മാഡ്രിഡ്: ആവേശകരമായ എല്‍ ക്ലാസിക്കോയില്‍ വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന ഈ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. ഇഞ്ചുറി സമയത്ത് ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്. റയലിന്റെ മൈതാനത്ത് മികച്ച കളി പുറത്തെടുത്ത് രണ്ടു തവണ ലീഡെടുത്ത ബാഴ്സയ്ക്ക് ലാ ലിഗയിലെ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവമാണ് സമനില നഷ്ടമാക്കിയത്. ഇതോടെ ബാഴ്സ പരിശീലകനെന്ന നിലയിലെ സാവി ഹെര്‍ണാണ്ടസിന്റെ അവസാന എല്‍ ക്ലാസിക്കോ പരാജയത്തിന്റേതായി.
ബാഴ്സക്കായി ആറാം മിനിറ്റില്‍ ക്രിസ്റ്റിയന്‍സണും 69-ാം മിനിറ്റില്‍ ലോപ്പസും ഗോള്‍ നേടിയപ്പോള്‍ റയലിനായി 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിനീഷ്യസ് ജൂനിയറും 73-ാം മിനിറ്റില്‍ വാസ്ക്വെസും കളിയുടെ ഇഞ്ചുറി സമയത്ത് ജൂഡ് ബെല്ലിങ്ഹാമും ലക്ഷ്യം കണ്ടു. വിജയത്തോടെ രണ്ടാമതുള്ള ബാഴ്സലോണയേക്കാള്‍ ഒന്‍പത് പോയിന്റിന്റെ ലീഡ് റയിലിന് സ്വന്തമായി. റയലിന് 32 കളികളില്‍ നിന്ന് 81 പോയിന്റും ബാഴ്സക്ക് 70 പോയിന്റുമാണുള്ളത്. കളിയുടെ ആറാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍സണിലൂടെ ബാഴ്സ മുന്നിലെത്തി. റഫീഞ്ഞ്യ എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ക്രിസ്റ്റ്യന്‍സണിന്റെ ഗോള്‍.
17-ാം മിനിറ്റില്‍ വാസ്ക്വസിനെ കുബാര്‍സി ബോക്സില്‍ വീഴ്ത്തിയതിന് റയലിന് അനുകൂലമായി പെനാല്‍റ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 28-ാം മിനിറ്റിലായിരുന്നു ഗോള്‍ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ ബാഴ്സയുടെ ഗോള്‍ നിഷേധിക്കപ്പെട്ടത്. റഫീഞ്ഞ്യയുടെ ക്രോസ് ലാമിന് യമാല്‍ ഫ്ളിക് ചെയ്തത് റയല്‍ ഗോള്‍ ലുണിന് തട്ടിയകറ്റും മുമ്പ് ഗോള്‍വര കടന്നിരുന്നു. എന്നാല്‍ വാര് പരിശോധിച്ച റഫറി പന്ത് ഗോള്‍വര കടന്നെന്ന് സ്ഥീരീകരിക്കാന്‍ ഉതകുന്നതരത്തില്‍ ക്യാമറ ആംഗിള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഗോള്‍ നിഷേധിച്ചു.
രണ്ടാം പകുതിയില്‍ ബാഴ്സ വീണ്ടും മുന്നിലെത്തി. 69-ാം മിനിറ്റില്‍ ലാമിന് യമാലിന്റെ ഷോട്ട് ലുണില്‍ തട്ടിയകറ്റിയത് ഫെര്‍മിന്‍ ലോപ്പസ് വലയിലാക്കുകയായിരുന്നു. 73-ാം മിനിറ്റില്‍ ലൂക്കാസ് വാസ്ക്വസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. വിനീഷ്യസിന്റെ ക്രോസ് മികച്ചൊരു ഷോട്ടിലൂടെ വാസ്ക്വസ് വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ ആക്രമണം കടുപ്പിച്ച റയല്‍ ഒടുവില്‍ പരിക്ക് സമത്ത് ബെല്ലിങ്ങാമിലൂടെ വിജയഗോളും നേടി.
മറ്റൊരു മത്സരത്തില്‍ ഗിറോണയും മികച്ച വിജയം സ്വന്തമാക്കി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാഡിസിനെ തകര്‍ത്തു. ബാഴ്സയേക്കാള്‍ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ഗിറോണ. മറ്റ് കളികളില്‍ വിയ്യാറയല്‍ 2-1ന് അല്‍മേറിയയെ പരാജയപ്പെടുത്തിയപ്പോള്‍ ചാമ്പ്യന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ അത്ലറ്റികോ മാഡ്രിഡും പരാജയം ഏറ്റുവാങ്ങി. അലാവസാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: