ന്യൂദല്‍ഹി: സൂററ്റിലെ എതിരില്ലാത്ത വിജയം ജനാധിപത്യ ധ്വംസനമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍. ആത്മവിശ്വാസം ചോര്‍ന്നതിന്റെ പ്രതികരണമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ മറുപടി.
സൂററ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആക്ഷേപം. എന്നാല്‍ ഇതാദ്യത്തെ സംഭവമല്ലെന്നും രാഹുലിന് രാഷ്‌ട്രീയത്തില്‍ വലിയ പരിചയം ഇത്രകാലമായിട്ടും ഇല്ലെന്നതിന്റെ തെളിവാണിതെന്നും ഹര്‍ദീപ് സിങ് പുരി മറുപടി പറഞ്ഞു. കോണ്‍ഗ്രസിന്റെ ‘യുവ’ നേതാവ് നാട്ടുകാര്‍ വിളിക്കുന്ന ചെല്ലപ്പേരിന് അര്‍ഹനാണെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണിതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഭാരതത്തില്‍ 35 പേര്‍ എതിരില്ലാതെ ജയിച്ച് എംപിമാരായിട്ടുണ്ട്. അതില്‍ പകുതിയും കോണ്‍ഗ്രസുകാരാണ്. ആ ചരിത്രം മനസിലാക്കിയാലെങ്കിലും അദ്ദേഹത്തിന് ജനാധിപത്യത്തില്‍ വിശ്വാസം ഉണ്ടാകട്ടെ. രാഹുലിന്റെ സഖ്യകക്ഷികളായ ഫാറൂഖ് അബ്ദുള്ള 1980ലും ഡിംപിള്‍ യാദവ് 2012ലും ജയിച്ചത് അങ്ങനെയാണെന്ന് അറിയുമ്പോഴെങ്കിലും ‘യുവ’ നേതാവിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തില്‍ മാറ്റമുണ്ടാകട്ടെ, ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഭരണഘടനയുടെ സുരക്ഷിതത്വത്തെച്ചൊല്ലിയുള്ള രാഹുലിന്റെ നിലവിളി പരിഹാസ്യമാണ്. ചരിത്രത്തില്‍ നിന്ന് മാത്രമല്ല, സ്വന്തം മുന്നണിയില്‍ നിന്ന് പോലും അദ്ദേഹം പാഠം പഠിക്കുന്നില്ല. സൗത്ത് ഗോവയിലെ ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ വിരിയതോ ഫെര്‍ണാണ്ടസ് ഭരണഘടനയെ തള്ളിക്കൊണ്ട് ഗോവയിലെ ജനങ്ങള്‍ക്ക് ഇരട്ടപൗരത്വം വേണമെന്ന് ആവശ്യപ്പെടുന്നത് രാഹുല്‍ കേട്ടിട്ടുണ്ടാവില്ല, ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: