ഗൗതം ബുദ്ധനഗര്‍ (ഉത്തര്‍പ്രദേശ്): മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂനപക്ഷവിരുദ്ധനെന്ന് മുദ്രകുത്താന്‍ പരിശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ആ പാരമ്പര്യം അവരുടേതാണ്. അവര്‍ വീണ്ടും രാജ്യത്ത് മതവിഭാഗീയത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ദാദ്രിയിലെ ബിസദ ഗ്രാമത്തില്‍ ചേര്‍ന്ന എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
എനിക്ക് നരേന്ദ്ര മോദിയെ വര്‍ഷങ്ങളായി അടുത്ത് അറിയാം. അദ്ദേഹത്തിന് എല്ലാവരും തുല്യരാണ്. അദ്ദേഹം എല്ലാ മതങ്ങളെയും ആദരവോട് കാണുന്നയാളാണ്. മതത്തിന്റെ പേരിലല്ല, വികസനത്തിന്റ രാഷ്ട്രീയമാണ് മോദി നയിക്കുന്നത്, രാജ്നാഥ് പറഞ്ഞു. കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ വ്യക്തികളുടെ സ്വത്തുവിവര സര്‍വെ എടുക്കുമെന്ന് പറയുന്നു. ഇത് രാജ്യത്തെ വിഭവങ്ങളെ വിഭജിക്കാനുള്ള നീക്കമാണ്. ഇക്കാര്യത്തില്‍ ലക്ഷ്യം വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസാണ്.
2006 ഡിസംബര്‍ 9ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും എല്ലാവര്ക്കും തുല്യഅവകാശമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി, പ്രതിരോധമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പട്ടികജാതി, പട്ടിക വര്‍ഗ സംവരണം എടുത്തുമാറ്റി. കോണ്‍ഗ്രസ് രൂപം കൊടുത്ത നിരവധി കമ്മിഷനുകള്‍ 27 ശതമാനം ഒബിസി സംവരണം വേണമെന്ന് ശിപാര്‍ശ ചെയ്തു. ആ ഇരുപത്തേഴ് ശതമാനത്തില്‍ ആറ് ശതമാനം മുസ്ലീങ്ങള്‍ക്കും രണ്ട് ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും വേണമെന്നായിരുന്നു ശിപാര്‍ശ, രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ വികസനത്തിന്റെ പുത്തന്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ബിജെപി പരിശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് എക്കാലത്തെയും പോലെ ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിക്കാന്‍ പണിപ്പെടുകയാണ്. സൂററ്റിലെ എതിരില്ലാത്ത വിജയത്തിലൂടെ ബിജെപി അതിന്റെ വിജയപരമ്പരയ്ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. എതിരില്ലാതെ ജയിക്കുന്നത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അവരുടെ സ്ഥാനാര്‍ത്ഥികള്‍ മുമ്പ് പലപ്പോഴും എതിരില്ലാതെ ജയിച്ചിട്ടുണ്ടല്ലോ. അപ്പോഴൊന്നും കാണാത്ത ഭീഷണി ഇപ്പോള്‍ ഉണ്ടെന്ന് പറയുന്നത് പരിഹാസ്യമാണ്, രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: