തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണം. കലാശക്കൊട്ടിനുള്ള സ്ഥലങ്ങള്‍ തെര. കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ശബ്ദ പ്രചാരണം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമ വിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ 144 പ്രകാരം നടപടി സ്വീകരിക്കും.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സിനിമ, ടിവി പരിപാടികള്‍, പരസ്യങ്ങള്‍, സര്‍വേകള്‍ മുതലായവ അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്കല്, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മണ്ഡലത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പോലീസിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലാണ്. മണ്ഡലത്തിനു പുറത്തു നിന്നുള്ളവര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല.
ലൈസന്‍സുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള നിരോധനം തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതു വരെ തുടരും. സംസ്ഥാനത്തെ വോട്ടെടുപ്പ് ഏപ്രില്‍ 26 ന് ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. ജൂണ്‍ നാലിന് വോട്ടെണ്ണല്‍. എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: