തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎക്ക് അനുകൂലമായ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നും ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ദേശീയതലത്തില്‍ 400 സീറ്റുകളുമായി നരേന്ദ്രമോദി മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. കേരളത്തില്‍ നിന്ന് ബിജെപിയുടെ ജനപ്രതിനിധികള്‍ ലോകസഭയില്‍ മോദിക്ക് പിന്തുണ നല്കാന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ മാധ്യമങ്ങലോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനും ജനക്ഷേമത്തിനും അധിഷ്ഠിതമായിട്ടുള്ള മോദിയുടെ ഗ്യാരണ്ടി കേരളത്തിലെ ജനങ്ങള്‍ നെഞ്ചേറ്റാന്‍ തയ്യാറാകുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ എന്‍ഡിഎ അട്ടിമറി വിജയം നേടുമെന്ന് പറയുന്നത്. എന്‍ഡിഎ വോട്ടര്‍മാരുടെ മുന്നില്‍ വികസനത്തിന്റെ അജണ്ടയാണ് അവതരിപ്പിച്ചത്. എന്നാല്‍ ഐഎന്‍ഡിയുടെ ഘടകക്ഷികളായിട്ടുള്ള കോണ്‍ഗ്രസും സിപിഎമ്മും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. വിഷയദാരിദ്ര്യമുള്ള ഇവര്‍ പൗരത്വ നിയമഭേദഗതിയെ സമൂഹത്തില്‍ മതപരമായ വിഭജനമാക്കിക്കൊണ്ട് അവതരിപ്പിക്കാനാണ് ശ്രമിച്ചത്.
വര്‍ഗീയത ആളിക്കത്തിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കന്മാരും വി.ഡി. സതീശനെപ്പെലെയുള്ള യുഡിഎഫ് നേതാക്കളും പ്രചാരണം നടത്തുന്നത്. മുസ്ലിം സമൂഹത്തിന് ഭയാശങ്കകള്‍ ഉണ്ടാക്കുന്നതരത്തിലുള്ള പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. സാധാരണക്കാരുടെയും അദ്ധ്വാനിക്കുന്നവരുടെയും വോട്ട് മോദിക്കനുകൂലമായി മാറുമെന്ന് മനസിലാക്കിയ ഇവര്‍ പരാജയഭീതിയില്‍ തീവ്രവാദശക്തികളുമായിട്ട് രാഷ്ട്രീയ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിഡിപിയുമായിട്ടാണ് സഖ്യത്തിലേര്‍പ്പെട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറിയും എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പത്രസമ്മേളനങ്ങളില്‍ പോലും വര്‍ഗീയ അജണ്ടകളാണ് അവതരിപ്പിക്കുന്നത്. കേരളത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. കാരണം ഹൈന്ദവരെയും ക്രൈസ്തവരെയും അരുംകൊലചെയ്യാന്‍ തയ്യാറാകുന്നു എന്നരീതിയില്‍ അവലും മലരും കരുതിക്കോ കുന്തിരിക്കം കരുതിക്കോ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ തീവ്രവാദശക്തികളുമായിട്ടാണ് സിപിഎമ്മും കോണ്‍ഗ്രസും സഖ്യം ഉണ്ടാക്കുന്നത്.
സത്യം മനസിലാക്കുന്ന ക്രൈസ്തവരും മുസ്ലിം സഹോദരങ്ങളും ബിജെപിയെ പിന്തുണയ്ക്കുമെന്നു കണ്ടപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും പറയുന്നത് ബിജെപിയെ ഒരു കാരണവശാലും ജയിക്കാന്‍ അനുവദിക്കില്ല എന്നാണ്. ബിജെപി ഒന്നാംസ്ഥാനത്ത് വരാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും എന്ത് കച്ചവടമാണ് നടത്തിയിട്ടുള്ളതെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കണം.
ഇന്ത്യയിലെ ഏതാണ്ട് എല്ലാസംസ്ഥാനങ്ങളും ഉപേക്ഷിച്ച രാഷ്ട്രീയ മാലിന്യമാണ് സിപിഎമ്മും കോണ്‍ഗ്രസും. ഈ രണ്ടു രാഷ്ട്രീയ മാലിന്യങ്ങളും വന്നടിഞ്ഞിരിക്കുന്നത് കേരളത്തിലാണ്. ഈ രാഷ്ട്രീയ മാലിന്യങ്ങളാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയെ ബാധിച്ച മാറാരോഗങ്ങള്‍ക്കും മാരകരോഗങ്ങള്‍ക്കും കാരണമായിട്ടുള്ളത്. ഈ രണ്ടുരാഷ്ട്രീയ മാലിന്യങ്ങളെയും തുടച്ചുമാറ്റാനുള്ള ശുദ്ധീകരണത്തിന്റെ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഈ തെരഞ്ഞെടുപ്പോടെ ഒരു നല്ലനാളെയുടെ വികസനത്തിന്റെ ജനക്ഷേമത്തിന്റെ ഒരു പുതിയ രാഷ്ട്രീയം കേരളത്തിലും ഉണ്ടാകും. ദേശീയതലത്തില്‍ 400 സീറ്റ്നേടിക്കൊണ്ട് നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. കേരളത്തില്‍ എന്‍ഡിഎ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിശക്തമായ ത്രികോണമസരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
എംപിയെന്ന നിലയില്‍ ശശി തരൂര്‍ വട്ടപൂജ്യമാണ്. വിശ്വപൗരനെയല്ല വിശ്വസിക്കാവുന്ന ഒരു എംപിയെയാണ് തിരുവനന്തപുരത്തുകാര്‍ക്ക് ആവശ്യം. തിരുവനന്തപുരത്തെ ജനങ്ങള്‍ രണ്ടുകയ്യും നീട്ടി രാജീവ് ചന്ദ്രശേഖരനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറുശതമാനം ആത്മവിശ്വാസത്തോടെയാണ് ബിജെപി മത്സരിക്കുന്നത്. ലോകസഭയിലേക്കുള്ള ഒരു പ്രവേശന പാസിനു വേണ്ടിയിട്ടാണ് രാഹുല്‍ ഗാന്ധി കിലോമീറ്ററുകള്‍ താണ്ടി വയനാട്ടില്‍ മത്സരിക്കുന്നത്. സിപിഎം സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.ആര്. പത്മകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: