കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ എയ്ഡഡ് സർവകലാശാലകളിൽ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണെന്ന് ഒരിക്കൽ കൂടി സ്ഥിരീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നിയമന നടപടികൾ ത്വരിതപ്പെടുത്തി ഗവർണർ ഡോ.സി.വി ആനന്ദബോസ്.
ഇടക്കാല വിസിമാരായി നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച 31 പ്രൊഫസർമാരിൽ ആറ് പേരുകൾ ചാൻസലർ എന്ന നിലയിൽ തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ അംഗീകരിക്കുകയും ബാക്കിയുള്ളവ നിരസിക്കുകയും ചെയ്തു. ഇക്കാര്യം രാജ്ഭവൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഗവർണർ അംഗീകരിച്ച പട്ടികയിലെ ആറുപേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബംഗാൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് സീനിയർ സ്പെഷ്യൽ സെക്രട്ടറി ഗവർണർ ആനന്ദബോസിനോട് രേഖാമൂലം അഭ്യർത്ഥിച്ചു.
സുപ്രീംകോടതിയിൽ വ്യക്തമാക്കിയതുപോലെ വൈസ്ചാൻസലർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സർവകലാശാലകളിൽ ആറ് ഇടക്കാല വൈസ് ചാൻസലർമാരെ നിയമിക്കാൻ ചാൻസലർ നടപടി ആരംഭിച്ചു. സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്ന് എട്ട് പ്രൊഫസർമാരെ ഗവർണർ ചർച്ചയ്ക്ക് വിളിച്ചു. അതിൽ മൂന്നുപേർ എത്തിയില്ല. പങ്കെടുത്ത മറ്റ് മൂന്നു പേർ തങ്ങൾക്ക് ഇഷ്ടമുള്ള സർവകലാശാലകൾ വേണമെന്ന് ആവശ്യപ്പെട്ടു. ആ സർവ്വകലാശാലകളിൽ നേരത്തെ തന്നെ ഇടക്കാല വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു.
ഒഴിവുള്ള സർവകലാശാലകളിൽ ചുമതലയേൽക്കാൻ രണ്ട് പ്രൊഫസർമാർ സന്നദ്ധത പ്രകടിപ്പിച്ചു. സർക്കാർ നിർദ്ദേശിച്ച പട്ടികയിൽ നിന്ന് ഏതാനും പേരെ കൂടി ഉടൻ ഗവർണർ ചർച്ചയ്ക്ക് വിളിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ആർ. വെങ്കിട്ടരമണി ഗവർണർ ആനന്ദബോസിനെക്കണ്ട് ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: