ന്യൂദല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ തലസ്ഥാനമായ സനായിലെ ജയിലിലെത്തി കണ്ട് അമ്മ പ്രേമകുമാരി. ഇന്ത്യന്‍ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും സനായിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെത്തിയത്. തുടര്‍ന്ന് പ്രേമകുമാരി എംബസി അധികൃതര്‍ക്കൊപ്പം ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു.
കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തെ വ്യാഴാഴ്ച നേരിട്ട് കണ്ട് മോചനം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ തുടങ്ങാനാണ് ശ്രമം.തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ നിമിഷപ്രിയയുടെ മോചനമാകാമെന്ന അപ്പീല്‍ കോടതിയുടെ വിധി കണക്കിലെടുത്താണ് ചര്‍ച്ച.
യെമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദിയെ 2017 ജൂണ്‍ 25ന് നിമിഷ പ്രിയ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. യെമനിലെ പരമോന്നത കോടതിയായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞ നവംബറില്‍ ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: