ടെല്‍അവീവ്: ഇറാനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ 22 പേര് മരിച്ചതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഇസ്രായേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.
ലെബനനില്‍ നിന്ന് 35 റോക്കറ്റുകളുടെ ഒരു ബാരേജാണ് ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണത്തിന്പിന്നാലെ ഹിസ്ബുള്ളയില്‍ നിന്ന് റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ചു കൊണ്ടുള്ള ഒരു പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രായേലിന് നേരെ ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി അവകാശപ്പെട്ടുള്ളതായിരുന്നു പ്രസ്താവന.
തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ഹിസ്ബുള്ളയുടെ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ദമാസ്കസിലുള്ള ഇറാന്റെ എംബസിക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് വ്യക്തമാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനില്‍ നിന്ന് ഹിസ്ബുള്ള ഇസ്രായേലിനെതിരെ നീക്കം നടത്തുന്നത്.
അതിനിടെ, ഇറാനിലെ ഇസ്ഫഹാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെപ്പറ്റി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. റഷ്യന്‍ നിര്‍മിത എസ്-300 ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
ഇറാനില്‍ ഡ്രോണുകളും മിസൈലും ഉപയോഗിച്ച് ഇസ്രായേല്‍ തകര്‍ത്ത പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍, ഏപ്രില്‍ 15ന് ഇറാനിലെ രഹസ്യ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന എസ്- 300 കാണാം. ഗൂഗിള്‍ എര്‍ത്തിലെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ എസ്-300 ഇല്ലാത്ത ശൂന്യസ്ഥലമാണു കാണുന്നത്. ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനത്തില്‍ പതിച്ചെന്നാണു സൂചന. എന്നാല്‍, ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ സംശയകരമായി ഒന്നും സൈന്യം കണ്ടെത്തിയിട്ടില്ലെന്നാണു ഇറാന് വൃത്തങ്ങള്‍ പറയുന്നത്.
ആക്രമണത്തില്‍ ഇരുപക്ഷവും അവകാശവാദങ്ങള്‍ ഉന്നയിക്കാത്തതിനാല്‍ ഇസ്രായേല്‍ എന്തുതരം ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും വ്യക്തമല്ല. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇസ്രായേലിന് കഴിയുമെന്ന സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: