പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തെയാണ് സോണിയാ കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും നേരിട്ടതിനെക്കാള്‍ കനത്ത പരാജയമാണ് ഇക്കുറി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വെകളെല്ലാം പ്രവചിക്കുന്നത് ബിജെപി റെക്കോര്‍ഡ് വിജയം നേടുമെന്നും, കോണ്‍ഗ്രസിന് വീണ്ടും ദയനീയമായ പരാജയം സംഭവിക്കുമെന്നുമാണ്. ബിജെപി ഒറ്റയ്ക്ക് 350 സീറ്റു നേടുമെന്നും, എന്‍ഡിഎ സഖ്യത്തിന് 400 സീറ്റിലേറെ ലഭിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. ഇതുമായി പൊരുത്തപ്പെടുന്നതാണ് അഭിപ്രായ സര്‍വെ ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ പോലും ബിജെപിയും മോദിയും വന്‍വിജയം നേടുമെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പരിഭ്രാന്തിയിലായ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചാരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയപ്രീണന രാഷ്ട്രീയത്തെ തുറന്നുകാണിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ അപവാദപ്രചാരണം നടത്തുന്നത്. വിശ്വാസ്യത നശിച്ച കോണ്‍ഗ്രസ് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ വിദ്വേഷ പ്രചാരണത്തെ ആശ്രയിക്കുകയാണ്. ഇത് ഒരുതരത്തിലും ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ പോകുന്നില്ല.
ജലോറില്‍ പ്രസംഗിക്കുമ്പോഴാണ് കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി തുടരുന്ന അപകടകരമായ വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിനെതിരെ പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനാണ് രാജ്യത്തിന്റെ സമ്പത്തില്‍ അവകാശമെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കുവരെ നല്‍കുമെന്നുമാണ് മോദി പറഞ്ഞത്. ഇത് രണ്ടും പ്രധാനമന്ത്രിയുടെ ആരോപണങ്ങളല്ല. രാജ്യത്തെ വിഭവങ്ങളുടെ പ്രഥമാവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ഒരു നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞതാണ്. അന്നും പിന്നീടും ഇത് വലിയ വിവാദമായെങ്കിലും മന്മോഹന് സിങ് ഇക്കാര്യം നിഷേധിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് വിശദീകരിക്കുകയുണ്ടായില്ല. ഏതറ്റംവരെയും പോയി സംഘടിത മതവിഭാഗത്തെ പ്രീണിപ്പിക്കുകയെന്ന കോണ്‍ഗ്രസിന്റെ നയമാണ് മന്മോഹന് വ്യക്തമാക്കിയത്. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും മതേതര വിരുദ്ധവുമായ ഇത്തരം നയങ്ങള്‍ക്കെതിരെയാണ് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയത്. കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിലാണ് കണ്ണുവയ്ക്കുന്നതെന്നും, അവര്‍ക്ക് അധികാരം ലഭിച്ചാല്‍ നമ്മുടെ അമ്മമാരുടെ താലിമാല വരെ അവര്‍ പിടിച്ചുപറിക്കുമെന്നും മോദി ജലോറില്‍ പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സമ്പത്തിന്റെ പുനര്‍വിതരണത്തെക്കുറിച്ച് പറയുന്നതാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
അധികാരത്തിലിരുന്നപ്പോള്‍ വിതച്ചതു കൊയ്യുകയാണ് തങ്ങളെന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ മറന്നുപോകുകയാണ്. വര്‍ഗീയ പ്രീണനത്തെ തുറന്നുകാട്ടുമ്പോള്‍ മോദിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് വിലപ്പോവില്ല. മുസ്ലിങ്ങളെ മതജീവികളായല്ല, ഈ രാജ്യത്തെ പൗരന്മാരായാണ് ബിജെപിയും മോദി സര്‍ക്കാരും കാണുന്നത്. ‘ആരോടും പ്രീണനമില്ല എല്ലാവര്ക്കും നീതി’ എന്ന ഭാരതീയ ജനസംഘത്തിന്റെ കാലംമുതലുള്ള നയമാണ് ബിജെപിയും പിന്തുടരുന്നത്. മുസ്ലിം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും, രാജ്യത്തെ വികസന മുന്നേറ്റത്തില്‍ അവരെ പങ്കാളികളാക്കാനുമാണ് തുടക്കംമുതല്‍ തന്നെ മോദി സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സൗദിയിലെ രാജാവുമായി ചര്‍ച്ച നടത്തി ഹജ്ജ് ക്വാട്ട ഉയര്‍ത്തിയതും, മുസ്ലിം വനിതകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിനു പോകാനുള്ള സൗകര്യമൊരുക്കിയതും, മുത്തലാഖ് നിര്‍ത്തലാക്കി മുസ്ലിം വനിതകളുടെ കണ്ണീരൊപ്പിയതുമൊക്കെ ഇതിനു തെളിവാണ്. മുസ്ലിങ്ങളോട് ഒരു വിവേചനവും ബിജെപിക്കില്ല. എം.സി. ഛക്ലയും ആരിഫ് ബേഗും സിക്കന്തര്‍ ഭക്തുമൊക്കെ പരമ്പരാഗതമായി ബിജെപിക്കൊപ്പം നിന്ന മുസ്ലിം നേതാക്കളാണ്. മുക്തര്‍ അബ്ബാസ് നഖ്വിയെയും ഷാസിയ ഇല്‍മിയെയും പോലുള്ളവരുടെ നീണ്ടനിര ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം തിരിച്ചറിഞ്ഞ് ബിജെപിക്കൊപ്പം പോന്നവരാണ് നജ്മ ഹെപ്തുള്ള മുതല്‍ എ.പി. അബ്ദുള്ളക്കുട്ടി വരെയുള്ളവര്‍. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ കാലിക്കറ്റ് വിസിയായ ഡോ.അബ്ദുള്‍ സലാമാണ്. ബിജെപിയും മോദിയും മുസ്ലിം വിരുദ്ധമാണെന്ന് 2014 ലും 2019 ലും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. രണ്ട് തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി മോദിക്ക് മുസ്ലിം ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇക്കുറിയും ഇതിന് മാറ്റം വരാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: