കോഴിക്കോട്: ലക്ഷക്കണക്കിന് ഭക്തഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് കേരളാധര്മ്മാചാര്യ സഭ സംസ്ഥാന ചെയര്മാന് സ്വാമി ചിദാനന്ദ പുരിയും ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പൂരത്തിന്റെ മഠത്തില്‍ വരവ് പോലീസ് തടഞ്ഞതും നടുവിലാലിന് സമീപം ഭക്തരെ തല്ലിച്ചതച്ചതും തികച്ചും ആസൂത്രിതമാണ്.
ചരിത്രത്തിലാദ്യമായാണ് തൃശ്ശൂര്‍ പൂരം ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടി വന്നത്. അക്രമത്തിനും എഴുന്നള്ളിപ്പ് തടയുന്നതിനും നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രക്ഷപ്പെടാനുള്ള സര്‍ക്കാരിന്റെ ഗൂഢതതന്ത്രം ഭക്തര്‍ തിരിച്ചറിയണം. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രഖ്യാപിക്കുകയും ഹിന്ദു ദൈവങ്ങള്‍ മിത്താണെന്ന് അധിക്ഷേപിക്കുകയും ചെയ്ത് ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍. ആചാര ലംഘനം നടത്തി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെയും കാണാനാവൂ.
തൃശ്ശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക നാല്പത് ലക്ഷത്തില്‍ നിന്നും രണ്ട് കോടി രൂപയാക്കി വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡ് പൂരത്തിനെതിരെ തിരിഞ്ഞത്. ഇത്രയും വാടക നല്കിയാല്, പൂരം നടത്താനാവില്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ഭക്തജനങ്ങളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരം നിര്‍ത്തലാക്കാന്‍ ശ്രമിച്ചത്. ക്ഷേത്ര പദ്ധതിയെ ഇല്ലാതാക്കി ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും കേരള ധര്‍മ്മാചാര്യ സഭ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: