്ധിച്ചു. ബാങ്കുകളുടെ ഭീമമായ കിട്ടാക്കടത്തിന്റെ മേല്‍ നടപടിയെടുത്തു. കോണ്‍ഗ്രസ് ഭരണകാലത്തെ വഴിപിഴച്ച കടങ്ങള്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്ന കാര്യം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന് തന്നെ സമ്മതിച്ചിരുന്നു. കിട്ടാക്കടത്തില്‍പ്പെട്ട് പുതിയ ലോണുകള്‍ നല്കാന് കഴിയാത്ത ബാങ്കുകളുടെ അവസ്ഥ വാണിജ്യ മേഖലയെ കാര്യമായി ബാധിച്ചിരുന്നു. മോദി ബാങ്കുകളെ ഈ അവസ്ഥയില്‍ നിന്നു മോചിപ്പിക്കുകയും ഏതാണ്ട് പാപ്പരാകുന്ന അവസ്ഥയില്‍ നിന്ന് രക്ഷിക്കുകയും വീണ്ടും കടം നല്കാന് കഴിയുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്തു. ബാങ്കുകളുടെ തിരിച്ചുവരവിനു കാത്തു നില്‍ക്കാതെ അദ്ദേഹം സര്‍ക്കാര്‍ ഗ്യാരന്റിയുള്ള ചെറുകിട മുദ്രാ ലോണിനു രൂപം നല്‍കുകയും 130 ദശലക്ഷം ചെറുകിട സംരംഭകര്‍ക്ക് ഇങ്ങനെ ലോണ്‍ ലഭ്യമാക്കുകയും ചെയ്തു. സ്വയംതൊഴില്‍ മേഖലയെ ഇതിലൂടെ പുഷ്ടിപ്പെടുത്തി. ആദ്യ തവണയില്‍ തന്നെ മുന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച മിക്ക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഇതേവരെ ഇന്ത്യയില്‍ ആരും കേള്‍ക്കാത്ത തരത്തിലാണ് അദ്ദേഹം ഭീകര പ്രവര്‍ത്തനങ്ങളെ നേരിട്ടത്. ഭാരതത്തിന്റേതില്‍ നിന്നു വ്യത്യസ്തമായ, തുറന്ന ആണവ നയമുള്ള പാകിസ്ഥാനെ ഞെട്ടിച്ചു കൊണ്ടാണ് മോദി അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങള്‍ക്ക് ഉത്തരവിട്ടത്. ഭാരതത്തിന്റെ ഈ ഭീകരവിരുദ്ധ നീക്കത്തിനു ലോകത്തിന്റെ ഉറച്ച പിന്തുണ കിട്ടി. ചൈനയില്‍ നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കുന്ന മനഃശാസ്ത സമീപനത്തിനുപകരം ദോക് ലാമിലും മറ്റും ചൈനയുടെ നിര്‍മ്മാണങ്ങള്‍ തകര്‍ത്തുകൊണ്ട് ശക്തമായ മറുപടി നല്കാന് സൈന്യത്തിനു നിര്‍ദ്ദേശം നല്കി. ചൈനയെ ഞെട്ടിക്കുകയും പാശ്ചാത്യ ലോകത്തിന്റെ ആരാധന പിടിച്ചു പറ്റുകയും ചെയ്ത ഒരു നടപടിയായിരുന്നു ഇത്. ഉരുക്കു മുഷ്ടി കൊണ്ടുതന്നെ മോദി ഇടതുഭീകരപ്രവര്ത്തനത്തെയും നേരിട്ടു.
ജമ്മു കശ്മീരില്‍ മൃദു തീവ്രവാദത്തിന്റെ വക്താവായ മെഹബൂബ മുഫ്തിയുടെ അധികാരത്തോടുള്ള ആസക്തി ഉപയോഗിച്ച് രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയതിനു പിന്നിലും മോദിയുടെ ചാണക്യതന്ത്രമായിരുന്നു. ഇതിലൂടെ ജമ്മുകശ്മീര്‍ ഭരണ സംവിധാനത്തില്‍ അതുവരെ ഇല്ലതിരുന്ന ഒരു പരിചയം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞു. പിന്നീട് അനുകൂല സന്ദര്‍ഭത്തില്‍ ഈ ഭരണത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. രണ്ടാം തവണ അധികാരത്തില്‍ വന്ന ശേഷം 370-ാം വകുപ്പ് റദ്ദാക്കാന്‍ കഴിഞ്ഞത് ഇത്തരം ചില നീക്കങ്ങള്‍ മുമ്പു തന്നെ നടത്തിയതു കൊണ്ടാണ്. ബിജെപിയെ ഒരു വലിയ ദേശീയ ശക്തിയാക്കി മാറ്റിയ മോദി വടക്കു കിഴക്കന്‍ ഭാരതത്തിലും വലിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. വിഘടനവാദത്തിന്റെയും അസ്ഥിരതയുടെയും ഇടയില്‍ പെട്ടിരുന്ന പ്രദേശങ്ങളെ വികസനത്തില്‍ ഊന്നിയ നയത്തിലൂടെ ദേശീയ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. വടക്കുകിഴക്കന്‍ ഭാരതത്തിലേക്കു പോകാനും അവിടെ താമസിക്കാനും മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടതിന്റെ ഫലമായി പത്തിലധികം മന്ത്രിമാര്‍ 250 ലധികം തവണ അവിടെ പര്യടനം നടത്തി. മോദി തന്നെ ഡസന്‍ കണക്കിനു യാത്രകള്‍ നടത്തി. നേരത്തെ ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള വികസനമാണ് ഇതിന്റെ ഫലമായി മേഖലയില്‍ ഉണ്ടായത്. മാത്രമല്ല ബിജെപി മേഖലയിലെ ഒരു പ്രബലകക്ഷിയായി മാറുകയും ചെയ്തു.
മോദി 2.0
മോദി സര്‍ക്കാരിന്റെ രണ്ടാം തവണയിലെ ഭരണത്തിലാണ് ലോകത്തിന് കൊവിഡ് മഹാമാരിയെ നേരിടേണ്ടി വന്നത്. വിദേശ രാജ്യങ്ങള്‍ വാക്സിന് ഉല്പാദിപ്പിക്കുന്നതുവരെ കാത്തിരിക്കുന്നതിനു പകരം ഭാരതം സ്വന്തമായി രണ്ട് വാക്സിന് ഉല്പാദിപ്പിക്കുകയും കോടിക്കണക്കിനു ഭാരതീയര്‍ക്കു മാത്രമല്ല വിദേശ രാജ്യങ്ങള്‍ക്കും വാക്സിന് നല്‍കുകയും ചെയ്തു.
ഉക്രൈന് യുദ്ധം ആരംഭിച്ച സമയത്ത് ആപല്ക്കരമെങ്കിലും തന്ത്രപരമായ നിഷ്പക്ഷതയാണ് ഭാരതം സ്വീകരിച്ചത്. അമേരിക്കയുടെ തിട്ടൂരം വകവെക്കാതെ ഭാരതം റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ തയ്യാറായി. ഫ്രാന്‍സ്, ആസ്ട്രേലിയ, ജപ്പാന്, ഇറ്റലി എന്നീ രാജ്യങ്ങളെയും പശ്ചിമേഷ്യയിലെ ഇസ്ലാമിക ശക്തികളെയും കൂടെ നിര്‍ത്തിക്കൊണ്ട് മോദി അമേരിക്കയുടെ വെല്ലുവിളിയെ നേരിട്ടു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ മോദി തീരുമാനിച്ചിരുന്നില്ലെങ്കില്‍ അത് ഇന്ധന വിലയെ വാനോളം ഉയര്‍ത്തുകയും കൊവിഡ് മൂലം നേരത്തെ തന്നെ തകര്‍ന്നു തരിപ്പണമായ ലോകവിപണിയെ കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്യുമായിരുന്നു. ഉക്രൈന് യുദ്ധം രൂക്ഷമായ സമയത്താണ് നരേന്ദ്രമോദി ജി20ന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ലോകരാജ്യങ്ങളുടെ ഒത്തു ചേരലിനപ്പുറം വിവിധ ജനവിഭാഗങ്ങളുടെ 250ഓളം യോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ജി 20 യെ അദ്ദേഹം ഒരു ബഹുജനപ്രസ്ഥാനമാക്കി.
കശ്മീരിനെ സംബന്ധിച്ച 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഭാരതം, കശ്മീര്‍ പ്രശ്നത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുന്ന പാകിസ്ഥാന്റെ കള്ളക്കളികള്‍ക്ക് ശക്തമായ തിരിച്ചടി കൊടുത്തു. ഒരു വെടിയുണ്ട പോലും ചെലവാക്കാതെ, ഒരു തുണ്ട് കടലാസിന്റെ ബലത്തില്‍ മോദി പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനത്തെ കശ്മീരിന്റെ മണ്ണില്‍ നിന്ന് കുടിയൊഴിപ്പിച്ചു. തീവ്രവാദ പ്രവത്തനങ്ങളുടെ വിളനിലമായിരുന്ന കശ്മീരിനെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റി. വികസനത്തിന്റെയും സമാധാനത്തിന്റെയും പുതിയ യുഗത്തിലേക്ക് കശ്മീരിനെ നയിച്ചു. കഴിഞ്ഞ വര്‍ഷം 3.5 കോടി വിനോദ സഞ്ചാരികളാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. ഭാരതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പാകിസ്ഥാനെ വെറുമൊരു അടിക്കുറിപ്പാക്കി മാറ്റാന്‍ മോദിക്കു കഴിഞ്ഞു. പൗരത്വനിയമ ഭേദഗതി ധൈര്യപൂര്‍വ്വം അംഗീകരിച്ചു കൊണ്ട് അയല്‍ രാജ്യങ്ങളില്‍ നിന്ന് ഭാരതത്തിലേക്കു വന്ന ഹിന്ദു, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, ജൂത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനും തയ്യാറായി.
നൂറ്റാണ്ടുകള്‍ നീണ്ട രാമജന്മഭൂമി പ്രശ്നത്തിന് ജനാധിപത്യപരവും നീതിന്യായ പരവുമായ നടപടികളിലൂടെ പരിഹാരം കണ്ടു. അതിലൂടെ എന്നും ആളിക്കത്തിയിരുന്ന ഹിന്ദുമുസ്ലി പ്രശ്നത്തെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു തള്ളാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു. സുപ്രീം കോടതിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനത്തിലൂടെയാണ് രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. രാമക്ഷേത്രത്തെ എതിര്‍ത്തിരുന്ന മുസ്ലീങ്ങള്‍ പോലും ഇതിനെ സ്വാഗതം ചെയ്തു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയെ ഭാരതത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ദേശീയ ഐക്യത്തിന്റെ പ്രതീകമാക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു. അറംഗസേബിന്റെ കാലം മുതലുള്ള ഹിന്ദുമുസ്ലീം തര്‍ക്കത്തിന് ഇതിലൂടെ പരിഹാരമായി. 72 വര്‍ഷം പഴക്കമുള്ള ഭരണഘടനാ നിര്‍ദ്ദേശമായ ഏക സിവില്‍കോഡ് നടപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിക്കാനും മോദി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.
2047 ലേക്കുള്ള ദര്‍ശനം
ഭാരതത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ 2047 ല്‍ വികസിത ഭാരതം എന്ന ദീര്‍ഘകാല ദര്‍ശനം മുന്നോട്ടു വെച്ച ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കേവലം ആഗ്രഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള ഒരു ദര്‍ശനമല്ല ഇത്. ഇതിന്റെ പിന്നില്‍ കൃത്യമായ ആസൂത്രണവും കണക്കുകൂട്ടലുകളുമുണ്ട്. ഭാരതത്തിന്റെ പേരു പറഞ്ഞ് ചൈനയെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യ ലോകം ഇന്ന് മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്ന അവരുടെ സമീപനം ഭാരതത്തിനു വലിയ സാദ്ധ്യതകളാണു നല്‍കുന്നത്. ഒരു ഭാഗത്ത് പാശ്ചാത്യ ലോകത്തെയും മറുഭാഗത്ത് റഷ്യയെയും ചേര്‍ത്തു നിര്‍ത്തുന്ന ഭാരതം ഇന്ന് 1950ല്‍ നിന്നും 1960ല്‍ നിന്നും വ്യത്യസ്തമായി ഒരു പുതിയ ശീതയുദ്ധത്തെ ഇല്ലാതാക്കാന്‍ കഴിവുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യമാണ്. ഇതെല്ലാമാണ് മോദിക്കു നല്‍കാനുള്ളത്. എന്നാല്‍ ഇന്ത്യാ സഖ്യത്തിന് എന്താണ് നല്‍കാനുള്ളത്?
1989-98 കാലത്തേക്ക് പിന്തള്ളണോ?
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കും കഴിഞ്ഞ മെയില്‍ കര്‍ണാടകത്തിലുണ്ടായ കോണ്‍ഗ്രസ് വിജയത്തിനും ശേഷം, ശത്രുവായ മോദിയെ അധികാരത്തില്‍ നിന്നു പുറത്താക്കുക എന്ന ഒരേയൊരു ലക്ഷ്യമാണ് ഇന്ത്യാ സഖ്യത്തിനുള്ളത്. ഡിസംബറില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നു തരിപ്പണമായതോടെ സഖ്യത്തിന്റെ നിലനില്പ് അവതാളത്തിലായി. മുന്നണിയുണ്ടാക്കാന്‍ മുന്നില്‍ നിന്ന നിതീഷ് മറുകണ്ടം ചാടി എന്‍ഡിഎയിലെത്തി. മമതാ ബാനര്‍ജി കോണ്‍ഗ്രസ്സിനെ ബംഗാളില്‍ നിന്നു പുറത്താക്കി. കേരളമുള്‍പ്പെടെ മിക്ക സ്ഥലത്തും കമ്മ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസ്സിനോട് മത്സരിക്കുകയാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് കമ്മ്യൂണിസ്റ്റുകളെ വേണ്ട. 2004-14 കാലത്തെ യുപിഎ ഭരണത്തിന്റെയും 1989-98 കാലത്തിന്റെയും ഒരു ആവര്‍ത്തനമായിരിക്കും ഇന്ത്യാ സഖ്യത്തിന്റേത് എന്നു മനസ്സിലാക്കാന്‍ ഒരു ക്രാന്തദര്‍ശിയുടെ ആവശ്യമില്ല.
ജനങ്ങളുടെ മുന്നിലുള്ള ചിത്രം വ്യക്തമാണ്: ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയും 2047ല്‍ വികസിതരാജ്യവുമാക്കാന് കഴിയുന്ന നരേന്ദ്രമോദിയുടെ ഭരണം ആവര്‍ത്തിക്കണോ, അതല്ല ഇന്ത്യാ സഖ്യം വാഗ്ദാനം ചെയ്യുന്നതുപോലെ ആറ് പ്രധാനമന്ത്രിമാരെയും നാല് തെരഞ്ഞെടുപ്പുകളും കണ്ട, നാം മറന്നു തുടങ്ങിയ ആ കാലത്തിലേക്ക് വീണ്ടും രാജ്യത്തെ തള്ളി വിടണോ?
(കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, വിവ: സി.എം. രാമചന്ദ്രന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: