ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ വെള്ളിയാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 ലോക്‌സഭാ സീറ്റുകളിലാണ് 26ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്, കര്‍ണ്ണാടക, അസം, ബീഹാര്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്‌ട്ര, ത്രിപുര, മണിപ്പൂര്‍, കേരള, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന രണ്ടാംഘട്ടത്തില്‍ മൂന്നില്‍ രണ്ട് സീറ്റുകളും ബിജെപിക്ക് വിജയമുറപ്പിച്ചവയാണ്. ദക്ഷിണ കര്‍ണ്ണാടകയിലെ ഉഡുപ്പി ചിക്കമംഗലൂര്‍, ഹാസന്‍ മുതല്‍, മൈസൂരും മാണ്ഡ്യയും ബംഗളൂരു നഗരമണ്ഡലങ്ങളും കോളാറും അടക്കമുള്ള 14 ലോക്‌സഭാ സീറ്റുകളിലാണ് 26ന് വോട്ടെടുപ്പ് നടക്കുന്നത്. ഇവയില്‍ ബഹുഭൂരിപക്ഷവും നിലവില്‍ ബിജെപി മണ്ഡലങ്ങളാണ്. മധ്യപ്രദേശിലെ ഖജരാഹോ, സത്‌ന അടക്കമുള്ള ബിജെപി ശക്തികേന്ദ്രങ്ങളും ഈ ഘട്ടത്തില്‍ ബൂത്തിലെത്തുന്നുണ്ട്. വാര്‍ദ്ധയും പട്ടികജാതി സംവരണ മണ്ഡലമായ അമരാവതിയും അടക്കം മഹാരാഷ്‌ട്രയിലെ എട്ടു മണ്ഡലങ്ങളും ജമ്മു ലോക്‌സഭാ സീറ്റും ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലവും രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നു. ഛത്തീസ്ഗഡിലെ മുന്‍മുഖ്യമന്ത്രി ഡോ. രമണ്‍സിങിന്റെ തട്ടകമായ രാജ്‌നന്ദ്ഗാവ്, മഹാസമുദ്, കാങ്കര്‍ എന്നിവയും രാജസ്ഥാനിലെ അജ്മീര്‍, ജോധ്പൂര്‍, ഉദയ്പൂര്‍, ചിത്തോര്‍ഗട്ട്, കോട്ട, സവായ് മാധേപൂര്‍ മേഖലയും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. പതിറ്റാണ്ടുകളായി ബിജെപിക്കൊപ്പമുള്ള ബംഗാളിലെ ഡാര്‍ജലിംഗ് അടക്കമുള്ള മൂന്നു മണ്ഡലങ്ങള്‍, കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങള്‍, യുപിയിലെ മീററ്റ്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, അലിഗട്ട്, മഥുര തുടങ്ങിയ പ്രദേശങ്ങള്‍, അസമിലെ സില്‍ച്ചര്‍, കരീംഗഞ്ച്, ബീഹാറിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മുസ്ലിംഭൂരിപക്ഷ മണ്ഡലം കിഷന്‍ഗഞ്ച്, പുര്‍ണിയ, ഭഗല്‍പൂര്‍ എന്നിവയും രണ്ടാംഘട്ടത്തില്‍ പോളിംഗ്ബൂത്തിലെത്തും. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ജോധ്പൂരില്‍ നിന്നും ഹേമമാലിനി മഥുരയില്‍ നിന്നും മുന്‍ ഛത്തീസ്ഗട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രാജ്‌നന്ദ്ഗാവില്‍ നിന്നും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയില്‍ നിന്നും തേജസ്വി സൂര്യ ബംഗളൂരു സൗത്തില്‍ നിന്നും ജനവിധി തേടുന്നുവെന്നതും രണ്ടാംഘട്ടത്തെ ശ്രദ്ധേയമാക്കുന്നു.
21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഏപ്രില്‍ 19ന് പൂര്‍ത്തിയായത്. ഇതില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. പത്തു സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ വോട്ടെടുപ്പ് ആദ്യഘട്ടത്തോടെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. അറുപത്തഞ്ചു ശതമാനത്തിനു മുകളിലാണ് ആദ്യഘട്ടത്തിലെ വോട്ടിംഗ് ശതമാനം. രണ്ടാംഘട്ടത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മുഖ്യപ്രതിക്ഷമായ ഇന്‍ഡി സഖ്യത്തിലെ ഭിന്നത കൂടുതല്‍ രൂക്ഷമാവുകയാണ്. ഝാര്‍ഖണ്ഡില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി പിരിഞ്ഞത് പ്രതിപക്ഷത്തിനാകെ നാണക്കേടായി. ഛത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. നേതാക്കള്‍ വേദിയില്‍ അസഭ്യം പറഞ്ഞും കസേരകള്‍ വലിച്ചെറിഞ്ഞും ഏറ്റുമുട്ടിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് അടിച്ചു. സംഘര്‍ഷം ഉറപ്പായതിനാല്‍ ഇന്‍ഡി മുന്നണിയുടെ പ്രധാനനേതാക്കളായ രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ റാലിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നാണക്കേട് മുന്‍കൂട്ടിക്കണ്ട് പരിപാടിക്കെത്തിയില്ല. ഇന്‍ഡി റാലിയില്‍ പ്രതിപക്ഷത്തിന്റെ പ്രകടന പത്രിക പുറത്തിറക്കാനുള്ള ശ്രമം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങുകയും ചെയ്തു. ജാതി സെന്‍സസ് വാഗ്ദാനം ചെയ്തുള്ള പത്രിക അംഗീകരിക്കില്ലെന്ന മമതയുടെ കടുംപിടുത്തം ഇന്‍ഡി സഖ്യത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളുടേയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പുകള്‍ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശനം ശക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതല്‍ ചൂടുപിടിച്ചിട്ടുണ്ട്. അധികാരക്കൊതിയന്മാരായ നേതാക്കളാണ് ഇന്‍ഡി സഖ്യമെന്ന പേരില്‍ ഒരുമിച്ചുകൂടിയിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് റാലികളിലെ പ്രധാനമന്ത്രിയുടെ പരിഹാസം. രാജ്യത്തെ ജനങ്ങള്‍ക്ക് ഇവരില്‍ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതോടെ പ്രതിപക്ഷ നേതാക്കള്‍ പരസ്പരം തല്ലിപ്പിരിയുമെന്നും പ്രധാനമന്ത്രി പരിഹസിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ള ആക്രമണവും പ്രധാനമന്ത്രി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തോട് ആ പാര്‍ട്ടി ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ ജനങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്നും മുന്നൂറു സീറ്റുകളില്‍ പോലും മത്സരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ മോദിയുടെ രാജസ്ഥാന്‍ പ്രസംഗം വലിയ തോതില്‍ വിവാദമാക്കാനാണ് പ്രതിപക്ഷ ശ്രമം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജനങ്ങളുടെ സമ്പത്ത് നല്‍കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം അനുവദിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിവാദമാക്കി രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമം. വീടുകളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങളടക്കം സ്വത്തുവകകള്‍ തിട്ടപ്പെടുത്തി തുല്യമായി വിതരണം ചെയ്യുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം അപകടകരമാണെന്നും പ്രധാനമന്ത്രി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. രാജ്യത്തെ വിഭവങ്ങളുടെ ആദ്യഅവകാശികള്‍ മുസ്ലിംകളാണെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വിവാദ പരാമര്‍ശവും പ്രധാനമന്ത്രി മോദി റാലിയില്‍ ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ താലിമാല പോലും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ സുരക്ഷിതമല്ലെന്ന് അലിഗഡ് റാലിയില്‍ മോദി ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഭരണത്തില്‍ ആരോടും വേര്‍തിരിവുകളുണ്ടാവില്ലെന്നും തെരഞ്ഞെടുപ്പ് റാലികളില്‍ മാത്രമേ രാഷ്‌ട്രീയം പറയൂ എന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ പ്രശസ്തമായ നിലപാട് ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളാണ് തെരഞ്ഞെടുപ്പ് ചൂട് ശക്തമാകുമ്പോള്‍ ദൃശ്യമാകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോള്‍ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള പോരാട്ടം സുരക്ഷാ സേനയും ശക്തമാക്കിയിരിക്കുകയാണ്. മൂന്നാമൂഴത്തില്‍ രണ്ടുവര്‍ഷം കൊണ്ട് മാവോയിസ്റ്റ് ഭീകരതയെ രാജ്യത്തുനിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന പ്രസ്താവന നടത്തി അമിത് ഷാ മാവോയിസ്റ്റ് വേട്ടയ്‌ക്കുള്ള ഉറച്ച പിന്തുണ വ്യക്തമാക്കിക്കഴിഞ്ഞു. ഛത്തീസ്ഗഡില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം 90 മാവോയിസ്റ്റുകളെ വധിക്കുകയും 123 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും കേന്ദ്രആഭ്യന്തരമന്ത്രി അറിയിച്ചു. നാലുമാസത്തിനിടെ കീഴടങ്ങിയത് 250ലേറെ മാവോയിസ്റ്റുകളാണ്. മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരായ അന്തിമ യുദ്ധത്തിലേക്ക് രാജ്യം കടന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിതെല്ലാം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നിടത്തോളം കാലം മാവോയിസ്റ്റുകള്‍ സുരക്ഷിതരാണന്ന കുറ്റപ്പെടുത്തലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നടത്തിയത്. ദേശദ്രോഹികളെ പിന്തുണയ്‌ക്കുന്നത് കോണ്‍ഗ്രസിന്റെ ശീലമാണെന്നും നദ്ദ കുറ്റപ്പെടുത്തുന്നു. ഈ വര്‍ഷം ഇതുവരെ മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിലെ ഏഴു ജില്ലകളിലായി 90 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഏപ്രില്‍ 16ന് കാങ്കര്‍ ജില്ലയില്‍ 29 നക്‌സലുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും ലളിതയും വിനോദ് ഗാവ്‌ഡെയും അടക്കമുള്ള സുപ്രധാന നേതാക്കളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. നക്‌സലിസത്തെ സമ്പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള വലിയ നടപടികളാണ് ഛത്തീസ്ഗഡ് മേഖലയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമാക്കുന്ന പ്രസ്താവനകളാണ് ബിജെപി നേതാക്കളില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാവുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിച്ച രണ്ടാമൂഴമാണ് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. മൂന്നാമൂഴത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നമായ മാവോയിസ്റ്റ് ഭീകരതയ്‌ക്ക് അന്ത്യം കുറിക്കാനുള്ള വലിയ പോരാട്ടത്തിലേക്ക് നരേന്ദ്രമോദിയും ബിജെപിയും കടക്കുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: