പുട്ടപര്‍ത്തിയിലെ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങള്‍ കാണാന്‍ ഭാഗ്യമുണ്ടായി. ബീഹാറിലെ സായി ഭക്തനായിരുന്നു സംഘാടകര്‍. പ്രശാന്തിനിലയം പണ്ടേപ്പോലെ തന്നെ. ഓണവും ക്രിസ്മസും ബക്രീദുമൊക്കെ ആചരിക്കപ്പെടുന്നു. സത്യസായിബാബയുടെ ദര്‍ശനവും ഭാഷണവുമില്ലെന്നു മാത്രം. ഭഗവാന്റെ തിരോഭാവം അനുഭവപ്പെടാതിരിക്കാനുള്ള ചടുലവും ഊര്‍ജ്ജസ്വലവുമായ പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വം നടക്കുന്നു. അദൃശ്യശക്തിയുടെ അന്തര്‍നിഹിതമായ രസതന്ത്രം അന്തരീക്ഷത്തിലെമ്പാടും. ഭക്തര്‍ക്ക് കുറവില്ല, ചിട്ടവട്ടങ്ങള്‍ക്കൊന്നും മാറ്റമില്ല. സര്‍വവ്യാപി സര്വജ്ഞന്, സര്വന്ത്യര്യാമി, തുടങ്ങിയ സ്വരപ്രശംസകള് ആധ്യാത്മികശാസ്ത്രത്തില് അതിശയോക്തിപരമല്ലല്ലോ.
രണ്ടു നൂറ്റാണ്ടുകളെ ബന്ധിപ്പിക്കുന്ന ആത്മീയതയുടെ മേല്‍പ്പാലമാണ് ശ്രീസത്യസായിബാബ നിര്‍മ്മിച്ചത്. ഭാരതത്തിന്റെ യുഗ സംസ്കൃതിയെ സംരക്ഷിച്ചുകൊണ്ട് ആധുനിക ശാസ്ത്രത്തിന്റെയുംസാങ്കേതിക വിദ്യയുടേയും തികവും മികവും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഭഗവാന് ഈ പാലം പണി പൂര്‍ത്തീകരിച്ചത്. പാലം അപകടത്തില്‍, ഭാരം ഇറക്കി പോവുക എന്ന മുന്നറിയിപ്പ് ഒരിക്കലും ഇവിടെ വേണ്ട. എത്ര ലോകരാഷ്ട്രങ്ങള്‍ ഇപ്പോഴും ഇവിടെ അക്കരയിക്കരെ കടക്കുന്നു.
അവതാരങ്ങള്‍ ഭാരതത്തിന്റെ ധന്യോപലബ്ധികളായ ചരിത്ര വിസ്മയങ്ങള്‍. അതിവിശിഷ്ടമായ ദശാവതാരങ്ങള്‍ ഓര്‍മ്മിക്കാം. മഹാപുരുഷന്മാരൊക്കെയും നമുക്ക് അവതാരങ്ങളല്ലേ? അവതാരത്തിന്റെ പകരംപദമാണ് ഭഗവാന്. വിഷ്ണുപുരാണമാണ് രണ്ടിനും ലക്ഷണം നല്‍കിയിരിക്കുന്നത്.
ഐശ്വര്യം, ധര്‍മ്മം, യശസ്, ശ്രീ, ജ്ഞാനം, വിജ്ഞാനം, വൈരാഗ്യം എന്നീ ഗുണങ്ങളാണ് ഭഗ ശബ്ദം വിവക്ഷിക്കുന്നത്. ഇവ ആറും ആരിലുണ്ടോ ആ വ്യക്തി യത്രേ ഭഗവാന്. പോരാ ഇതും കൂടി ശ്രദ്ധിക്കണം:
ഉല്പത്തിം നിധനം ചൈവ
ഭൂതാനാമഗതിം ഗതിം
വേത്തി വിദ്യാ മവിദ്യാം ച
സവാച്യോ ഭഗവാനിതി
(വിഷ്ണു പുരാണം)
ഉല്പത്തി, പ്രളയം, ജീവികളുടെ വരവും പോക്കും, വിദ്യയും അവിദ്യയും മറ്റും സുവ്യക്തമായി അറിയുന്നവന് ഭഗവാന്. ശ്രീ സത്യസായിബാബ ഭഗവാനാകുന്നു. ഒരു ജന്മദിന സന്ദേശത്തില്‍ ഭഗവാന് ഇങ്ങനെ പറഞ്ഞു:
പുരുഷന്മാരില് ഞാന്‍ പുരുഷന്, സ്ത്രീകളുടെ ഇടയില്‍ ഞാനൊരു സ്ത്രീ, ബാലകരുടെ ഇടയില്‍ ഞാനൊരു ബാലന്. എന്നെ അളന്നു നോക്കാന്‍ ആരും ശ്രമിക്കരുത്. നിങ്ങള്‍ സ്വയം സ്വന്തം അളവ് കണ്ടെത്തുക. ആത്മസാക്ഷാത്കാരമാണ് മഹത്തരം. ആത്മാന്വേഷകരോടായി ഭഗവാന് ഇങ്ങനെ പറഞ്ഞു:
Love all serve all
Help ever hurt never
അദ്ധ്യാത്മ വിദ്യാലയത്തിലെ ഒന്നാം പാഠമാണിത്. ദ്രോഹിക്കുന്ന ജനത്തെയും സ്നേഹിക്കാന്‍ കഴിയുക. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുക. പറയാനെന്തെളുപ്പം. പ്രാവര്‍ത്തികമാക്കാനോ? പ്രേമ സ്വരൂപലാരാ എന്ന് മാത്രമേ ഭഗവാന് നമ്മെ വിളിച്ചിട്ടുള്ളൂ. സായി ബാബയ്ക്ക് ശിഷ്യരില്ല.
സാധകര്‍ മാത്രം. ഒരു നോക്ക്, ഒരു വാക്ക്, ഒരു സ്പര്‍ശം, ഒരു സ്വപ്നം. സായിസന്നിധിയില് വ്യക്തി പരിവര്‍ത്തന വിധേയനാകുന്നു.
വിദ്യയ്ക്കും വൈദ്യത്തിനുമാണ് ഭഗവാന് ഏറെ ശ്രദ്ധ നല്‍കിയത്. അവതാര സാമ്രാജ്യത്തില്‍ എന്തും ഒന്നാന്തരമാവണമല്ലോ. ശ്രീ സത്യസായി ഹയര്‍ ലേണിങ്ങ് സെന്റര്‍ ഒരു ഡീംഡ് യൂണിവേഴ്സിറ്റിയാണ്. യൂണിയനില്ല, കൊടിയില്ല, വിചാരണയില്ല, കുഴിമാട നിര്‍മ്മിതിയില്ല. ജ്ഞാനവിജ്ഞാന ശോഭിതരായ അധ്യാപകര്‍ വിദ്യാര്‍ഥികളും. വിദ്യാഭ്യാസം ഏതു ഘട്ടത്തിലും തീര്‍ത്തും സൗജന്യം. ഹൃദയശസ്ത്രക്രിയ മാത്രം നടക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. ഒക്കെയും ഇവിടെ സൗജന്യം. ഹൃദയക്ഷേത്രമെന്നാരോ ഇതിനെ പണ്ട് വിശേഷിപ്പിച്ചിരുന്നു. പ്രശാന്തി നിലയത്തിലൊരു ഗ്രന്ഥശാലാ സമുച്ചയമുണ്ട്. റഫറന്‍സ് ലൈബ്രറിയില്‍ ലോകഭാഷകളിലുള്ള ഗ്രന്ഥങ്ങളെല്ലാമുണ്ട്.
പല ഭാഷകളുടെയും ലിപി അവിടെ വച്ചാണ് പരിചയപ്പെട്ടത്. ‘ചൈതന്യ ജ്യോതി’ എന്നൊരു മ്യൂസിയം. ജപ്പാനിലെ സായി ഭക്തര്‍ നിര്‍മ്മിച്ച് ഭഗവാന് സമര്‍പ്പിച്ച ഈ മന്ദിരത്തില്‍ ടെക്നോളജിയുടെ പൂര്‍ണത നമുക്ക് അനുഭവിയ്ക്കാം.
ഭഗവാന് ശ്രീ സത്യസായിബാബ പ്രഭാഷകന്‍ മാത്രമല്ല, ഗ്രന്ഥകാരന് കൂടിയാണ്. ഭഗവാന്റെ ഒരു വാഹിനീപരമ്പര തന്നെയുണ്ട്. ഗീതാവാഹിനി, ഉപനിഷദ്വാഹിനി, രാമകഥ രസവാഹിനി, ഭാഗവതവാഹിനി തുടങ്ങിയവ.ആധ്യാത്മികതയുടെ പ്രയോഗവിജ്ഞാനമാണിവ.
സായിബാബയ്ക്ക് ശിഷ്യരില്ലെന്ന് എഴുതിയല്ലോ. ശിഷ്യരില്‍ എന്നെഴുതിയ ആര്‍ക്കും സാധകരാവാം. ആത്മീയസാധനയാണ് ഇന്നത്തെ ഇടിഞ്ഞുപൊളിഞ്ഞ ലോകത്തില്‍ വേണ്ടത.് സായി സമാധിയില്‍ ഒരു പനിനീര്‍പ്പൂവിതള്‍ കൂടി സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: