ആര്യനാട്: പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ടൗണുകള്‍ കേന്ദ്രീകരിച്ച് വ്യാപാരികളെയും വ്യവസായികളെയും നാട്ടുകാരെയും നേരില്‍ കണ്ട് വിജയ സാധ്യത വര്‍ധിപ്പിച്ചും വോട്ടുകള്‍ ഉറപ്പിച്ചും ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്. ആര്യനാട്, മലയിന്‍കീഴ്, വട്ടപ്പാറ, കിളിമാനൂര്‍ ടൗണുകളിലാണ് ഇന്നലെ വി. മുരളീധരന് പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി എത്തി വോട്ട് അഭ്യര്‍ത്ഥിച്ച് വിജയസാധ്യത വര്‍ധിപ്പിച്ചത്.
കല്ലറയ്ക്ക് സമീപം ചെറുവാളത്തും പരപ്പിലും സ്വീകരണങ്ങളിലും പങ്കെടുത്തു. ആര്യനാട് ഐഎന്‍ടിയുസി ഓഫീസിലും കയറി വി. മുരളീധരന് വോട്ട് തേടി. നരേന്ദ്രമോദിയുടെയും വി. മുരളീധരന്റെയും താമര ചിഹ്നത്തിന്റെയും ചെറിയ പ്ലക്കാര്‍ഡ് പിടിച്ചും പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ചെണ്ടമേളവും ആയിട്ടായിരുന്നു എല്ലാ സ്ഥലത്തും വി. മുരളീധരന് വോട്ടര്‍മാരെ കണ്ടത്.
ആര്യനാട് വോട്ട് ചോദിക്കുന്നതിനിടയില്‍ രണ്ടുപേര്‍ വിവാഹത്തിന് വി. മുരളീധരനെ ക്ഷണിക്കുകയും കുഞ്ഞിന്റെ കാതുകുത്തുമായി ബന്ധപ്പെട്ട് ലഡു സമ്മാനിക്കുകയും ചെയ്തു. എല്ലാവരും വോട്ട് നല്‍കാമെന്ന് ദൃഢസ്വരത്തില്‍ പ്രഖ്യാപിച്ചുകൊണ്ട് മുരളീധരന്റെ കയ്യില്‍ മുറുകെപ്പിടിച്ച് വോട്ട് തരാമെന്ന് പ്രതിജ്ഞ ചെയ്യുകയായിരുന്നു. മലയിന്‍കീഴും അതായിരുന്നു അവസ്ഥ.
വട്ടപ്പാറയില്‍ ഉച്ചയ്ക്ക് ശേഷമാണ് വോട്ടര്‍മാരെ മുരളീധരന് കണ്ടത്. വ്യാപാരസ്ഥാപനങ്ങളില്‍ കയറി വിവരങ്ങള്‍ ചോദിച്ചും പ്രവര്‍ത്തനങ്ങള്‍ പഠിച്ചും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയുമായിരുന്നു വോട്ടഭ്യര്‍ത്ഥന. വട്ടപ്പാറ വിഘ്നേശ്വര ഫഌവര്‍ മാര്‍ട്ടില്‍ എത്തിയപ്പോള്‍ താമരപ്പൂ നല്‍കിയാണ് വി. മുരളീധരനെ സ്വീകരിച്ചത്.
രാത്രിയോടെയാണ് കല്ലറ ചെറുവാളത്തെ സ്വീകരണത്തിലും പരപ്പിലെ സ്വീകരണത്തിലും പങ്കെടുത്തത്. രണ്ടിടങ്ങളിലും സ്വീകരിക്കാന്‍ വലിയ ജനാവലി കാത്തുനില്‍പ്പുണ്ടായിരുന്നു. രാത്രിയാണ് കിളിമാനൂരില്‍ വ്യാപാരികളെയും വ്യവസായികളെയും വോട്ടര്‍മാരെയും നേരില്‍ കാണാന്‍ വി. മുരളീധരന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: