യുവനായകന്… വാക്കുകളിലെ ഊര്‍ജമേറ്റുവാങ്ങി ആയിരക്കണക്കിന് യുവാക്കള്‍ പിന്നാലെ… ബെംഗളൂരു സൗത്ത് മണ്ഡലത്തിനാകെ യുവതേജസ്…. തെരഞ്ഞെടുപ്പ് പോരില്‍ ജനപ്രിയനായകന്റെ പരിവേഷമാണ് തേജസ്വി സൂര്യക്ക്. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നിന്നാണ് തേജസ്വി രാഷ്ട്രീയസമരങ്ങളുടെ മുന്‍നിരയിലേക്ക് കടന്നുവന്നത്. അതികായന്മാര് അണിനിരന്നുനിന്ന കര്‍ണാടകരാഷ്ട്രീയത്തിലേക്ക് പൊടുന്നനെ പൊട്ടിവീണതല്ല തേജസ്വി.
കര്‍ഷകരുടെ അവകാശങ്ങളില്‍, സംസ്ഥാനത്തെ വിദ്യാഭ്യാസ വിഷയങ്ങളില്‍, വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ ഒക്കെ ഇടപെട്ടും പൊരുതിയും കയറിവന്നതാണ് ആ ജീവിതം. കര്‍ണാടക ഹൈക്കോടതിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ നീതി പുലര്ന്നവരുടെ കൂടി നായകനായതാണ് രാജ്യത്ത് യുവമോര്‍ച്ചയുടെ അമരക്കാരനായി മാറിയ തേജസ്വിയുടെ ജീവിതഗാഥ.
ആശയങ്ങളെ എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും തേജസ്വി സൂര്യ ജനമനസിലേക്ക് എത്തിച്ചു. രാജ്യത്തെ സര്‍വകലാശാലകളില്‍ ഭാരതീയ നാഗരികതയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളെ സാധാരണക്കാരിലേക്ക് സരളവും ഊര്‍ജ്ജസ്വലവുമായ ഭാഷയില്‍ തേജസ്വി പകര്‍ന്നു. 2014ല്‍ മോദിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ക്ക് നേതൃത്വം നല്കി നിര്‍ണായകപങ്ക് വഹിച്ചു അദ്ദേഹം. നൂറിലധികം പൊതുപരിപാടികളില്‍ പങ്കെടുത്തു. യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകളുടെ യോഗങ്ങള്‍ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച്, യുവസംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തിയ മോദി പ്രഭാവത്തെക്കുറിച്ച്, സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന പ്രീണനരാഷ്ട്രീയത്തെക്കുറിച്ച് തേജസ്വി പറയുമ്പോള്‍ ജനങ്ങള്‍ ഹൃദയം കൊടുത്താണ് അത് കേള്‍ക്കുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് ലോകത്ത് അഴിമതിയുടെ പ്രതിച്ഛായയില്‍ നിന്ന രാജ്യം ഇന്ന് അഭിമാനത്തിന്റെ കൊടി പറത്തുകയാണെന്ന് തേജസ്വി കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നു.
കള്ളപ്പണത്തിനെതിരെ ജനചേതനാ യാത്രയുമായി 2010ല്‍ പൊതുരംഗത്തിറങ്ങിയ തേജസ്വി 2018ല്‍ കര്‍ണാടക സംസ്ഥാന തെഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ടീം രൂപീകരിച്ച് നവമാധ്യമമുന്നേറ്റത്തിനും ചുക്കാന്‍ പിടിച്ചു. 1991 മുതല്‍ ബിജെപിയുടെ കോട്ടയാണ് ബെംഗളൂരു സൗത്ത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുള്പ്പെട്ട് എട്ട് നിയമസഭാ സീറ്റുകളില്‍ അഞ്ചും ബിജെപിയാണ് നേടിയത്. മൂന്നില്‍ കോണ്‍ഗ്രസ് ജയിച്ചു. മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: